കണ്ണൂർ: ജില്ലാ പഞ്ചായത്ത് 2023-24 വർഷം 125,12,79,639 വരവും 122,91,85,000 രൂപ ചെലവും 2,20,94,639 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അവതരിപ്പിച്ച ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്കാണ് മുൻതൂക്കം. വിദ്യാഭ്യാസ മേഖലയ്ക്ക് 27.10 കോടി രൂപ നീക്കിവച്ച ബജറ്റിൽ കാർഷിക മേഖലയിൽ 6.55 കോടിയും ടൂറിസം രംഗത്ത് 2.15 കോടിയും വനിതാ രംഗത്ത് 1.15 കോടിയും വകയിരുത്തി. കണ്ണൂരിനെ സമ്പൂർണ ശുചിത്വ വിദ്യാലയ ജില്ലയായി മാറ്റുന്നതിന് നാല് കോടി രൂപ വകയിരുത്തി. സമഗ്ര വിദ്യാഭ്യാസ പരിപാടി ഈ വർഷവും തുടരും. ഇതിനായി 40 ലക്ഷം രൂപ വകയിരുത്തി.* ലൈഫ് ഭവന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി 10.88 കോടി വകയിരുത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ബജറ്റ് ചർച്ചയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി. സരള, കെ.കെ. രത്നകുമാരി, യു.പി. ശോഭ,അംഗങ്ങളായ എം. രാഘവൻ, ഇ. വിജയൻ, തോമസ് വക്കത്താനം, എൻ.പി. ശ്രീധരൻ, ടി. തമ്പാൻ , വി. ഗീത, ടി.സി. പ്രിയ, എം. ജൂബിലി ചാക്കോ, കെ. താഹിറ, സി.പി. ഷിജു, എ. മുഹമ്മദ് അഫ്സൽ, ലിസി ജോസഫ്, കല്ലാട്ട് ചന്ദ്രൻ, എസ്.കെ. ആബിദ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷരായ പി.പി. ഷാജിർ, പി. വി. വത്സല, കെ. സുധാകരൻ, സെക്രട്ടറി എ.വി. അബ്ദുലത്തീഫ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി.ഗംഗാധരൻ എന്നിവർ പങ്കെടുത്തു.വിവിധ പദ്ധതികൾക്ക് വകയിരുത്തിയ തുക:
കാർഷികരംഗം
* വനാതിർത്തികളിൽ സൗരോർജതൂക്കുവേലി സ്ഥാപിക്കാൻ ഒരു കോടി.
* ലഘുകാർഷികോപകരണങ്ങൾ രൂപപ്പെടുത്താനുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന് 5.5 ലക്ഷം, കാർഷിക യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കാൻ 11 ലക്ഷം.
* കുറ്റ്യാട്ടൂർ മാങ്ങയിൽ നിന്ന് മാംഗോ ഹണി യൂണിറ്റുകൾ ആരംഭിക്കാൻ മൂന്ന് ലക്ഷം രൂപ.
* കൃഷി ഫാമുകളിൽ തനത് വരുമാനം വർധിപ്പിക്കാൻ തേനീച്ച വളർത്താൻ അഞ്ച് ലക്ഷം.
* ജില്ലാ കൃഷി ഫാമിൽ ഹൈടെക് നഴ്സറി സ്ഥാപിക്കാൻ 10 ലക്ഷം.
* തോടുകളിലും ചെറുപുഴകളിലും തടയണയും വിസിബികളും നിർമിക്കാൻ 50 ലക്ഷം.
* ചെറുതല്ല ചെറുധാന്യം പദ്ധതിയിൽ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കാൻ അഞ്ച് ലക്ഷം.
* നെൽകൃഷി പ്രോത്സാഹനത്തിന് 1.20 കോടിയും കൈപ്പാട് കൃഷി പ്രോത്സാഹനത്തിന് 25 ലക്ഷവും. പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 64 ലക്ഷം.
