25.9 C
Iritty, IN
July 1, 2024
  • Home
  • Kerala
  • ഗുജറാത്ത്‌ വംശഹത്യ : 26 പ്രതികളെ വെറുതെ വിട്ടു
Kerala

ഗുജറാത്ത്‌ വംശഹത്യ : 26 പ്രതികളെ വെറുതെ വിട്ടു

ഗുജറാത്ത്‌ വംശഹത്യാവേളയിൽ കൊലപാതകങ്ങളും കൂട്ടബലാത്സംഗങ്ങളും ഉൾപ്പടെയുള്ള നിഷ്‌ഠുരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ 26 പേരെ കോടതി വെറുതെവിട്ടു. 2002ൽ ഗാന്ധിനഗറിലെ കലോലിൽ മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച്‌ ആക്രമിച്ച കേസുകളിലെ പ്രതികളെയാണ്‌ ഗുജറാത്ത്‌ ഹാലോൽ അഡീഷണൽ സെഷൻസ്‌ കോടതി വെറുതെവിട്ടത്‌. തെളിവുകളില്ലെന്ന പേരിലാണ്‌ 20 വർഷങ്ങൾക്ക്‌ ശേഷമുള്ള നടപടി.

ഉണങ്ങാത്ത മുറിവ്
2002 ഫെബ്രുവരി 27ന്‌ ഗോധ്രയിൽ ട്രെയിൻ കത്തിച്ചതിനെതുടർന്ന്‌ മാർച്ച്‌ ഒന്നിന്‌ കലോൽ മേഖലയിൽ സംഘടിച്ചെത്തിയ ആയിരക്കണക്കിന്‌ അക്രമികൾ വ്യാപകമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വീടുകളും കടകളും കത്തിച്ചു. 12 ലധികംപേരെ കൊലപ്പെടുത്തി. പൊലീസ്‌ വെടിവയ്പില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുംവഴി വാഹനംസഹിതം കത്തിച്ചു. പള്ളിയിൽനിന്നും മടങ്ങിയയാളെ മർദിച്ച്‌ കൊലപ്പെടുത്തി തീവെച്ചു. ദെലോൽ ഗ്രാമത്തിൽനിന്നും പലായനം ചെയ്‌ത 38 പേരും ആക്രമിക്കപ്പെട്ടു. ഇവരിൽ 11 പേരെ ജീവനോടെ ചുട്ടുകരിച്ചെന്നാണ്‌ പൊലീസ്‌ റിപ്പോർട്ട്‌. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സ്‌ത്രീയെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കി

39 പ്രതികളുണ്ടായിരുന്ന കേസ്
2002 മാർച്ച്‌ രണ്ടിന്‌ കലോൽ പൊലീസ്‌ സ്‌റ്റേഷനിൽ വിവിധ വകുപ്പുകൾ ചുമത്തി 39 പ്രതികൾക്കെതിരെ കേസെടുത്തു. വിചാരണവേളയിൽ 13 പേർ മരിച്ചു. വിചാരണക്കോടതി 190 സാക്ഷികളെ വിസ്‌തരിച്ചു. 334 ഓളം രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി.
പ്രതികളെല്ലാം പുറത്ത്
തെളിവുകൾ ഇല്ലെന്നും സാക്ഷിമൊഴികളിൽ വൈരുധ്യങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹാലോൽ അഡീഷണൽ സെഷൻസ്‌ ജഡ്‌ജി ലീലാഭായ്‌ ചുദാസ്‌മ പ്രതികളെ വെറുതെവിട്ടത്. വംശഹത്യക്കിടെ 17 പേരെ കൊലപ്പെടുത്തിയ 22 പ്രതികളെ ഹാലോലിലെ തന്നെ മറ്റൊരു കോടതി ജനുവരിയിൽ വെറുതെവിട്ടിരുന്നു. ഇതിലും തെളിവില്ലെന്നായിരുന്നു കോടതിവിധി. നേരത്തെ, ബിൽക്കിസ്‌ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെയും ഗുജറാത്തിലെ ബിജെപി സർക്കാർ ശിക്ഷായിളവ്‌ നൽകി വിട്ടയച്ചു.

പ്രതികൾ സ്വതന്ത്രർ ; 
നീതി കിട്ടാതെ ഇരകൾ
ഗുജറാത്ത്‌ വംശഹത്യാവേളയിൽ നിഷ്‌ഠുരമായ കുറ്റകൃത്യങ്ങളിൽ പങ്കാളികളായ 26 പ്രതികളെക്കൂടി കോടതി വെറുതെവിട്ടതോടെ നീതിയുടെ പ്രതീക്ഷയില്ലാതെ ഇരകളും ബന്ധുക്കളും. വംശഹത്യാ കേസുകളിലെ പ്രതികളെ കൂട്ടത്തോടെ വെറുതെവിടുന്നതും രാജകീയ സ്വീകരണം നൽകുന്നതും ഗുജറാത്തിൽ ആവർത്തിക്കുകയാണ്‌.

ബിൽക്കിസ്‌ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികൾ പുറത്തിറങ്ങിയപ്പോൾ വിശ്വഹിന്ദുപരിഷത്ത്‌ ഓഫീസിൽ ഹാരാർപ്പണം നടത്തിയായിരുന്നു സ്വീകരണം. ഒരാഴ്‌ചമുമ്പ്‌ ഇതേ കേസിലെ പ്രതി ശൈലേഷ്‌ ചിമൻലാൽ ഭട്ട്‌ ബിജെപി എംപിക്കും എംഎൽഎക്കും ഒപ്പം വേദിപങ്കിട്ടു. 17 പേർ കൊല്ലപ്പെട്ട കേസിൽ 22 പേരെ വെറുതെവിട്ടതും കഴിഞ്ഞ ജനുവരിയിലാണ്‌. വംശഹത്യയിൽ പ്രതികളായ തീവ്രഹിന്ദുത്വ സംഘടനകളിലെ പ്രവർത്തകരെയും അനുഭാവികളെയും കേസുകളിൽനിന്ന്‌ ഊരിയെടുക്കാനുള്ള നീക്കം സജീവമാണ്‌. കലാപവേളയിൽ പരസ്യമായി ആക്രമണങ്ങൾക്ക്‌ ആഹ്വാനംചെയ്‌ത മന്ത്രികൂടിയായിരുന്ന മായാകോട്‌ നാനിയെ 2018ൽ ഗുജറാത്ത്‌ ഹൈക്കോടതി വെറുതെവിട്ടു.

അതേസമയം ഇരകൾക്കായി ശബ്‌ദിച്ചവർക്കെതിരെ പ്രതികാരനടപടിയും സംഘപരിവാർ ശക്തമാക്കി. ടീസ്‌താസെതൽവാദിനെയും സഞ്‌ജീവ്‌ഭട്ടിനെയുംപോലുള്ളവർ അറസ്റ്റിലായി. വംശഹത്യയിൽ മോദിയുടെ പങ്ക്‌ തുറന്നുകാട്ടിയ ബിബിസി ഡോക്യുമെന്ററി കേന്ദ്ര സർക്കാർ നിരോധിക്കുകയും ചെയ്‌തു.

Related posts

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് ദേശീയ അംഗീകാരം

Aswathi Kottiyoor

സർക്കാർ സേവനങ്ങൾക്കു മാനുഷിക മുഖം നൽകാൻ ജീവനക്കാർക്കു കഴിയണം: മുഖ്യമന്ത്രി

Aswathi Kottiyoor

ഇന്ന് എ.കെ.ജി ദിനം

Aswathi Kottiyoor
WordPress Image Lightbox