കോഴിക്കോട്∙ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്റണി കുഴിയാനയാണെന്ന കെ.സുധാകരന്റെ വിമർശനത്തിനെതിരെ കേന്ദ്രമന്ത്രി വി.മുരളീധരൻ. കെ.സുധാകരൻ ആരെയാണ് കുഴിയാനയെന്ന് വിളിച്ചത്? അനിൽ ആന്റണിയെയാണെങ്കിൽ എ.കെ. ആന്റണിയും കുഴിയാനയല്ലേ? എ.കെ.ആന്റണി ആദർശ ധീരനായ നേതാവാണ്. കെ.സുധാകരന്റെ സൈബർ സംഘമാണ് എ.കെ.ആന്റണിയെ ആക്രമിക്കുന്നത്. ഇനിയും നേതാക്കൾ ബിജെപിയിലേയ്ക്ക് വരുമെന്നും വി മുരളീധരൻ പറഞ്ഞു.
എലത്തൂർ ട്രെയിൻ ആക്രമണ കേസിൽ കേരള പൊലീസിനെതിരെ മുരളീധരൻ രൂക്ഷവിമർശനം നടത്തി. പ്രതി കേരളം വിട്ട് പോയത് സംസ്ഥാന പൊലീസിന്റെ കാര്യക്ഷമമായ നടപടികൾ ഉണ്ടാവാത്തതിനാലാണ്. സംഭവത്തിൽ ഇപ്പോഴും ദുരൂഹതകൾ തുടരുകയാണ്. വിവിധ അന്വേഷണ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികൾ പ്രാഥമിക അന്വേഷണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.