* കരിമ്പത്തെ ജില്ലാ കൃഷി ഫാം അപൂർവവും വൈവിധ്യമാർന്നതുമായ മാവുകളുടെ സംരക്ഷണ കേന്ദ്രമായി മാറ്റാനായി മാംഗോ മ്യൂസിയം സ്ഥാപിക്കാൻ രണ്ട് ലക്ഷം.
* ആയുർവേദ മരുന്ന് ചെടികളുടെ ലഭ്യത ഉറപ്പു വരുത്താനാവശ്യമായ മെഡിസിൻ പ്ലാന്റ് നഴ്സറി തയറാക്കുന്നതിനും വിപണനം ഉറപ്പുവരുത്താനുമായി അഞ്ച് ലക്ഷം.
* വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാൻ ചെത്തിക്കൊടുവേലി ഉപയോഗിച്ച് ജൈവവേലി നിർമിക്കുന്നത് കൃഷി ഫാമുകളിൽ ചെത്തിക്കൊടുവേലി തൈകൾ ഉത്പാദിപ്പിക്കാൻ രണ്ട് ലക്ഷം.
* ചക്ക, മാങ്ങ, കശുമാങ്ങ, ചാമ്പങ്ങ, പേരക്ക തുടങ്ങിയ പഴവർഗങ്ങൾ സംഭരിക്കാനും അത് ശാസ്ത്രീയമായി സംസ്കരിക്കാനും കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ പഴവർഗ സംസ്കരണ യൂണിറ്റ് ആരംഭിക്കാൻ മൂന്ന് ലക്ഷം.
* കരിമ്പം കൃഷി ഫാമിൽ ഫാം എക്സിബിഷൻ ഡെമോ യൂണിറ്റ് സ്ഥാപിക്കാൻ അഞ്ച് ലക്ഷം.
* കാർഷിക മേഖലയിലെ യന്ത്രവത്കരണവും ആധുനിക കൃഷിരീതികളും വളപ്രയോഗങ്ങളും കീടനിയന്ത്രണ സംവിധാനങ്ങളും കർഷകരെ പരിചയപ്പെടുത്താനും വിപണനത്തിന്റെയും മൂല്യവർധിത ഉത്പന്നങ്ങളുടെ സാധ്യതകൾ കർഷകർക്ക് മനസിലാക്കാനും സഹായകരമായ ‘ഫാർമേഴ്സ് കോൺക്ലേവ് സംഘടിപ്പിക്കുന്നതിന് 10 ലക്ഷം.
* എല്ലാ സീസണിലും പൂവ് കൃഷി ചെയ്ത് ലഭ്യമാക്കാൻ സംരംഭകർക്ക് പ്രോത്സാഹനമായി 10 ലക്ഷം രൂപയും ഓണത്തിന് ഒരു കൊട്ട പൂവ്’ചെണ്ടുമല്ലി കൃഷിക്ക് 15 ലക്ഷം.
* കല്ലുമ്മക്കായ കൃഷി പ്രോത്സാഹിപ്പിക്കാൻ 15 ലക്ഷം.
* പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ ആറ് ലക്ഷം.
* കൃഷിഫാമുകളെ ശക്തിപ്പെടുത്താനും ജില്ലയിലെ കാർഷിക മുന്നേറ്റത്തിന് സഹായക മാക്കാനുമായി 3.55 കോടി.
* ക്ഷീരസംഘങ്ങൾ മുഖേന ശേഖരിക്കുന്ന പാലിന് സബ്സിഡി നൽകാൻ ഒന്നര കോടിയും കമ്യൂണിറ്റി ക്യാറ്റിൽ ഷെഡ് എന്റർപ്രൈസസ് കം മിനി ഡയറി ഫാമിന് അഞ്ച് ലക്ഷം.
