സംസ്ഥാനത്തെ നഗരങ്ങളിൽ ഏപ്രിൽ ഒന്നു മുതൽ അപേക്ഷിച്ചാലുടൻ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
കോർപറേഷൻ, നഗരസഭാ പരിധിയിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ലോ റിസ്ക് വിഭാഗത്തിലുള്ള കെട്ടിടങ്ങൾക്കാണ് ഇതു ബാധകമാകുക.
ഇതുവരെ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ വന്ന് സ്ഥലം പരിശോധിച്ച ശേഷമായിരുന്നു പെർമിറ്റ് നൽകിയിരുന്നത് ഇതാണ് ഒഴിവാക്കിയത്. പകരം കെട്ടിട ഉടമ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഓൺലൈനിൽ സമർപ്പിച്ചാൽ മതി.
അപേക്ഷിക്കുന്ന അന്നുതന്നെ സിസ്റ്റം ജനറേറ്റഡ് അനുമതി നൽകും. ഇതുവരെ ഓൺലൈൻ ആയി സ്വയം സത്യവാങ്മൂലം നൽകുന്നത് ഓപ്ഷണൽ ആയിരുന്നത് ഏപ്രിൽ മുതൽ നിർബന്ധമാക്കും.
കെട്ടിട നിർമാണ പെർമിറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നത് പുറമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനിയറിംഗ് വിഭാഗത്തിലെ ജോലിഭാരം ലഘൂകരിക്കാനും വഴിയൊരുക്കും.
അഴിമതിസാധ്യത ഇല്ലാതാക്കാൻ കഴിയുമെന്നതാണ് മറ്റൊരു നേട്ടം. എന്നാൽ, വസ്തുതകൾ മറച്ചുവച്ചാണ് സത്യവാങ്മൂലം നൽകിയതെന്നു ബോധ്യപ്പെട്ടാൽ കെട്ടിട ഉടമയ്ക്കും ലൈസൻസിക്കും എതിരേ പിഴയും നടപടികളുണ്ടാവും. പുതിയ സംവിധാനം വൈകാതെ ഗ്രാമപഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കും.