22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മധു വധക്കേസ് വിധി: സംഘടിത അക്രമികൾക്കുള്ള മുന്നറിയിപ്പ്
Uncategorized

മധു വധക്കേസ് വിധി: സംഘടിത അക്രമികൾക്കുള്ള മുന്നറിയിപ്പ്

ചില സംശയങ്ങൾ ബാക്കിയാണെങ്കിലും മധുവിന്റെ കേസിൽ മണ്ണാർക്കാട് കേ‍ാടതിയിൽ നിന്നുണ്ടായ വിധി ആശാവഹവും ആദിവാസികൾക്കു നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായ ശക്തമായ താക്കീതും സംഘടിത അക്രമികൾക്കുള്ള മുന്നറിയിപ്പുമാണ്.

കേന്ദ്രസർക്കാരിന്റെ ദേശീയ ഗ്രാമീണദൗത്യം (എൻആർഎൽഎം) പദ്ധതിയുടെ ഭാഗമായും അല്ലാതെയും വിവിധ സംസ്ഥാനങ്ങളിൽ വർഷങ്ങളായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്നതിന്റെ അനുഭവത്തിൽ പറയട്ടെ, ഇത്തരമെ‍ാരു കേസിൽ സാധാരണയിൽ കവിഞ്ഞ വിധിയാണിത്. നിയമവശങ്ങളെക്കുറിച്ചു പറയാൻ ഞാൻ പ്രാപ്തയല്ല. മറ്റിടങ്ങളിലെ ഉൾപ്പെടെ ഇത്തരം നിരവധി കേസുകളുടെ തുടക്കവും ഒടുക്കവും കണ്ടും കേട്ടുമുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ.

കെ‍ാലക്കുറ്റം ചുമത്താത്തതിന് എതിരെയും പ്രതികൾക്കു കൂടുതൽ ശിക്ഷ ലഭിക്കാനും സർക്കാർ അപ്പീൽ പേ‍ാകുമെന്ന് ആദിവാസികളെപ്പോലെ ഞാനും പ്രതീക്ഷിക്കുന്നു. നിരാശരാണെന്നു മധുവിന്റെ അമ്മ മല്ലിയും സഹേ‍ാദരി സരസുവും പ്രതികരിച്ചത് അവരുടെ തീവ്രാനുഭവങ്ങളിൽ നിന്നുകൊണ്ടാണ്. പല ആദിവാസി അമ്മമാരും ഏതാണ്ട് ഇതുപേ‍ാലെയെ‍ാക്കെയാണു കഴിയുന്നതെന്നു കേന്ദ്രസർക്കാരിന്റെ സ്പെഷൽ പ്രേ‍ാജക്ടിന്റെ ഒ‍ാഫിസറായി 4 വർഷത്തിലധികം അട്ടപ്പാടിയിൽ ജേ‍ാലി ചെയ്തതിന്റെ അടിസ്ഥാനത്തിൽ പറയാൻ കഴിയും.

പരിഷ്കൃതർക്കും പ്രശ്നങ്ങൾക്കുമിടയിൽ നിസ്സഹായരായ ഒരു ജനതയുടെ പ്രതീകമാണു മധു. മധുവിന്റേതു തികച്ചും സാധാരണ മരണമാക്കി മാറ്റാനുള്ള നീക്കങ്ങളും സമ്മർദവുമാണ് അന്നു നടന്നത്. എന്നാൽ പിന്നീട് ആദിവാസി, ദലിത് വിഭാഗങ്ങൾക്കിടയിൽ മാത്രമല്ല രാജ്യത്തിന്റെ നിയമ, അക്കാദമിക് മേഖലയിലും വലിയ ചർച്ചയായി മാറി. എങ്ങുമെത്താതെ അവസാനിക്കുമായിരുന്ന ആ മരണത്തിന് ഇത്രയെങ്കിലും അടിത്തറയുണ്ടാകാൻ കാരണം അന്ന് അവിടെ നടന്ന അതിശക്തമായ ആദിവാസി മുന്നേറ്റവും സമരവുമാണ്. ഞാൻ, സംസ്ഥാന അധികാരികളുടെയും രാഷ്ട്രീയക്കാരുടെയും നേ‍ാട്ടപ്പുള്ളിയായതും ആ പ്രക്ഷേ‍ാഭത്തിനു ശേഷമാണ്. മറ്റെ‍ാരു വിഭാഗത്തിനും എതിരായിരുന്നില്ല സമരം. നാട്ടുകാരും സഹകരിച്ചു. മാധ്യമങ്ങളും കേസിൽ കൂടെ നിന്നു.

ഡൽഹിയിലെ ഔദ്യേ‍ാഗിക പരിപാടിക്കുശേഷം അട്ടപ്പാടിയിലേക്കു മടങ്ങവേ കേ‍ായമ്പത്തൂരിലെത്തിയപ്പേ‍ാഴാണ്, സ്പെഷൽ പ്രേ‍ാജക്ടിന്റെ കുറുംബമേഖലാ ഫീൽഡ് വർക്കർ ലക്ഷ്മി, മുക്കാലിയിൽ കുറെ ആളുകൾ കൂടി നിൽക്കുന്നുവെന്നും അവർ വയ്യാത്ത ആരെയേ‍ാ തല്ലുന്നുണ്ടെന്നും ഫേ‍ാണിൽ പറഞ്ഞത്. അരമണിക്കൂർ കഴിഞ്ഞപ്പേ‍ാഴേക്കും അതു മധുവാണെന്നും മരിച്ചുവെന്നും വിവരം ലഭിച്ചു. അഗളി പെ‍ാലീസ് സ്റ്റേഷനിലെത്തിയപ്പേ‍ാൾ ആദിവാസി സ്ത്രീകളും പുരുഷന്മാരും അവിടെയുണ്ടായിരുന്നു. മധുവിന്റെ മൃതദേഹമുണ്ടായിരുന്ന അഗളി ആശുപത്രിയിൽ ആദിവാസികൾ പ്രതിഷേധിച്ചു. കസ്റ്റഡി മരണമെന്നു പലരും പരാതിപ്പെട്ടു. ഇതിനിടെ, ഒരു സംഘം സമരക്കാർക്കെതിരെ തിരിഞ്ഞു.

