23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് മാലിന്യ മാഫിയ; അംഗീകാരമില്ലാത്ത ഏജൻസികൾക്കെതിരെ നടപടിക്ക് സർക്കാർ
Uncategorized

സംസ്ഥാനത്ത് മാലിന്യ മാഫിയ; അംഗീകാരമില്ലാത്ത ഏജൻസികൾക്കെതിരെ നടപടിക്ക് സർക്കാർ

സംസ്ഥാനത്തെ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന അംഗീകാരമില്ലാത്ത ഏജൻസികൾക്കെതിരായ പരിശോധനയും നടപടികളും ഏപ്രിൽ ആദ്യവാരം ആരംഭിക്കും. ബ്രഹ്മപുരം ദുരന്തം ആവർത്തിക്കാതിരിക്കാനാണു നീക്കം. ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി പിഴ ചുമത്തിയതും ഹൈക്കോടതിയുടെ നിർദേശങ്ങളും തദ്ദേശ വകുപ്പിനെയും സർക്കാരിനെയും സമ്മർദത്തിലാക്കിയിട്ടുണ്ട്.

ഇപ്പോഴും ചില നഗരസഭകളിലും പഞ്ചായത്തുകളിലും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത് അംഗീകൃത ഏജൻസികൾ അല്ല. അതതു തദ്ദേശ സ്ഥാപനങ്ങളുടെ വീഴ്ചയാണ് ജൈവ, അജൈവ മാലിന്യങ്ങൾ ഒന്നിച്ചെത്തി ബ്രഹ്മപുരത്തേതു പോലുള്ള മാലിന്യമലകൾ രൂപപ്പെടാൻ കാരണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ തദ്ദേശ വകുപ്പിന്റെ ഉന്നതതല യോഗങ്ങൾ വിലയിരുത്തി. നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അംഗീകാരമില്ലാത്ത ഏജൻസികളും ഉൾപ്പെടുന്ന ‘മാലിന്യ മാഫിയ’  ചില സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നെന്ന വിവരങ്ങളും പങ്കുവച്ചു. ചില ഏജൻസികൾ ഇവരിൽ ചിലരുടെ ബെനാമി ആണെന്ന ആരോപണവും ഉയർന്നു. യൂസർ ഫീയുടെ പേരിൽ ഹരിത കർമസേനയെ അകറ്റി നിർത്തുമ്പോൾ ഇത്തരം അംഗീകാരമില്ലാത്ത ഏജൻസികൾ മാസം തോറും ഫീസ് പിരിച്ച് മാലിന്യങ്ങൾ ഒഴിഞ്ഞ സ്ഥലങ്ങളിൽ തള്ളുന്നതായും വ്യക്തമായി.പ്രധാനമായും അജൈവമാലിന്യ ശേഖരണത്തിനായി രൂപീകരിച്ച ഹരിതകർമസേന 1034 തദ്ദേശസ്ഥാപനങ്ങളിലും (941 പഞ്ചായത്തുകൾ, 87 നഗരസഭകൾ, 6 കോർപറേഷനുകൾ) പ്രവർത്തിക്കുന്നതായി തദ്ദേശ വകുപ്പും ശുചിത്വ മിഷനും അവകാശപ്പെടുന്നുണ്ടെങ്കിലും പലയിടത്തും ചില വാർഡുകളിൽ മാത്രമാണു സാന്നിധ്യം.

ശാസ്ത്രീയസംസ്കരണം ഇങ്ങനെ

വിവിധതരം പ്ലാസ്റ്റിക്കും കടലാസും ഇരുമ്പ്, ചെരിപ്പ്, തെർമോക്കോൾ, ചില്ല് എന്നിവ ഹരിതകർമസേന വേർതിരിച്ചു ശേഖരിച്ചു വൃത്തിയാക്കി ആദ്യം മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റികളിൽ (എംസിഎഫ്) എത്തിക്കുകയും പിന്നീട് ഇവയിൽ ആവശ്യമുള്ളവ പൊടിച്ചും അട്ടിയാക്കിയും പുനരുപയോഗത്തിനും മറ്റും ഒരുക്കി റിസോഴ്സ് റിക്കവറി ഫെസിലിറ്റികളിൽ (ആർആർഎഫ്) തയാറാക്കി വയ്ക്കുകയും തുടർന്ന് ക്ലീൻ കേരള കമ്പനിക്കു കൈമാറുകയും ചെയ്യുന്നതാണു ശാസ്ത്രീയ രീതി. മുപ്പതിനായിരത്തിൽ പരം ഹരിതകർമസേനാംഗങ്ങൾക്ക് ഇതിനായി പരിശീലനം ലഭിക്കുന്നു.

പുനരുപയോഗിക്കാവുന്ന സാധനങ്ങൾക്ക് ക്ലീൻ കേരള കമ്പനി വില നൽകും. അല്ലാത്തവയ്ക്ക് കിലോയ്ക്ക് 10 രൂപ എന്ന തോതിൽ തദ്ദേശ സ്ഥാപനങ്ങൾ കമ്പനിക്കു പണം നൽകണം. ഇവ ഇതര സംസ്ഥാനങ്ങളിലെ സിമന്റ് ഫാക്ടറികളിലെ ചൂളകളിൽ കത്തിച്ചുകളയും. ഇത്തരം മാലിന്യം സിമന്റ് ഫാക്ടറികളിൽ സ്വീകരിക്കണമെന്ന് കേന്ദ്ര ഖരമാലിന്യ ചട്ടങ്ങളിൽ വ്യവസ്ഥ ഉണ്ട്. പക്ഷേ, മാലിന്യങ്ങൾ നിശ്ചിതരീതിയിൽ വൃത്തിയാക്കി വേണം എത്തിക്കാൻ. വേർതിരിക്കും തോറും അജൈവ മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യത കൂടുകയും തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിക്കേണ്ട പണം കുറയും ചെയ്യും എന്നതാണു മെച്ചം.

Related posts

8000 നൽകാനുള്ളപ്പോഴാണ് 3200 കൊണ്ടാടുന്നത്, 62 ലക്ഷം പേര്‍ മോദിയെയും പിണറായിയേയും പാഠം പഠിപ്പിപ്പിക്കും: ഹസൻ

Aswathi Kottiyoor

ബാറിൽ വാക്കുതർക്കം, സഹോദരനൊപ്പം മദ്യപിക്കാനെത്തിയ പോസ്റ്റൽ ജീവനക്കാരനെ വളഞ്ഞിട്ട് തല്ലി, ദാരുണാന്ത്യം

Aswathi Kottiyoor

അങ്ങാടി മരുന്നുപയോഗിച്ച വാറ്റിന് 1000, സാധാരണ ചാരായത്തിന് 700; വീട്ടിൽ ചാരായം ഉണ്ടാക്കി വിറ്റ യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox