ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണൽ 100 കോടിയ രൂപ പിഴ ചുമത്തി. ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറി മുമ്പാകെ തുക കെട്ടിവെയ്ക്കണം. ദുരന്തം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ തുക വിനിയോഗിക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ട്രിബ്യൂണൽ നിർദേശിച്ചു.
ട്രിബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് അധ്യക്ഷൻ ജസ്റ്റീസ് ആദർശ് കുമാർ ഗോയലിന്റെ നേതൃത്വത്തിലാണ് വിഷയം പരിഗണിച്ചത്. 13ന് വെെകീട്ട് തീയണച്ചുവെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അഡീഷണൽ ചീഫ് സെക്രട്ടറി വി വേണു സത്യവാങ്മൂലം നൽകിയിരുന്നു. പ്ലാന്റിലേക്ക് ജൈവമാലിന്യം കൊണ്ടുവരുന്നത് കുറയ്‌ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും സംസ്ഥാനസർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു.ബ്രഹ്മപുരം വിഷയത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ഹരിതട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തത്. ഈ വിഷയത്തിൽ കേരളാഹൈക്കോടതിയിൽ നടപടികൾ പുരോഗമിക്കുന്നുണ്ടെന്ന് സംസ്ഥാനസർക്കാർ ഹരിതട്രൈബ്യൂണലിനെ അറിയിച്ചു. സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയന്ത്‌മുത്തുരാജും സ്‌റ്റാൻഡിങ്ങ് കോൺസൽ നിഷേരാജൻഷൊങ്കറും ബ്രഹ്മപുരത്തെ നിലവിലെ സാഹചര്യങ്ങൾ ട്രൈബ്യൂണലിനെ ബോധ്യപ്പെടുത്തി.