22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയതായി മന്ത്രി ജി. ആർ. അനിൽ
Kerala

കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയതായി മന്ത്രി ജി. ആർ. അനിൽ

കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ദൽഹിയിൽ സന്ദർശനം നടത്തി കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ആന്ധ്ര – തെലുങ്കാന സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന ജയ – സുരേഖ ഇനത്തിൽപ്പെട്ട അരി FCI വഴി സംഭരിച്ചു നൽകണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ഭക്ഷ്യ സെക്രട്ടറിയെ ധരിപ്പിച്ചു. FCI യിൽ നിന്നും ഗ്രേഡിംഗ് അനുസരിച്ച് ‘കോമൺ’ അല്ലെങ്കിൽ ”ഗ്രേഡ് എ” എന്നിവയിൽ ഏതാണ് ആവശ്യമായി വരുക എന്നത് കൃത്യമായി ധരിപ്പിക്കുകയാണെങ്കിൽ എഫ്.സി.ഐ വഴി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പ് സെക്രട്ടറി ഉറപ്പ് നൽകി.

റേഷൻ കടകളിൽ കെട്ടിക്കിടക്കുന്ന PMGKAY അരി NFSA കാർഡുടമകൾക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതിയ്ക്കായി കേന്ദ്ര സർക്കാരിന് മന്ത്രി നിവേദനം നൽകി. ഈ ആവശ്യം അടിയന്തരമായി പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകി.

സംസ്ഥാനത്തിനുള്ള സബ്സിഡി, നോൺ സബ്സിഡി മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യത്തിൻമേൽ സബ്സിഡി മണ്ണെണ്ണയുടെ വിഹിതം കേരളത്തിനു മാത്രമായി വർധിപ്പിക്കാൻ കഴിയില്ലെന്നും എന്നാൽ നോൺ സബ്സിഡി ഇനത്തിൽ അനുവദിക്കുന്ന മണ്ണെണ്ണ സംസ്ഥാനം വിട്ടെടുക്കുന്ന മുറയ്ക്ക് കൂടുതൽ അനുവദിക്കാമെന്നും കേന്ദ്രം അറിയിച്ചു. മത്സ്യബന്ധനം ഉപജീവനമാക്കിയ സംസ്ഥാനത്തെ മത്സ്യതൊഴിലാളികൾക്ക് കൂടുതൽ മണ്ണെണ്ണ അനുവദിക്കണമെന്നും മന്ത്രി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ മണ്ണെണ്ണയുടെ ഉപഭോഗം പൂർണമായി ഒഴിവാക്കുന്നതിനുള്ള നടപടികൾ സംസ്ഥാനം സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയുണ്ടായി. ഇതിനായി BPCL- ലുമായി ബന്ധപ്പെട്ട് LPG ഉപയോഗിച്ചിട്ടുള്ള On board engine ഉപഭോഗം വ്യാപകമാക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. വീടുകളിൽ മണ്ണെണ്ണ വിളക്കിന് പകരം ഗ്യാസ് ഉപയോഗിക്കുന്ന നടപടി ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ് കേന്ദ്ര നിലപാട്. സബ്സിഡൈസ്ഡ് മണ്ണെണ്ണ ഇപ്പോൾ ലഭ്യമാകുന്ന തരത്തിലാണെങ്കിൽ മൂന്നു മാസത്തിലൊരിക്കൽ കാൽ ലിറ്റർ മാത്രമേ റേഷൻ കാർഡുടമകൾക്ക് നൽകാൻ കഴിയുകയുള്ളൂ എന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തി. സംസ്ഥാന സർക്കാർ രേഖാമൂലം ആവശ്യപെടുകയാണെങ്കിൽ നാല് ക്വാർട്ടറുകളിൽ നൽകുന്ന മണ്ണെണ്ണ (1944 × 4 കിലോലിറ്റർ) ആറ് മാസത്തിലൊരിക്കൽ രണ്ട് ഘട്ടമായി നൽകുന്നതിന് തടസമില്ലെന്ന് കേന്ദ്രം അറിയിച്ചു.

സി.എം.ആർ അരി സമ്പുഷ്ടീകരിച്ച് നൽകണം എന്ന കേന്ദ്ര സർക്കാർ നിർദേശം പൂർത്തീകരിക്കുന്നതിന് ജൂൺ 30 വരെ സമയം അനുവദിച്ചു. ജൂൺ 30 നകം അംഗീകൃത മിൽ ഓണർമാർക്ക് സമ്പുഷ്ടീകരിച്ച അരി കെർണൽ (FRK) വാങ്ങി നൽകുന്നതിന് NAFED-നെ സമീപിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ലീഗൽ മെട്രോളജിയുടെ 2012-ലെ ചട്ടങ്ങളിൽ സംസ്ഥാന സർക്കാർ വരുത്താൻ ഉദേശിക്കുന്ന ഭേദഗതികൾക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ഉടൻ ഉണ്ടാകുമെന്നും മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.

Related posts

കെഎസ്ആർടിസി ശമ്പളക്കരാറിൽ ഒപ്പ് വെച്ചു

Aswathi Kottiyoor

കേരളം രാജ്യത്തിന് മുന്നേ സഞ്ചരിച്ച് ‘ഇ വി പോളിസി’ അംഗീകരിച്ച സംസ്ഥാനം: പി രാജീവ്

Aswathi Kottiyoor

കൊട്ടിയൂര്‍ പീഡനക്കേസില്‍ റോബിന്‍ വടക്കുംചേരിക്ക് ജാമ്യമില്ല, ഇരയുടെ ഹര്‍ജിയും തള്ളി

Aswathi Kottiyoor
WordPress Image Lightbox