* ക്ഷീരവികസനം ലക്ഷ്യമാക്കി മികച്ച കന്നുകുട്ടികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം വെച്ച് കാഫ് ബൂസ്റ്റർ പദ്ധതി നടപ്പിലാക്കാൻ രണ്ടര ലക്ഷം.
* കൊമ്മേരി ആട് ഫാമിന്റെ വികസനത്തിന് 30 ലക്ഷം .
* ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ വികസനത്തിനും ദൈനംദിന പ്രവർത്ത നങ്ങൾക്കുമായി 98 ലക്ഷം .
* പെരിങ്ങോം-വയക്കരയിൽ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള അഞ്ച് ഏക്കർ വിസ്തൃതിയുളള കുളത്തിൽ മീൻ വളർത്താൻ രണ്ട് ലക്ഷം രൂപയും, സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ 20 ലക്ഷം.
* കണ്ണൂർ ചില്ലീസ് മുളക് കൃഷി ആരംഭിക്കുന്നതിന് 10 ലക്ഷം.
സ്ത്രീമുന്നേറ്റം
* കുടുംബശ്രീ ഗ്രൂപ്പുകൾക്ക് തൊഴിൽ സംരംഭമായി ജില്ലയിലെ സ്കൂളുകളിൽ സ്കൂഫെ-കഫെ അറ്റ് സ്കൂൾ പദ്ധതിക്ക് 40 ലക്ഷം.
* വനിതാ ഗ്രൂപ്പുകൾക്ക് ആട് ഫാം യൂണിറ്റുകൾ ആരംഭിക്കാൻ 15 ലക്ഷം.
* വനിതകൾക്കും പെൺകുട്ടികൾക്കും ആയോധനകല, നീന്തൽ പരിശീലനം അഞ്ച് ലക്ഷം രൂപ.
* വിധവകൾക്ക് തൊഴിൽ സംരംഭങ്ങളും പുനർ വിവാഹത്തിന് വിധവാ മാട്രിമോണിയലും ആരംഭിക്കുവാൻ അഞ്ച് ലക്ഷം.
* ഷീനൈറ്റ് ഫെസ്റ്റ് സംഘടിപ്പിക്കാൻ 20 ലക്ഷം.
* വർക്കിംഗ് വിമൻസ് ഹോസ്റ്റൽ സ്ഥാപിക്കാൻ ഒരു കോടി 70 ലക്ഷം.
വിനോദസഞ്ചാരം
* പ്രകൃതി ഭംഗിയാൽ മനോഹരമായ ആലക്കോട് പഞ്ചായത്തിലെ കാപ്പിമലയിൽ ടൂറിസ്റ്റ് വില്ലേജിനായി 50 ലക്ഷം.
* ഗ്രാമപഞ്ചായത്തുകളിൽ പുതുതായി വികസിപ്പിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 25 ലക്ഷം.
* ന്യൂമാഹി എം.മുകുന്ദൻ പാർക്കിന്റെ വിപുലീകരണത്തിനും നവീകരണത്തിനുമായി 1.15 കോടി രൂപ.
* പൈതൽമല, പാലക്കയംതട്ട്, പാലുകാച്ചിമല, ചാൽ ബീച്ച് എന്നിവിടങ്ങളിൽ വിൻഡ് മിൽ സ്ഥാപിച്ച് കാറ്റിൽനിന്ന് വൈദ്യുതി ഉത്പാദനം ആരംഭിക്കാനുളള സാധ്യതാ പഠനത്തിനും പ്രാഥമിക പ്രവർത്തനങ്ങൾക്കുമായി 13 ലക്ഷം.
* ചരിത്ര സ്മാരകങ്ങളായ കണ്ണൂർ കോട്ട, അറക്കൽ കൊട്ടാരം, മ്യൂസിയം, ചിറക്കൽ കൊട്ടാരം, ഏഴിമല, പുരാതന ക്ഷേത്രങ്ങൾ, മറ്റ് ആരാധനാലയങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, കണ്ണൂരിലെ തനത് ഭക്ഷണ വിഭവങ്ങൾ, കലകൾ, കണ്ണൂർ കൈത്തറി തുടങ്ങിയവയെല്ലാം ലോകത്തിന് പരിചയപ്പെടുത്താനും സാധിക്കും വിധം ഹെറിറ്റേജ് ബിനാലെ സംഘടിപ്പിക്കാൻ 50 ലക്ഷം.
* കണ്ടൽ മ്യൂസിയം സ്ഥാപിക്കുന്നതിന് 10 ലക്ഷം.
ആരോഗ്യരംഗം
* കണ്ണൂർ ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് 4.08 കോടി.
* കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഒന്നര കോടി.
* കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയെ ജനനി എക്സലൻസ് സെന്ററായി ഉയർത്താൻ 20 ലക്ഷം, ജില്ലാ ഹോമിയോ ആശുപത്രിയിൽ പുതിയ കെട്ടിടം നിർമിക്കാൻ 50 ലക്ഷവും വാഹനം വാങ്ങാൻ 15 ലക്ഷവും. സിസിടിവി സ്ഥാപിക്കാൻ രണ്ട് ലക്ഷവും കെട്ടിടത്തിന്റെ മെയിന്റൻസിന് 20 ലക്ഷവും. സെക്കൻഡറി പാലിയേറ്റീവ് സെന്ററിന് 10 ലക്ഷം. പുതിയ കെട്ടിടങ്ങൾക്ക് മാസ്റ്റർ പ്ലാൻ തയാറാക്കാൻ നാല് ലക്ഷം രൂപയും ലാബ് റീ ഏജന്റ് വാങ്ങാൻ 12 ലക്ഷവും, ദൈനംദിന ചെലവുകൾക്ക് രണ്ട് ലക്ഷം രൂപയുമടക്കം ആകെ 1.35 കോടി.
* കണ്ണൂർ ജില്ലാ ആശുപത്രിയിൽ 24×7 സമയങ്ങളിലും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്കിന്റെ തുടർ നടത്തിപ്പിനായി 20 ലക്ഷം.
* ട്രാൻസ്പാരന്റ്െ ആംബുലൻസ്: ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പുതിയ ആംബുലൻസ് വാങ്ങുന്നതിന് 20 ലക്ഷം രൂപ.
* ആരോഗ്യ വിദ്യാഭ്യാസത്തിലൂടെ രോഗികളുടെ എണ്ണത്തിൽ കുറവ് വരുത്താനും, രോഗ പ്രതിരോധത്തിനുമായി ജനകീയ ആരോഗ്യ സാക്ഷരതാ പ്രചാരണം ആരംഭിക്കാൻ രണ്ട് ലക്ഷം.
* വൃക്ക, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർക്ക് തുടർച്ച ലഭ്യമാക്കൽ പദ്ധതിയിലൂടെ രോഗം ബാധിച്ച പാവപ്പെട്ടവർക്ക് സർക്കാർ സ്ഥാപനമായ കാരുണ്യ ഫാർമസിയിൽ നിന്നും മരുന്നുകൾ ലഭ്യമാക്കി ജില്ലാ ആശുപത്രിയിലെ സ്നേഹ ജ്യോതി ക്ലിനിക്കിൽ നിന്നും മരുന്ന് നൽകുന്ന ഈ പദ്ധതി ക്കായി 1.20 കോടി.* കാൻസർ നിയന്ത്രണത്തിനായി നടപ്പിലാക്കുന്ന കണ്ണൂർ ഫൈറ്റ് കാൻസർ പദ്ധതിക്ക് 20 ലക്ഷം .
വിദ്യാഭ്യാസം
* ബഡ്സ് സ്കൂളുകൾക്ക് ധനസഹായം നൽകുന്നതിന് 50 ലക്ഷം.
* കണ്ണൂർ സയൻസ് പാർക്കിന്റെ വിപുലീകരണത്തിനും ആധുനികവത്കരണത്തി നുമായി 80 ലക്ഷം.
* പട്ടികവർഗക്കാരായ 12ാം ക്ലാസ് വിദ്യാർഥികൾക്ക് പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാൻ സഹായിക്കാൻ എൻട്രൻസ് പരിശീലനം നൽകാൻ രണ്ട് ലക്ഷം.
* പട്ടികവർഗ യുവതീ യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തിന് 25 ലക്ഷം.
* പട്ടികവർഗ വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്നതിന് അഞ്ച് ലക്ഷം.
* പട്ടികവർഗ വിദ്യാർഥിനികൾക്ക് ഹൈജീൻകിറ്റ് വിതരണം ചെയ്യാൻ രണ്ടര ലക്ഷം.
* ലിംഗസമത്വത്തെകുറിച്ചും ലിംഗനീതിയെ കുറിച്ചും വിദ്യാർഥികളിൽ അവബോധമുണ്ടാക്കുന്നതിന് ജൻഡർ ക്ലബ് രൂപീകരിക്കും.
* പട്ടികവർഗ യുവതീ യുവാക്കൾക്ക് യൂണിഫോം സേനയിൽ ജോലി ലഭിക്കാൻ പരിശീലനം നൽകാൻ ഏഴ് ലക്ഷം.
* പട്ടികജാതി യുവതീ യുവാക്കൾക്ക് സൈന്യത്തിൽ ചേരുന്നതിന് പ്രീ-റിക്രൂട്ടിംഗ് ട്രെയിനിംഗ് നൽകുന്നതിന് 10 ലക്ഷം രൂപയും, ഹെവി ഡ്രൈവിംഗ് പരിശീലനത്തിന് അഞ്ച് ലക്ഷം.
* ഭിന്നശേഷി രക്ഷിതാക്കൾക്ക് തൊഴിൽ പരിശീലനത്തിന് അഞ്ച് ലക്ഷം രൂപയും ഭിന്നശേഷിക്കാർക്ക് മുച്ചക്രങ്ങൾ വാങ്ങുന്നതിന് 20 ലക്ഷവും പ്രീ വൊക്കേഷണൽ തൊഴിൽ പരിശീലനത്തിന് 10 ലക്ഷവും.
* ബഡ്സ് സ്കൂളുകളിൽ സംഗീത സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അഞ്ച് ലക്ഷം.
* പട്ടികജാതി യുവതീ യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തിന് നാല് ലക്ഷവും ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് നൽകുന്നതിന് അഞ്ച് ലക്ഷവും.* മുഴുവൻ ഹൈസ്കൂൾ ,ഹയർ സെക്കൻഡറി സ്കൂളുകളും കേന്ദ്രീകരിച്ച് രക്ഷാകർതൃ ബോധവൽക്കരണം നടത്താൻ പരിശീലന സാമഗ്രികൾ തയാറാക്കാനും പരിശീലനത്തിനും തുടർ പ്രവർത്തനങ്ങൾക്കുമായി ഒരു ലക്ഷം.
മറ്റ് പ്രധാന പദ്ധതികൾ
* കണ്ണപുരം, ന്യൂമാഹി പഞ്ചായത്തുകളെ പലഹാര ഗ്രാമങ്ങളാക്കി മാറ്റാൻ 20 ലക്ഷം.
* സമുദായ ശ്മശാനങ്ങൾ പൊതുശ്മശാനങ്ങൾ ആയി മാറ്റാൻ തയാറുള്ളിടത്ത് സമുദായശ്മശാനങ്ങളെ ആധുനികവത്കരിച്ച് പൊതുശ്മശാനങ്ങളാക്കി മാറ്റുന്ന ‘സർവ്വശാന്തി’ക്ക് 30 ലക്ഷം.
