പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത്തവണ നിരക്ക് വര്‍ധനവില്‍നിന്ന് റിസര്‍വ് ബാങ്ക് വിട്ടുനിന്നു. പണപ്പെരുപ്പം പ്രതീക്ഷിച്ചതുപോലെ കുറഞ്ഞിട്ടില്ലെങ്കിലും ഇത്തവണ നിരക്ക് വര്‍ധന വേണ്ടെന്നുവെയ്ക്കുകയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ റിപ്പോ നിരക്ക് 6.50ശതമാനത്തില്‍ തുടരും.
നടപ്പ് സാമ്പത്തിക വര്‍ഷം 6.5ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ പാദത്തില്‍ 7.8ശതമാനവും രണ്ടാമത്തെ പാദത്തില്‍ 6.2ശതമാനവും മൂന്നാം പാദത്തില്‍ 6.1ശതമാനവും നാലാം പാദത്തില്‍ 5.9ശതമാനവുമാണ് വളര്‍ച്ചാ അനുമാനം. ആഗോള ബാങ്കിങ് പ്രതിസന്ധിയും കോവിഡ് വ്യാപന ഭീഷണിയും കണക്കിലെടുത്താണ് എംപിസി യോഗം നിരക്ക് വര്‍ധന തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്.കഴിഞ്ഞ വര്‍ഷം മെയിലാണ് നിരക്ക് വര്‍ധനവിന് ആര്‍ബിഐ തുടക്കമിട്ടത്. മൂന്നു തവണയായി 0.50 ശതമാനം ഉയര്‍ത്തിയശേഷം ഡിസംബറില്‍ 0.35 ബേസിസ് പോയന്റില്‍ വര്‍ധന ഒതുക്കി. ഫെബ്രുവരിയില്‍ കാല്‍ ശതമാനവും വര്‍ധനയുണ്ടായി.
പണപ്പെരുപ്പം കുറയുന്ന സൂചനയുണ്ടെങ്കിലും റിസര്‍വ് ബാങ്കിന്റെ ക്ഷമതാ പരിധിക്ക് പുറത്താണ് ഇപ്പോഴും. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ 6.52ശതമാനവും ഫെബ്രുവരിയില്‍ 6.44 ശതമാനവുമായിരുന്നു.
നിലവിലെ വളര്‍ച്ചാ മാന്ദ്യവും പണപ്പെരുപ്പത്തിലെ നേരിയ കുറവും കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ നിരക്ക് കുറയ്ക്കാന്‍ പണനയ സമിതി തയ്യാറായേക്കുമെന്നും വിലയിരുത്തലുണ്ട്.