കാലോചിതമായി പരിഷ്‌കരിച്ച ഗ്രേസ് മാർക്ക് ഈ വർഷംമുതൽ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്‌തകകത്തിന്റെ സംസ്ഥാനതല വിതരണം ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ ഹയർസെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
കോവിഡ് കാരണം മുൻവർഷങ്ങളിൽ ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. ഇതു സംബന്ധിച്ച് വിദ്യാർഥികൾ വേദിയിൽ മന്ത്രിക്ക് നിവേദനം നൽകി. ഇവ പരിഗണിച്ചശേഷമാണ് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. 4.90 കോടി പുസ്‌തകങ്ങളാണ് ആവശ്യം. ഇതിൽ 2.81 കോടി പാഠപുസ്‌തകങ്ങളാണ് ഇപ്പോൾ വിതരണംചെയ്യുക. സുഗമമായ വിതരണത്തിന് 14 ജില്ലാ ഹബ്ബുകളും 3,313 സൊസൈറ്റികളും 13,300 സ്‌കൂളുകളും സജ്ജമാക്കി. പ്ലസ്‌വൺ സീറ്റ് പ്രശ്‌നം പഠിക്കുന്ന സമിതിയുടെ റിപ്പോർട്ട് കിട്ടിയാൽ സീറ്റുകൾ പുനർവിന്യസിക്കും.