2019ലാണ് ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് ആർ.എസ്.ശശികുമാർ ലോകായുക്തയിൽ ഹർജി നൽകിയത്. 2019 ജനുവരിയിൽ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങൾക്ക് ശേഷം ഹർജി നിലനിൽക്കുന്നതാണെന്നു കണ്ടെത്തിയതായി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടന്നിട്ടുള്ളതാണെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ലോകായുക്ത വിധി പ്രഖ്യാപിച്ചിരുന്നു. അതിനെ അവഗണിച്ചാണ് ഹർജി പരിശോധിക്കാൻ മൂന്നംഗ ബെഞ്ചിനെ ചുമതലപ്പെടുത്തിയത്. രാജ്യത്തെ നിയമ സംവിധാനത്തെ പാടെ തകർക്കുന്ന നടപടിയാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി.
ലോകായുക്തയുടെ മുൻകൂർ അനുമതി ലഭിച്ചശേഷം മാത്രമേ പുനഃപരിശോധനാ ഹർജി കോടതിയിൽ സമർപ്പിക്കാൻ കഴിയൂ എന്ന് ലോകായുക്ത റജിസ്ട്രി നിലപാടെടുത്തു. കേസിന്റെ നിലനിൽപ്പ് സംബന്ധിച്ച് വീണ്ടും പരിശോധന നടത്താൻ മൂന്നംഗ ബെഞ്ച് ഏപ്രിൽ 12ന് വിളിച്ചുചേർത്തിട്ടുണ്ട്. പുനഃപരിശോധന ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന നിയമ പ്രശ്നം പരിഗണിച്ച് തീരുമാനം എടുത്തശേഷം മാത്രമേ മൂന്നംഗ ബെഞ്ച് വിളിച്ചു ചേർക്കാൻ പാടുള്ളൂവെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.