മിക്ക ജില്ലകളിലും പ്രധാന ആശുപത്രികളെക്കാൾ കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഇ ഹെൽത്ത് സേവനം കാര്യക്ഷമമാണെങ്കിലും ഒപി ടിക്കറ്റിനായി സൈറ്റിനെ ആശ്രയിക്കുന്നവർ വിരളമാണ്. ഈ സംവിധാനത്തെപ്പറ്റി പലരും അറിഞ്ഞിട്ടില്ല.
കേരള ജനസംഖ്യയുടെ 90 ശതമാനത്തിലേറെപ്പേർ (3,21,09,120 പേർ) ഇതിനകം റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു വെബ്സൈറ്റ് അവകാശപ്പെടുന്നു. എന്നാൽ 33,98,519 പേർ (10.58%) മാത്രമാണു പെർമനന്റ് യുണീക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ ഐഡി എടുത്തിട്ടുള്ളത്. ദിവസേന ഓൺലൈൻ ഒപി സംവിധാനം ഉപയോഗിക്കുന്നത് ആയിരത്തിൽ താഴെ പേർ മാത്രമാണ്.
∙ ഇ–ഹെൽത്ത് സംവിധാനം ഇങ്ങനെ:
സൈറ്റിൽ ലോഗിൻ ചെയ്തശേഷം ആധാർ നമ്പർ സമർപ്പിച്ചാൽ മൊബൈൽ നമ്പറിലേക്കു (റജിസ്റ്റർ ചെയ്ത) ഒടിപി വരും. ഒടിപി സമർപ്പിച്ചാൽ 16 അക്ക പഴ്സനൽ ഹെൽത്ത് ഐഡന്റിഫിക്കേഷൻ നമ്പർ ലഭിക്കും. ഈ നമ്പർ ഇ ഹെൽത്ത് കേരള സേവനങ്ങൾക്ക് ഉപയോഗിക്കാം. സംസ്ഥാനത്തെ ഏത് ആശുപത്രിയിലെയും ഒപി ടിക്കറ്റ് വീട്ടിലിരുന്നു ബുക്ക് ചെയ്യാൻ സാധിക്കും. ഒപി ടിക്കറ്റ് മാത്രമല്ല ലാബ് പരിശോധനാ ഫലങ്ങളും മൊബൈലിൽ ലഭിക്കും.