ഓഥറൈസേഷന് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഏപ്രില്‍ 15 മുതല്‍ പഴയവാഹനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഉത്തരവ്. കേന്ദ്രമോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതികള്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രിജിത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പോര്‍ട്ടല്‍ വഴി ഫോം 29എയില്‍ ഓണ്‍ലൈനായി ഓഥറൈസേഷന് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം. ഇതിനായിട്ടുള്ള ഫീസ് 25000 രൂപയാണ്.
അപേക്ഷ ലഭിച്ചാല്‍ ആവശ്യമായ പരിശോധനകള്‍ക്കു ശേഷം ഒരു മാസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇതിനു അഞ്ചു വര്‍ഷത്തെ കാലാവധിയാണുള്ളത്. ഇത്തരം സ്ഥാപനങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് മതിയായ പാര്‍ക്കിംഗ് ഏരിയ ഉണ്ടാകേണ്ടതും വാഹനങ്ങള്‍ റോഡിന്റെ വശങ്ങളില് പാര്‍ക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. സ്ഥാപനത്തിനു ലഭിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റ് പൊതുജനത്തിനു കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണം.
വാഹന ഉടമകള്‍ വാഹനം വില്‍ക്കുന്നതിനായി സ്ഥാപനങ്ങള്‍ക്ക് കൈമാറുമ്പോള്‍ ഫോം 29സിയില്‍ അധികാരികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഈ ഫോമില്‍ വാഹനമുടമയും സ്ഥാപനമുടമയും ഒപ്പിടണം.വാഹനമുടമ ഡീലറില്‍ നിന്നും വാഹനം തിരിച്ചുവാങ്ങുരയാണെങ്കില് ഫോം 29 ഡിയില്‍ ഇരുവരും ഒപ്പിട്ടു അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
പുഷ്ബാക് സീറ്റ്, സ്ലീപ്പര്‍ ബെര്‍ത്തുകള്‍ ഘടിപ്പിച്ച കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ സീറ്റുകള്‍ ഓര്‍ഡിനറി സീറ്റുകളാക്കി മാറ്റുകയാണെങ്കില്‍ ഓര്‍ഡിനറി സീറ്റുകളുടെ നിരക്കില്‍ നികുതി സ്വീകരിക്കണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിക്കുന്നു.
കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളിലെ പുഷ്ബാക് സീറ്റുകള്‍ ഓര്‍ഡിനറി സീറ്റുകള്‍ ആക്കുകയാണെങ്കില്‍ ഓര്‍ഡിനറി സീറ്റുകളുടെ നിരക്കില്‍ നികുതി സ്വീകരിക്കണമെന്ന ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം.നിലവിലുള്ള പുഷ്ബാക് സീറ്റുകള്‍ താല്‍ക്കാലികമായി ഓര്‍ഡിനറി സീറുകളാക്കി മാറ്റുവാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
ഇത്തരത്തില്‍ ഓര്‍ഡിനറി സീറ്റുകളിലേക്കു മാറ്റിയ വാഹനങ്ങള്‍ വീണ്ടും പുഷ്ബാക് സീറ്റുകള്‍ ഘടിച്ചിട്ടുള്ളതായി വാഹനപരിശോധനയില്‍ കണ്ടെത്തിയാല്‍ പരിശോധന നടത്തിയ ക്വര്‍ട്ടറിന്റെ ആരംഭം മുതല്‍ ഉയര്‍ന്ന നിരക്കില്‍ നികുതി ഈടാക്കണമെന്നും എസ്. ശ്രിജിത്ത് വ്യക്തമാക്കുന്നു.