കോട്ടയം ∙ സത്യം പറഞ്ഞതിനാണ് തനിക്കെതിരെ നടപടി എടുത്തതെന്ന് കെഎസ്ആർടിസി വനിതാ കണ്ടക്ടര്‍ അഖില. 41 ദിവസമായി ശമ്പളം ലഭിച്ചില്ലെന്നത് സത്യമായിരുന്നു. പ്രതിഷേധിച്ച് സര്‍ക്കാരിനെ ഇകഴ്ത്താനല്ല ശ്രമിച്ചത്. പണമില്ലാതെ ജീവിക്കാനാകില്ല. ഒരുദിവസം മാത്രമാണ് പ്രതിഷേധിച്ചതെന്നും അഖില പറഞ്ഞു.
‘‘കള്ളത്തരം ചെയ്തിട്ട് ഉണ്ടായ നടപടിയല്ല. സത്യം പറഞ്ഞതിനാണ് നടപടിയെടുത്തത്. കള്ളം പറഞ്ഞിട്ടില്ല. 41 ദിവസമായി ശമ്പളം കിട്ടിയില്ല എന്നത് സത്യമായിരുന്നു. അപകീർത്തിപ്പെടുത്താനോ സ്ഥാപനത്തെ ഇകഴ്ത്തിക്കാണിക്കാനോ വേണ്ടി ചെയ്തതല്ല. പണം ഇല്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ. എല്ലാ കാര്യത്തിനും പണം വേണം.
അതിനുവേണ്ടിയാണ് ജോലി ചെയ്യുന്നത്. അതു കിട്ടാതെ വരുമ്പോൾ നമുക്കുണ്ടാകുന്ന മാനസിക സംഘർഷമുണ്ടല്ലോ. വായ്പാ അടവ് മുടങ്ങുമ്പോൾ അതിന്റെ ബുദ്ധിമുട്ടുണ്ട്. മാസശമ്പളം വാങ്ങുന്നവർ എല്ലാ ബില്ലുകളും അടയ്ക്കുന്നത് മാസത്തിന്റെ ആദ്യമാണ്. എല്ലാവരോടും തരാം തരാം എന്നു പറയുന്നതിന്റെ നാണക്കേടുമുണ്ട്’’– അവർ പറഞ്ഞു.
‘ശമ്പള രഹിത സേവനം 41–ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് ജോലി ചെയ്തതിന് അഖിലയെ വൈക്കം ഡിപ്പോയിൽനിന്നു പാലായിലേക്ക് സ്ഥലംമാറ്റിയിരുന്നു. പ്രതിഷേധം സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നാണു കെഎസ്ആർടിസിയുടെ നിലപാട്. ജനുവരി 11ന് ആണ് ഇവർ പ്രതിഷേധ ബാഡ്ജ് ധരിച്ചു ജോലിക്കെത്തിയത്.