കേളകം: മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയൊരുക്കാൻ പൊലീസിന്റെ മുന്നൊരുക്കം. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ നിർമിച്ച വിസിറ്റേഴ്സ് റൂമുകളുടെ ഔപചാരിക ഉദ്ഘാടനം ഏപ്രിൽ മൂന്നിന് വൈകീട്ട് നാലിന് കേളകത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതിന്റെ ഭാഗമായി ഉന്നത പൊലീസ് സംഘം കേളകത്ത് സുരക്ഷ സന്നാഹങ്ങൾ ഒരുക്കാനെത്തി.
ഡി.ഐ.ജി പുട്ടു വിമലാദിത്യ, കണ്ണൂർ റൂറൽ എസ്.പി എം. ഹേമലത, അഡിഷൻ എസ്.പി എ.ജെ. ബാബു, ഡിവൈ.എസ്.പി എ.വി. ജോൺ, പേരാവൂർ എസ്.എച്ച്.ഒ എം.എൻ. ബിനോയ്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി രഞ്ജിത്ത്, കേളകം എസ്.എച്ച്.ഒ ജാൻസി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ വിലയിരുത്താൻ കേളകം പൊലീസ് സ്റ്റേഷനിൽ വീണ്ടും യോഗം ചേർന്നത്. കഴിഞ്ഞ ദിവസവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
പൊതു പരിപാടി കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിലും ഓൺലൈൻ ഉദ്ഘാടനം കേളകം സ്റ്റേഷനിലുമായാണ് നിർവഹിക്കുക. മുഖ്യമന്ത്രി കേളകത്ത് എത്തുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തുന്നത്.