വിവിധതരം വെല്ലുവിളികൾ നേരിടുന്ന സ്‌ത്രീകൾക്ക് സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്ന മിത്ര 181 ഹെൽപ്പ് ലൈനും കുട്ടികൾക്കായുള്ള 1098 ഹെൽപ്പ് ലൈനും വിപുലപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ്. വലിയ രീതിയിലുള്ള മാറ്റമാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. അത്യാവശ്യ കോളുകളാണ് വരുന്നതെങ്കിൽ അടിയന്തരമായി പോലീസിലേക്ക് നേരിട്ട് കണക്‌ട് ചെയ്യാനുള്ള സംവിധാനമുണ്ടാകും. ജില്ലാതലത്തിലും വികേന്ദ്രീകൃതമായി സേവനങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വനിത ശിശുവികസന വകുപ്പ് ജില്ലാതല ഓഫീസർമാരുടെ പദ്ധതി പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ മാസത്തിലും ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ നേരിട്ട് അവലോകനം ചെയ്യും. നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളുടേയും സ്‌കീമുകളുടേയും പുരോഗതി നേരിട്ട് വിലയിരുത്തുന്നതാണ്. പ്രായം കുറഞ്ഞ വകുപ്പാണെങ്കിലും ജനങ്ങൾ ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന വകുപ്പാണിത്. ഏറ്റവും കരുതലും ക്ഷേമവും ഉറപ്പാക്കേണ്ടവരാണ് സ്‌ത്രീകളും കുട്ടികളും. അതിനാൽ വനിത ശിശുവികസന വകുപ്പ് കുട്ടികളുടേയും സ്‌ത്രീകളുടേയും ആശ്രയ കേന്ദ്രമായി മാറണം. ഒരാപത്തുണ്ടായാൽ പെട്ടെന്ന് ആശ്രയിക്കാവുന്ന ഇടമായി വകുപ്പിന്റെ പ്രവർത്തനങ്ങൾ മാറണം.