ബെംഗളൂരു ∙ ഹിമാചൽ പ്രദേശ് സ്വദേശിനി എയർഹോസ്റ്റസ് കോറമംഗലയിലെ അപ്പാർട്മെന്റിന്റെ നാലാം നിലയിൽ നിന്നു വീണു മരിച്ച സംഭവത്തിൽ അറസ്റ്റിലായത് മലയാളി യുവാവ്. കാസർകോട് സ്വദേശിയായ സുഹൃത്ത് ആദേശിനെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 11ന് പുലർച്ചെ ഫ്ലാറ്റിൽ നിന്ന് അർച്ചന ധിമൻ (28) വീണതിനു പിന്നാലെ ആദേശ് പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദേശ് മകളെ തള്ളിയിടുകയായിരുന്നെന്ന അർച്ചനയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. നഗരത്തിലെ ഒരു സോഫ്റ്റ്‌വെയർ സ്ഥാപനത്തിലെ ജീവനക്കാരനാണ് ആദേശ്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ഇരുവരും 7 മാസമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദുബായിൽ നിന്ന് അർച്ചന 7നാണ് ബെംഗളൂരുവിൽ എത്തിയത്. കുറച്ചുനാളുകളായി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.
ബന്ധം പിരിയാൻ തീരുമാനിച്ചതിനെ തുടർന്നാണ് അർച്ചന ദുബായിൽനിന്നു ബെംഗുളൂരുവിൽ എത്തിയതെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രി ഇരുവരും തിയറ്ററിൽ സിനിമ കാണാൻ പോയി. ഇതിനുശേഷം താമസസ്ഥലത്ത് തിരിച്ചെത്തിയതു പിന്നാലെയാണ് അർച്ചന നാലാം നിലയിൽനിന്നു വീണു മരിച്ചത്. തർക്കത്തെ തുടർന്ന് ആദേശ് തള്ളിയിട്ടതാണെന്നാണ് പൊലീസ് നിഗമനം. സംഭവസമയത്ത് അർച്ചന മദ്യപിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.