വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിന്റെ തുടർപ്രവർത്തനത്തിന് ഹഡ്‌കോയിൽനിന്ന് 3600 കോടി രൂപ വായ്‌പ നൽകും. ഇതിനായി വിഴിഞ്ഞം അന്താരാഷ്ട്ര സീ പോർട്ട് ലിമിറ്റഡി (വിസിൽ)ന് വായ്‌പാ ഗ്യാരന്റി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റെയിൽ, റോഡ് കണക്ടിവിറ്റി ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങൾക്കായാണ് തുക നൽകുന്നത്. ബാലരാമപുരത്തുനിന്ന് തുറമുഖത്തേക്കുള്ള റെയിൽപാതയുടെ വിശദ പദ്ധതിരേഖയ്‌ക്ക് റെയിൽവേ ബോർഡ് അംഗീകാരമായി. 1000 കോടി രൂപയുടേതാണ് പദ്ധതി. 100 കോടി രൂപ മുൻകൂർ നൽകണം.
തീരമേഖലയിൽ ബ്രേക്ക് വാട്ടർ പദ്ധതി പൂർത്തീകരണത്തിന് 1350 കോടിയാണ് അടങ്കൽ. വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി നടന്ന ചർച്ചയിൽ ഉയർന്ന ആവശ്യമാണ് കടലാക്രമണം തടയണമെന്നത്. മീൻപിടിത്ത തുറമുഖ സംരക്ഷണത്തിന്റെ ബ്രേക്ക് വാട്ടർ നിർമാണത്തിന് 170 കോടി വിനിയോഗിക്കും. അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ആവശ്യത്തിന് നാലു ഹെക്ടർ ഭൂമികൂടി ഏറ്റെടുക്കണം. വയബിലിറ്റി ഗ്യാപ് ഫണ്ടായി 816 കോടിയും വേണം. റിസർവ് ബാങ്ക് നിശ്ചയിക്കുന്ന നിരക്കിലായിരിക്കും വായ്‌പ ലഭ്യമാകുക. ആവശ്യാനുസരണം പണം എടുക്കാം. അതതു സമയത്തെ പലിശയേ ബാധകമാകൂ. 15 വർഷത്തിനുശേഷം വായ്‌പാമുതൽ തിരിച്ചടവ് ആരംഭിക്കും. അതുവരെ സർക്കാർ പലിശ ലഭ്യമാക്കും. 20 വർഷം കഴിഞ്ഞാൽ വിസിൽ കമ്പനിക്ക് തുറമുഖ വരുമാനം ലഭ്യമായിത്തുടങ്ങും. അതുവരെ സർക്കാർ നൽകുന്ന പലിശ വിസിൽ കമ്പനി മടക്കി നൽകണം. ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ 1000 കോടിയിലേറെ ചെലവിട്ടിട്ടുണ്ട്. 100 കോടി രൂപ പുനരധിവാസത്തിന് വിനിയോഗിച്ചു. പദ്ധതിമേഖലയിൽ കുടിവെള്ള, വൈദ്യുതി വിതരണ സംവിധാനം ഒരുക്കിയതും സർക്കാരാണ്.