22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും; പ്രിയതാരത്തിന് വിടചൊല്ലി ജന്മനാട്
Uncategorized

അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും; പ്രിയതാരത്തിന് വിടചൊല്ലി ജന്മനാട്

കൊച്ചി∙ അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. പൊതുദർശനത്തിനായി മൃതദേഹം ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനു ശേഷമാണ് വിലാപയാത്രയായി ഇരിങ്ങാലക്കുടയിലെത്തിച്ചത്. ഇവിടത്തെ പൊതുദർശനത്തിനു ശേഷം വൈകിട്ടു 5നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10നാണ് സംസ്കാരം.

ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആദരാഞ്ജലിയർപ്പിക്കാനെത്തിയത്. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, ഹരിശ്രീ അശോകൻ, മുകേഷ്, കുഞ്ചൻ, ദുൽഖർ സൽമാൻ, ബാബുരാജ്, സംവിധായൻ ലാൽ ജോസ്, മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ, പി.പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുൾപ്പെടെ ആദരാഞ്ജലി അർപ്പിച്ചു. രാവിലെ 8 മുതൽ 11.30 വരെയായിരുന്നു ഇവിടെ പൊതുദർശനം. ഇന്നസന്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ആസ്വാദകഹൃദയങ്ങളെ നർമം കൊണ്ട് നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും ആത്മാവിനു നിത്യശാന്തി നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഞായറാഴ്ച രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. നൃത്തശാല (1972) ആണ് ആദ്യസിനിമ. 700ൽ അധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1989ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ചിത്രം: മഴവിൽക്കാവടി) നേടി. ശ്രദ്ധേയമായ ഏതാനും മലയാള സിനിമകളുടെ നിർമാതാവുമാണ്. 2000 മുതൽ 2018 വരെ താരസംഘടന അമ്മയുടെ പ്രസിഡന്റ് ആയിരുന്നു. 1979ൽ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായ അദ്ദേഹം 2014ൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിന്റെ പി.സി.ചാക്കോയ്ക്കെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചു. 2019ൽ ബെന്നി ബഹനാനോടു പരാജയപ്പെട്ടു. തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 മാർച്ച് നാലിന് ഇരിങ്ങാലക്കുടയിലാണ് ജനനം.

Related posts

എൽ ഡി എഫ് കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി

Aswathi Kottiyoor

വീട്ടില്‍ വോട്ട്: അപേക്ഷിച്ചവരിൽ ഇതുവരെ വോട്ടുരേഖപ്പെടുത്തിയത് 81 % പേർ, ഏപ്രില്‍ 25 വരെ തുടരും

Aswathi Kottiyoor

വെടിവയ്ക്കാൻ പോലും നിർദ്ദേശം വൈകുന്നു, സ്ഥിരം വീഴ്ച, മറുപടിയില്ല; വനംമേധാവിയെ മാറ്റണമെന്ന് കത്തെഴുതി മന്ത്രി

Aswathi Kottiyoor
WordPress Image Lightbox