വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അദാനി ഗ്രൂപ്പിന് സർക്കാർ 100 കോടി രൂപ നൽകി. കെഎഫ്‌സിയിൽ നിന്ന് കടമെടുത്താണ് തുറമുഖവകുപ്പ് പണം കൈമാറിയത്. പുലിമുട്ട് നിക്ഷേപത്തിനുള്ള ആദ്യ ഗഡു 347 കോടി മാർച്ച് 31ന് നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാനുള്ള നടപടി വൈകിയതോടെയാണ് തുറമുഖ വകുപ്പ് കെഎഫ്‌സിയെ സമീപിച്ചത്. ബാക്കി തുക വൈകാതെ കൈമാറുമെന്ന് തുറമുഖവകുപ്പ് അറിയിച്ചു.
റെയിൽവേ പദ്ധതിക്കായി സംസ്ഥാനം 100 കോടിയും സ്ഥലമേറ്റെടുപ്പിന് 100 കോടിയും നൽകാനുണ്ട്. ആകെ 550 കോടി സഹകരണ കൺസോഷ്യത്തിൽ നിന്ന് വായ്പയെടുക്കാനാണ് ശ്രമിച്ചിരുന്നത്.
ആകെ 3400 കോടിയാണ് ഹഡ്കോയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിനായി സർക്കാർ വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ 1170 കോടി രൂപയും തുറമുഖത്തോട് അനുബന്ധിച്ച റെയിൽവേ പദ്ധതിക്കായാണ് ചെലവഴിക്കേണ്ടത്.