24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വർഷാന്ത്യചെലവ്‌ 20,000 കോടി പിന്നിട്ടു ; തരണംചെയ്ത് മുന്നോട്ട്
Kerala

വർഷാന്ത്യചെലവ്‌ 20,000 കോടി പിന്നിട്ടു ; തരണംചെയ്ത് മുന്നോട്ട്

പ്രതിസന്ധികൾക്കിടയിലും സാമ്പത്തിക വർഷാന്ത്യത്തിൽ വരവിലും ചെലവിലും റെക്കോഡ് പ്രകടനവുമായി സംസ്ഥാന സർക്കാർ. വർഷാന്ത്യ സർക്കാർ ചെലവ് 20,000 കോടി രൂപ പിന്നിട്ടപ്പോൾ പദ്ധതിച്ചെലവ്‌ 90 ശതമാനത്തിലെത്തി. ബജറ്റിൽ പ്രഖ്യാപിച്ച പ്രതീക്ഷിത വരുമാനത്തിൽ കേന്ദ്ര നിലപാടുമൂലം 40,000 കോടി കുറവുണ്ടായപ്പോഴാണ് ഈ നേട്ടം. തനത്‌ നികുതി വരുമാനത്തിൽമാത്രം 11,848 കോടി രൂപയുടെ വർധനയുണ്ടായി. മുൻവർഷം 58,341 കോടിയായിരുന്നത് നിലവിൽ 70,189 കോടിയിലെത്തി. രണ്ടുവർഷത്തിലായുള്ള വർധന 23,528 കോടിയാണ്. നികുതിയേതര വരുമാനത്തിൽ ഇരട്ടിവർധനയാണ്. മുൻവർഷം 10,463 കോടിയായിരുന്നത് 15,355 കോടിയിലേക്കെത്തി.

പൊതു ചെലവുകളിൽ കുറവ്‌ വരുത്തിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ വിജയം. ശമ്പളം, പെൻഷൻ വായ്‌പാ തിരിച്ചടവ്‌ ഉൾപ്പെടെ പതിനായിരം കോടിയുടെ നിർബന്ധിത ചെലവ്‌ ഉറപ്പാക്കി. വാർഷിക പദ്ധതി ബില്ലിന് പതിനായിരം കോടി രൂപ ഈമാസംമാത്രം നൽകി. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ്‌ 96.37 ശതമാനത്തിലെത്തിച്ചു. സർക്കാർ വാർഷിക പദ്ധതിച്ചെലവ്‌ 83 ശമാനം കടന്നു. തടസ്സവും തിരക്കുമില്ലാതെ ട്രഷറികൾ പ്രവർത്തിച്ചു. വെള്ളിയാഴ്‌ചകൂടി പ്രവർത്തിച്ചതോടെ പദ്ധതിച്ചെലവ്‌ കൂടുതൽ ഉയരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

റെസ്റ്റ് ഹൗസ്:4 കോടി
റെസ്റ്റ് ഹൗസുകളുടെ ചെക്ക് ഇൻ ചെക്ക് ഔട്ട് സമയം ഏകീകരിച്ചതോടെ വരുമാനത്തിൽ വൻ വർധന. സമയം ഏകീകരിച്ചശേഷമുള്ള നാലു മാസംകൊണ്ട് രണ്ടേകാൽ കോടി രൂപയാണ് വരുമാനമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. റൂം ബുക്കിങ് ഓൺലൈനായശേഷമുള്ള ഒരു വർഷംകൊണ്ട് നാലുകോടി രൂപ വരുമാനം ലഭിച്ചു. ഒന്നരവർഷത്തിനിടെ ആകെ വരുമാനം ആറേകാൽ കോടിയായി. 2021 നവംബർ ഒന്നിനാണ് സംസ്ഥാനത്തെ പൊതുമരാമത്ത് റെസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസ് എന്ന പേരിൽ ജനങ്ങൾക്കായി തുറന്നുകൊടുത്തത്.

രജിസ്‌ട്രേഷനിലും കുതിപ്പ്
സാമ്പത്തികവർഷം രജിസ്‌ട്രേഷൻവകുപ്പിന് 5500 കോടി രൂപ വരുമാനം. ബുധനാഴ്‌ചവരെയുള്ള കണക്കാണിത്‌. ഈ മാസത്തെമാത്രം വരുമാനം 808.22 കോടിയാണ്‌. 1,24,110 ആധാരം രജിസ്റ്റർ ചെയ്‌തു. സാമ്പത്തികവർഷം 4524.24 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. ഫെബ്രുവരിയിൽ ഇത്‌ പിന്നിട്ട്‌ 4711.75 കോടിയിലെത്തി. കഴിഞ്ഞവർഷം 4432 കോടിയായിരുന്നു ആകെ വരുമാനം.

പൊതുവിദ്യാലയങ്ങൾക്ക്‌ 
നൽകി 246 കോടി
വെള്ളിയാഴ്‌ച അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന്‌ സർക്കാർ നൽകിയത്‌ 246 കോടിയുടെ ഭരണാനുമതി. 174 സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കാൻ 206 കോടി രൂപ അനുവദിച്ചു. ഹൈസ്‌കൂൾതലംവരെ 152 കോടി രൂപ മുടക്കി 130 കെട്ടിടത്തിനും ഹയർ സെക്കൻഡറിയിൽ 41 കോടി രൂപ മുടക്കി 32 കെട്ടിടത്തിനും വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ 13 കോടി രൂപ മുടക്കി 12 കെട്ടിടത്തിനും അനുമതി നൽകി.

159 സ്കൂൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് 15 കോടി രൂപ അനുവദിച്ചു. അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുന്നതിന്‌ 163 സ്കൂളിന്‌ 25 കോടി രൂപയുടെ ഭരണാനുമതി നൽകിയെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Related posts

ഓണക്കിറ്റ് വിതരണം: ഞായറാഴ്‌ചയും തുറന്നു പ്രവർത്തിച്ച്‌ റേഷൻ കടകൾ

Aswathi Kottiyoor

ഇന്ന് ഉത്രാടം,: നാളെ തിരുവോണം ആഘോഷമാക്കാനുള്ള അവസാന ഒരുക്കങ്ങളുടെ തിരക്കിൽ നാടും നഗരവും

Aswathi Kottiyoor

റഫറൽ സംവിധാനം ആദ്യഘട്ടം തിരുവനന്തപുരം ജില്ലയിൽ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox