സംസ്ഥാനത്ത് വാഹനാപകടമരണം കുറയുന്നു. അഞ്ചുശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 2022ലെ കണക്ക് 2019ലേതുമായി താരതമ്യം ചെയ്യുമ്പോഴാണ് പ്രതീക്ഷ നൽകുന്ന വിവരം. കോവിഡ് കാലമായതിനാൽ 2020 ലും 2021 ലും അപകടത്തിലും മരണത്തിലും വൻകുറവ് ഉണ്ടായിരുന്നു. അതേസമയം അയൽ സംസ്ഥാനങ്ങളിൽ വാഹനാപകടങ്ങളും മരണവും വർധിക്കുകയാണ്. 2021ലെ ലഭ്യമായ കണക്കുകൾ പ്രകാരം തമിഴ്‌നാട്ടിൽ 16685 പേരും കർണാടകത്തിൽ 10038 പേരും മരിച്ചു. തെങ്കാലനയിൽ 7969 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തുതന്നെ ഏറ്റവും മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഉത്തർപ്രദേശിലാണ്. 24711 പേർ. കോവിഡ് കാലത്തിനുമുമ്പുള്ള കണക്കുകളുമായി വലിയ വർധന തമിഴ്‌നാട്ടിലുണ്ട്.
റോഡ് സുരക്ഷ അതോറിറ്റി, മോട്ടോർ വാഹനവകുപ്പ് , പൊലീസ്, പൊതുമരാമത്ത് വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവസ്വീകരിച്ച നടപടികളാണ് സംസ്ഥാനത്ത് വാഹനപ്പെരുപ്പത്തിനിടയിലും മരണനിരക്ക് കുറച്ചത്. റോഡ് കണക്‌റ്റിവിറ്റിയും സർക്കാർ മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ ചികിത്സാസൗകര്യവർധിപ്പിച്ചതും ട്രോമാകെയർ സംവിധാനം ഏർപ്പെടുത്തിയതും ഫലംകണ്ടു. അതേസമയം റോഡിൽ പൊലിയുന്നവരുടെ എണ്ണം നാലായിരത്തിന് മുകളിലായി തുടരുകയാണ്. 2023ൽ അപകടമരണങ്ങളിൽ പത്തുശതമാനം കുറവ് വരുത്താനാണ് റോഡ് സുരക്ഷ അതോറിറ്റിയും സർക്കാരും ശ്രമിക്കുന്നത്. ഇതിനായി ആക്‌ഷൻ പ്ലാന് രൂപം നൽകും
323 റോഡ് അപകടഇടനാഴികൾ
സംസ്ഥാനത്ത് 323 റോഡ് അപകടഇടനാഴികൾ റോഡ് സുരക്ഷ അതോറിറ്റി കണ്ടെത്തിയിട്ടുണ്ട് . മൂന്നുവർഷത്തെ അപകടങ്ങൾ പഠിക്കുകയും മറ്റ് ഏജൻസികളുമായി സ്ഥലം സന്ദർശിച്ച് നടത്തിയ പരിശോധനയിലുമാണ് ഇവ കണ്ടെത്തിയത്. സെപ്‌തംബറിലാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.ഇത് കലക്ടർമാർക്ക് അയച്ചിരിക്കുകയാണ്. ജില്ലാറോഡ് സുരക്ഷ കൗൺസിൽചേർന്ന് ഈ കോറിഡോറുകൾ അപകടരഹിതമാക്കാൻ നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. അതിന് ആവശ്യമായ ഫണ്ട് അതോറിറ്റി നൽകും.
മികച്ച തീരുമാനം
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് കുറഞ്ഞ സമയത്തിനകം മികച്ച ചികിത്സ നൽകാനാകണമെന്ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ എമർജൻസി വിഭാഗം തലവൻ ഡോ. കെ വി വിശ്വനാഥൻ പറഞ്ഞു . വിൻഡോ പിരീഡായി കണക്കാക്കുന്ന ഈ സമയത്ത് അടിയന്തര ചികിത്സ ലഭ്യമായില്ലെങ്കിൽ രോഗി മരണപ്പെടുന്ന സ്ഥിതിയുണ്ടാകും. 48 മണിക്കൂർ അടിയന്തര ചികിത്സ സൗജന്യമാക്കാനുള്ള സർക്കാർ ആലോചന മികച്ചതാണ്–-അദ്ദേഹം പറഞ്ഞു.