* പട്ടികജാതി ഗ്രൂപ്പുകൾക്ക് വാദ്യസംഘം ആരംഭിക്കുവാൻ 25 ലക്ഷം.
* ആറളം നവജീവൻ കോളനിയുടെ സമഗ്ര വികസനത്തിന് 40 ലക്ഷം.
* കുഞ്ഞിമംഗലത്ത് വെങ്കലഗ്രാമം പദ്ധതിക്ക് 20 ലക്ഷം.
* കല്യാശേരി സിവിൽ സർവീസ് അക്കാഡമിയിൽ നൈപുണ്യ പരിശീലന കേന്ദ്രം ആരംഭിക്കാൻ 40 ലക്ഷം.
* പായം പഞ്ചായത്തിനെ ബാംബു ഗ്രാമമാക്കാൻ 10 ലക്ഷം.
* അഞ്ച് കോടി രൂപ ചെലവഴിച്ച് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കും.
* ജില്ലയിൽ പുതിയ വ്യവസായ പാർക്കുകൾക്ക് സ്ഥലം വാങ്ങുന്നതിന് ഒന്നര കോടി.
* ആനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്രത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ വാഹനം വാങ്ങാൻ 12 ലക്ഷം, മറ്റ് സൗകര്യങ്ങൾ ഒരുക്കാൻ 30 ലക്ഷം.
* ഹെൽത്തി ഡിസ്ട്രിക്ട് പദ്ധതിക്ക് 10 ലക്ഷം രൂപയും ജില്ലയിലെ യുവജന ക്ലബ്ബുകൾക്ക് കായിക ഉപകരണങ്ങൾ വിതരണം ചെയ്യാൻ 30 ലക്ഷം.
* കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ജലം സുലഭം, ജല സംരക്ഷണ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി.
* ഹരിത കർമസേനാംഗങ്ങൾക്ക് യൂണിഫോം നൽകുന്നതിന് 25 ലക്ഷം.
* റോഡുകളുടെഅറ്റകുറ്റപ്പണികൾക്കുമായി എട്ട് കോടി രൂപ . ജില്ലാ പഞ്ചായത്ത് റോഡുകളിലെ പാലങ്ങളും കൾവർട്ടുകളും പുതുക്കി പണിയുന്നതിന് ഒരു കോടി.
* ജില്ലാ പഞ്ചായത്തിന്റെകീഴിലുളള ഘടകസ്ഥാപനങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കാൻ നാലര കോടി.
* കണ്ണൂരിന്റെ സവിശേഷതകളോടുകൂടിയ, ഉയർന്ന ഗുണനിലവാരമുളള കൈത്തറി ത്തുണികൾ ഉത്പാദിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകാൻ കണ്ണൂർ പുടവയ്ക്ക് 12 ലക്ഷം.
* തോട്ടടയിലെ ബ്രെയിലി പ്രിന്റിംഗ് സൌകര്യങ്ങൾ മെച്ചപ്പെടുത്തി കാഴ്ച പരിമിതിയുളളവർക്കായി ബ്രെയിൽ ലിപിയിൽ വായനാ സാമഗ്രികൾ ലഭ്യമാക്കാൻ നാല് ലക്ഷം രൂപ. 2023-24 വർഷത്തിൽ 10 പുസ്തകങ്ങളെങ്കിലും തയ്യാറാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
* വയോജനങ്ങൾക്കായി വായനശാലകളിലും അങ്കണവാടികളിലും പകൽ വീട് ഒരുക്കാൻ ഏഴ് ലക്ഷവും വയോജന കേന്ദ്രങ്ങളും പകൽ വീടുകളും മറ്റും കേന്ദ്രീകരിച്ച് കലാവിരുന്ന് സായന്തനത്തിലെ സായാഹ്ന വിരുന്ന് ഒരുക്കാൻ 15 ലക്ഷവും.