മധുവിന്റേതു സ്വഭാവികമരണമെന്നായിരുന്നു ആദ്യപ്രചാരണം. ദുർബല വകുപ്പുകളനുസരിച്ചു കേസെടുത്തതിൽ പ്രതിഷേധിച്ചു പ്രഥമവിവര റിപ്പോർട്ടിന്റെ കോപ്പി ആദിവാസികൾ കീറിയെറിഞ്ഞു. അഗളി സ്റ്റേഷനു മുൻപിൽ ആദിവാസികളുടെ സമരപ്പന്തൽ ഉയർന്നു. മുൻപു കാണാത്ത രീതിയിലുളള പ്രക്ഷേ‍ാഭമാണ് അവിടെയുണ്ടായത്. ഉന്നത ഉദ്യേ‍ാഗസ്ഥർ ഇടപെട്ടു. മന്ത്രി എ.കെ.ബാലൻ നടപടികൾക്കു നിർദേശം നൽകി, പിന്നീട്, ആദിവാസികളുമായി ഐജി അടക്കമുള്ളവർ ചർച്ച നടത്തി.

പേ‍ാസ്റ്റ്മേ‍ാർട്ടത്തിനുശേഷം മൃതദേഹം നേരെ ഊരിലെത്തിച്ചു സംസ്കരിക്കാനുള്ള നീക്കത്തിലും ആദിവാസികൾ ഇടപെട്ടു. മൃതദേഹം അഗളി പെ‍ാലീസ് സ്റ്റേഷനു സമീപത്തെ പന്തലിൽ എത്തിച്ചു. കേസിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തിയതായി പെ‍ാലീസ് സമരക്കാരെ പന്തലിലെത്തി അറിയിച്ച്, പ്രഥമവിവര റിപ്പോർട്ട് വായിച്ചു കേൾപ്പിച്ച്, പകർപ്പ് അട്ടപ്പാടി ആദിവാസി ആക്‌ഷൻ കൗൺസിൽ നേതൃത്വത്തിനു കൈമാറി. വൈകിട്ടേ‍ാടെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തശേഷമാണു മൃതദേഹം സംസ്കരിച്ചത്.

ആളിക്കത്തുന്ന പ്രതിഷേധം തണുപ്പിക്കാൻ വകുപ്പുകളുടെ ഉന്നത സെക്രട്ടറിമാരുൾപ്പെടെ ഇടപെട്ടിരുന്നു. നിങ്ങളാണ് ആദിവാസികളെ നയിക്കുന്നതെന്ന് അവർ എന്നെ കുറ്റപ്പെടുത്തി. യഥാർഥത്തിൽ സമരത്തിൽ എനിക്കെ‍ാരു പങ്കുമില്ലായിരുന്നു. പക്ഷേ, എല്ലാറ്റിനും സാക്ഷിയായിരുന്നു. എല്ലാവരെയും ഉൾക്കെ‍ാണ്ടു നടത്തിയ സ്പെഷൽ പ്രോജക്ട് അവരിലുണ്ടാക്കിയ ആത്മവിശ്വാസം കുറച്ചായിരുന്നില്ല. ഇത്തരം കാര്യങ്ങളിൽ ഇനി നേ‍ാക്കിനിൽക്കരുതെന്ന ബേ‍ാധ്യം അവരിൽ ശക്തമായി, ചെറുത്തുനിൽപിന്റെ മനസ്സു രൂപപ്പെട്ടു.

മുഖ്യമന്ത്രി സ്ഥലത്ത് എത്തുന്നതിന് മുൻപു മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ഒ‍ാഫിസിൽ കുറിപ്പു നൽകി. അദ്ദേഹം വന്നു മടങ്ങിയതിനു പിറ്റേന്നു ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യേ‍ാഗസ്ഥസംഘമെത്തി. അവരിൽ കുടുംബശ്രീയുടെ ഒരു ഉന്നതഉദ്യേ‍ാഗസ്ഥൻ, ‘നിങ്ങളെന്താ മുഖ്യമന്ത്രിയാണേ‍ാ’ എന്നു ചേ‍ാദിച്ചു.

സാക്ഷികൾ തുടരെ കൂറുമാറിയപ്പേ‍ാൾ ജില്ലാ പെ‍ാലീസ് മേധാവി മുൻകയ്യെടുത്തു നടപ്പാക്കിയ സാക്ഷിസംരക്ഷണ സംവിധാനം (വിറ്റ്നെസ് പ്രൊട്ടക്‌ഷൻ സ്കീം) ശ്രദ്ധേയമാണ്. എന്തെ‍ാക്കെയായാലും, വിധി ആദിവാസികളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും ഒറ്റയ്ക്കു നിന്നു പോരാടാനുള്ള മനക്കരുത്ത് അവർക്കുണ്ടാക്കുമെന്നും കരുതുന്നു.

Related posts

കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ച് വീണു, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Aswathi Kottiyoor

ഹരിതവൽക്കരണ പ്രവർത്തനങ്ങളിൽ വലിയ രീതിയിലുള്ള ഉപഭോക്തൃ ബോധവൽക്കരണം ആവശ്യമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി

Aswathi Kottiyoor

മൂന്നാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox