വാഷിങ്ടണ്‍: അമേരിക്കയിലെ മിസിസിപ്പി സംസ്ഥാനത്ത് ചുഴലിക്കാറ്റില്‍ വന്‍നാശനഷ്ടം. കുറഞ്ഞത് 25 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.
വെള്ളിയാഴ്ച രാത്രിയോടെ മിസിസിപ്പിയിലെ വിവിധ നഗരങ്ങളില്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റിലും മഴയിലും വീടുകളും മറ്റ് കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു.
നാശനഷ്ടങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോകള്‍ പുറത്തെത്തിയിട്ടുണ്ട്. ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കെട്ടിടങ്ങളുടെ മുകളിലായിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ചുഴലിക്കാറ്റിന്റെ ഇരകള്‍ക്ക് പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തര സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
മിസിസിപ്പിയില്‍നിന്നുള്ള ദൃശ്യങ്ങള്‍ ഹൃദയഭേദകമാണെന്ന് ബൈഡന്‍ പറഞ്ഞു. കെട്ടിടങ്ങള്‍ തകര്‍ന്നുവീണതിനും മരങ്ങള്‍ ഒടിഞ്ഞുവീണതിനും പിന്നാലെ വൈദ്യുതിബന്ധം പലയിടത്തും മുടങ്ങി.
തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ചുഴലിക്കാറ്റില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായെന്ന് കരുതുന്ന റോളിങ് ഫോര്‍ക്ക് നഗരത്തില്‍നിന്ന് പുറത്തെത്തുന്ന ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. മറിഞ്ഞുകിടക്കുന്ന കാറുകളും തകര്‍ന്ന കെട്ടിടങ്ങളും കടപുഴകിയ മരങ്ങളും ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.