അപൂര്‍വരോഗങ്ങളുടെ മരുന്നിന് കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്രധനമന്ത്രാലയം. ചികിത്സയ്ക്ക് ആവശ്യമായ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കും നികുതിയില്ല. എസ്എംഎ ഉള്‍പ്പെടെ ഏതാനും രോഗങ്ങള്‍ക്കുള്ള മരുന്നിന് നേരത്തെ ഇളവ് നല്‍കിയിരുന്നു. കേന്ദ്രധനമന്ത്രാലയത്തിന്റേതാണ് തീരുമാനം. ഇത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.വൃക്ക സംബന്ധമായ അസുഖങ്ങൾ, വിളർച്ച, ക്യാൻസർ തുടങ്ങിയ അപൂർവ രോഗങ്ങളുടെ 51 മരുന്നുകളാണ് പട്ടികയിൽ ഉൾപ്പെടുന്നത്. പല മരുന്നുകൾക്കും 5 മുതൽ 10 ശതമാനം വരെയാണ് എക്സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നത്. ജീവിതകാലം മുഴുവൻ മരുന്നുകഴിക്കേണ്ടവർക്ക് ഒരു വർഷം 10 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെയാണ് ചികിത്സാ ചെലവായി വരുന്നത്. എക്സൈസ് തീരുവ ഒഴിവാക്കുകയാണെങ്കിൽ ചികിത്സാ ചെലവ് ക്രമേണ കുറയും.
അതേസമയം, എക്സറേ യന്ത്ര ഭാഗങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടേയും തീരുവ കുറയ്ക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇത് ഏപ്രിൽ ഒന്ന് മുതലായിരിക്കും പ്രാബല്യത്തിൽ വരിക.