തിരുവനന്തപുരം ∙ നേതാക്കളുടെ ഈസ്റ്റര്‍ ദിന സന്ദര്‍ശനത്തിന് പിന്നാലെ പോര്‍മുഖം തുറന്ന് ബിജെപിയും സിപിഎമ്മും. ബിഷപ്പിനെതിരായ നികൃഷ്ടജീവി പ്രയോഗത്തില്‍ പശ്ചാത്തപിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. സിപിഎം മുസ്‌ലിംവരിക്കപ്പെട്ടുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ ആരോപിച്ചു. ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുടെ പ്രസ്താവനകള്‍ രാഷ്ട്രീയ പിന്തുണയായി കാണേണ്ടെന്നായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസിന്‍റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ ക്രൈസ്തവ ദേവാലയം സന്ദർശിച്ചതിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് അതേ നാണയത്തിലായിരുന്നു വി.മുരളീധരന്‍റെ മറുപടി. ചൈനയിലുള്‍പ്പെടെ നടക്കുന്ന ക്രൈസ്തവ വേട്ടയെ മുഖ്യമന്ത്രി തള്ളിപ്പറയുമോ എന്നു മുരളീധരൻ ചോദിച്ചു. അതേസമയം, ആര്‍എസ്‌എസിന്‍റെ വിചാരധാരയും സര്‍സംഘചാലകിന്‍റെ ലേഖനവുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ ചോദ്യങ്ങളില്‍നിന്നു കേന്ദ്രമന്ത്രി ഒഴിഞ്ഞുമാറി.
മന്ത്രി മുഹമ്മദ് റിയാസിനെ കടന്നാക്രമിച്ച കെ.സുരേന്ദ്രന്‍ മുസ്‌ലിം തീവ്രവാദ സംഘടനകളുടെ പിന്തുണയോടെ ഭരണമുറപ്പിക്കാനുള്ള സിപിഎം നീക്കത്തിന്‍റെ ഭാഗമാണ് വിമര്‍ശനങ്ങളെന്ന് ആരോപിച്ചു. പ്രധാനമന്ത്രി വിവേചനം കാണിക്കില്ലെന്ന് ക്രൈസ്തവര്‍ തിരിച്ചറിഞ്ഞതായി കേരളത്തിന്‍റെ പ്രഭാരി പ്രകാശ് ജാവഡേക്കര്‍ ട്വിറ്ററില്‍ കുറിച്ചു. കേരളത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും സംഘപരിവാര്‍ രാഷ്ട്രീയത്തെപ്പറ്റി ധാരണയുണ്ടെന്നു മുഹമ്മദ് റിയാസ് ആവര്‍ത്തിച്ചു.
ബിജെപി നേതാക്കളുടെ ഈസ്റ്റര്‍ ദിന സന്ദര്‍ശനങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ‘‘ബിജെപിയുടെ മോഹം ഇവിടെ നടക്കില്ല. ബിജെപിയുടെ തനിനിറമെന്തെന്ന് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അറിയാം. കേരളത്തില്‍ ക്രൈസ്തവ വേട്ട നടക്കാതെ പോയത് സര്‍ക്കാരിന്റെ ശക്തമായ നിലപാട് മൂലമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ഡൽഹിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിച്ചത് നല്ലകാര്യമാണ്. എങ്ങനെയെന്നാൽ ഇതുവരെയുള്ളതിന് പ്രായശ്ചിത്തമാകുമെങ്കിൽ. ആകുമോ? മറ്റേ രുചി അറിഞ്ഞ പുലി വേറൊരു വഴി സ്വീകരിക്കുമോ. ആ വഴിക്കു തന്നെയല്ലേ അത് സഞ്ചരിക്കുക’’– പിണറായി വിജയൻ പറഞ്ഞു.