21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കരിപ്പൂരിൽ വൻ സ്വർണവേട്ട ; 4 കോടിയുടെ സ്വർണം പിടികൂടി
Kerala

കരിപ്പൂരിൽ വൻ സ്വർണവേട്ട ; 4 കോടിയുടെ സ്വർണം പിടികൂടി

വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 7.651 കിലോ സ്വർണം കസ്റ്റംസ് പ്രിവന്റീവ്‌ വിഭാഗവും എയർ കസ്റ്റംസും ചേർന്ന് പിടികൂടി. ബുധൻ രാത്രിയും വ്യാഴം പുലർച്ചെയുമായിട്ടായിരുന്നു സ്വർണവേട്ട. എട്ടു കേസുകളിലായി നാലു കോടിയിലേറെ രൂപയുടെ സ്വർണമാണ്‌ പിടികൂടിയത്‌. അതേസമയം പ്രതികളെ എക്സ്റേ പരിശോധനക്ക് കൊണ്ടുപോകുന്നതിനിടെ കസ്റ്റംസ് വിഭാഗത്തെ ആക്രമിച്ച് സ്വർണം തട്ടാനെത്തിയ ആറുപേരെ കരിപ്പൂർ പൊലീസ്‌ അറസ്‌റ്റുചെയ്‌തു.

3 പേരിൽനിന്ന്‌ രണ്ടരക്കിലോ
എയർ ഇന്ത്യ എക്സ്പ്രസ്‌ വിമാനത്തിൽ ദോഹയിൽനിന്ന്‌ എത്തിയ മലപ്പുറം വെറ്റിലപ്പാറ സ്വദേശി നെല്ലിപ്പകുണ്ടൻ മുനീർ (38), ജിദ്ദയിൽനിന്ന്‌ എത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ഷാപ്പുള്ളപറമ്പിൽ മുഹമ്മദ്‌ യൂനുസ്‌ (32), എയർ ഇന്ത്യ എക്സ്പ്രസ്‌ വിമാനത്തിൽ ദുബായിൽനിന്ന്‌ വന്ന പാലക്കാട്‌ സ്വദേശി തയ്യിൽ സന്ദീപ്‌ (27) എന്നിവരിൽനിന്നായി രണ്ടരക്കിലോ സ്വർണമാണ്‌ പിടികൂടിയത്‌. മുനീറിൽനിന്നും യൂനുസിൽനിന്നും നാലുവീതം കാപ്‌സ്യൂളുകളാണ്‌ കണ്ടെടുത്തത്‌. കളിപ്പാട്ടങ്ങളുടെ കാർഡ്ബോർഡ് പെട്ടികളിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചനിലയിലാണ്‌ സന്ദീപ്‌ സ്വർണം കൊണ്ടുവന്നത്‌. കാർഡ്ബോർഡ് കഷണങ്ങളിൽനിന്ന്‌ സ്വർണം സ്വർണപ്പണിക്കാരന്റെ സഹായത്തോടെ വേർതിരിച്ചെടുക്കും. മുനീറിന് ഒരുലക്ഷവും സന്ദീപിന് 20,000 രൂപയും യൂനുസിന് ഉംറ പാക്കേജിന്റെ ചെലവായ ഒരുലക്ഷം രൂപയുമാണ്‌ കള്ളക്കടത്തുസംഘം പ്രതിഫലമായി നൽകിയത്‌.

5 പേരിൽനിന്ന്‌ 5 കിലോ
ബുധൻ രാത്രിയും വ്യാഴം പുലർച്ചെയുമായി എത്തിയ അഞ്ചുപേരിൽനിന്നായി 5151 ഗ്രാം സ്വർണമിശ്രിതവും പിടികൂടി. ഉംറ തീർഥാടനം കഴിഞ്ഞ് സ്‌പൈസ് ജെറ്റിന്റെ ജിദ്ദ–- -കരിപ്പൂർ വിമാനത്തിൽ മടങ്ങിയവരായിരുന്നു മൂന്നുപേർ. മലപ്പുറം സ്വദേശികളായ ഷഫീഖ് (31), റമീസ് (28), ഫത്താഹ് (20) എന്നിവരാണ്‌ 1060 ഗ്രാം വീതം സ്വർണവുമായി പിടിയിലായത്‌. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ജിദ്ദ–-കരിപ്പൂർ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി അക്ബറിൽ (41)നിന്ന്‌ 802 ഗ്രാമും ഗൾഫ് എയർ വിമാനത്തിൽ ജിദ്ദയിൽനിന്ന്‌ എത്തിയ മഞ്ചേരി സ്വദേശി മഷൂദിൽ (31)നിന്ന്‌ 1169 ഗ്രാമും കണ്ടെടുത്തു. കസ്റ്റംസ് പ്രിവന്റീവ് ഡെപ്യൂട്ടി കമീഷണർ ജെ ആനന്ദകുമാർ സ്വർണവേട്ടക്ക് നേതൃത്വം നൽകി.

സ്വർണം തട്ടാൻ ശ്രമിച്ച 6 പേർ പിടിയിൽ
അതേസമയം കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തെ ആക്രമിച്ച് സ്വർണം കവരാനെത്തിയ ആറുപേരെ കരിപ്പൂർ പൊലീസ് അറസ്റ്റ്ചെയ്തു. മണ്ണാർക്കാട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽനിന്നായി എത്തിയ സുഹൈൽ (28), അൻവർ (30), ബാബുരാജ് (28), അമൽ (26), ജാബിർ (38), മുഹമ്മദലി (28) എന്നിവരാണ് അറസ്റ്റിലായത്. സ്വർണക്കടത്തിൽ കസ്റ്റംസ് പിടികൂടിയ ഷഫീഖിന്റെ കൂട്ടാളികളാണ് ഇവർ. എക്സ്റേ പരിശോധനക്കായി പ്രതികളെ പുറത്തുകൊണ്ടുവരുന്ന സമയം പ്രിവന്റീവ് കസ്റ്റംസിനെ ആക്രമിച്ച് സ്വർണം തട്ടാനായിരുന്നു പദ്ധതി. കസ്റ്റംസ് വാഹനത്തിനടുത്ത് സംശയകരമായി ഇവരെ കണ്ടതോടെ പൊലീസിന് വിവരം നൽകുകയായിരുന്നു. ഇവരിൽനിന്ന്‌ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു.

Related posts

ഇരിട്ടി ബ്ലോക്ക് കേരളോത്സവം ആരംഭിച്ചു

Aswathi Kottiyoor

ജോ​ലി​ക​ള്‍ കൃ​ത്യ​മാ​യി ചെ​യ്യാ​ത്ത​വ​രു​ണ്ട്; ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

അടക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിൽ ൽ പൈ ദിനം ആചരിച്ചു.

Aswathi Kottiyoor
WordPress Image Lightbox