കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കുമുള്ള ആഹാരത്തിൽ പോഷകം നിറച്ചതിന്റെ വർഷങ്ങളുടെ പാരമ്പര്യമാണ് കുടുംബശ്രീ കൂട്ടായ്മയായ സമന്വയയ്‌ക്ക്. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന യൂണിറ്റ്
സ്‌ത്രീകളെ സ്വാശ്രത്വത്തിലേക്ക് നയിക്കുകയെന്ന വലിയ ലക്ഷ്യവും കൈയെത്തിപ്പിടിക്കുകയാണ്. സമന്വയ അമൃതം പൊടി നിർമാണ യൂണിറ്റ് ആശ്രയമായത് സംരംഭകരായ എട്ട് സ്‌ത്രീകളുടെ കുടുംബങ്ങൾക്കുകൂടിയാണ് .
2006ലാണ് സിഡിഎസ് സഹായത്തോടെ കൂത്തുപറമ്പ് നരവൂരിൽ സമന്വയ കുടുംബശ്രീ അമൃതംപൊടി നിർമാണ യൂണിറ്റ് തുടങ്ങിയത്. പ്രത്യേക പരിശീലനം നേടിയ എട്ട് വനിതകളാണ് നേതൃത്വം നൽകിയത്.
കുടുംബത്തിന് താങ്ങാവുന്നതോടൊപ്പം സ്വന്തം കാലിൽ ഉറച്ച് നിൽക്കാനുള്ള ധൈര്യവും ഈ യൂണിറ്റ് ഈ പെൺകൂട്ടായ്‌മയ്‌ക്ക് നൽകി. മഞ്ജു, ശോഭ, ശ്രീജ, ഷീന, ഷീബ, ലിജിന, വിജിന, ജിജിന എന്നിവരാണ് യൂണിറ്റിലെ അംഗങ്ങൾ. കൂത്തുപറമ്പ്, പാനൂർ നഗരസഭകൾ ഉൾപ്പെടെ ആറ് തദ്ദേശ സ്ഥാപനങ്ങളിലായി 6000 കിലോഗ്രാം അമൃതം പൊടിയാണ് ഒരു മാസം ഉൽപ്പാദിപ്പിക്കുന്നത്.
നഗരസഭയുടെ സഹായത്തിന് പുറമെ കൂത്തുപറമ്പ് സർവീസ് സഹകരണ ബാങ്കിൽനിന്ന് 2.20 ലക്ഷം രൂപ കടമെടുത്താണ് സംരംഭം ആരംഭിച്ചത്. നരവൂർപാറയിലെ വാടക കെട്ടിടത്തിൽനിന്ന് മാറി സ്വന്തമായി കെട്ടിടം നിർമിക്കാൻ സ്ഥലം വാങ്ങി. യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനാവുമെന്ന് പ്രതീക്ഷയിലാണ് ഇവർ
previous post