ആദിവാസികൾക്കായി സർക്കാർ ഒരുക്കിയ പട്ടികജാതി – വർഗ പ്രത്യേക കോടതിയിൽ മധുവിനു നീതി കിട്ടിയോ? ഇല്ല. ഞാൻ ഉറക്കെത്തന്നെ പറയും. ഇതു ഞങ്ങൾക്ക് അനുകൂലമായ വിധിയില്ല. ഞങ്ങളുടെ കോടതിയിൽ നിന്നു നീതി കിട്ടിയില്ലെങ്കിൽ ഞങ്ങൾ എവിടെപ്പോകും? പിന്നെ ആരു തരും നീതി?
ഇതു ഞങ്ങളുടെ കാടാണ്. ആ കാട്ടിൽ നിന്നാണു മധുവിനെ പിടിച്ചുകൊണ്ടുപോയത്. ഞങ്ങളെ കാട്ടിൽ നിന്ന് ഇറക്കണമെന്ന് പലർക്കും ആശയുണ്ടെന്ന് അറിയാം. ആദിവാസികൾ എന്നും അടിച്ചമർത്തപ്പെട്ടവരാണെന്ന ചിന്തയുണ്ട് പലർക്കും.
ഇപ്പോഴും അട്ടപ്പാടിയിൽ മാനസികപ്രശ്നങ്ങളുമായി നടക്കുന്നവരുണ്ട്. മോഷ്ടിച്ചു എന്നു പറഞ്ഞ് അവരെയും തല്ലിക്കൊന്നാലോ. ചെറുപ്പം മുതൽ വേദന മാത്രം അനുഭവിച്ച ഞങ്ങൾ വെല്ലുവിളികളെ അതിജീവിച്ചു മുന്നോട്ടു പോകും. സുപ്രീം കോടതിയിൽ പോയാലും പ്രതികൾക്കെല്ലാം കൂടുതൽ ശിക്ഷ വാങ്ങിക്കൊടുക്കും.
കള്ളനെപ്പോലെ എന്റെ സഹോദരൻ നാട്ടുകാർക്കു മുന്നിൽ മർദനമേറ്റ മുക്കാലിയിൽ അവനൊരു സ്മാരകം ഉയരും. ഇനിയൊരാളും മധുവിനെപ്പോലെ തെരുവിൽ തല്ലുകൊണ്ടു മരിക്കരുത്. അട്ടപ്പാടിയിൽ അലഞ്ഞു നടക്കുന്നവരെ സംരക്ഷിക്കാൻ മാനസികാരോഗ്യകേന്ദ്രവും എന്റെ സ്വപ്നമാണ്. സർക്കാരിനോടും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്.