തെക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ കനത്ത നാശം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്. മലാവിയിലും മൊസാംബിക്കിലുമായി 100-ലധികം പേർ മരണപ്പെട്ടു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഫ്രെഡി ചുഴലിക്കാറ്റ് കരയറുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റെന്ന റെക്കോർഡ് നേടിയ ഫ്രഡ്ഡി ചുഴലിക്കാറ്റ് മൊസാംബിക്കിൽ രണ്ടാം തവണയും കരയറുന്നത്
ഫ്രെഡി വാരാന്ത്യത്തിൽ കൂടുതൽ ഉൾനാടുകളിലേക്ക് പോകുമെന്നും മൊസാംബിക്കിലും തെക്കൻ മലാവിയിലും കനത്ത മഴ സൃഷ്ടിക്കുമെന്നും, സിംബാബ്‌വെയിലും സാംബിയയിലും മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ഫ്രഞ്ച് കാലാവസ്ഥാ ഏജൻസിയായ മെറ്റിയോ-ഫ്രാൻസ് മുന്നറിയിപ്പ് നൽകി. വരും ആഴ്‌ചയിൽ ചുഴലിക്കാറ്റ് കരയിൽ ദുർബലമാകാൻ സാധ്യതയില്ലെന്നും കടലിലേക്ക് തിരികെ പോകാനുള്ള ഉയർന്ന സാധ്യതയുണ്ടെന്നും മെറ്റിയോ-ഫ്രാൻസ് ആശങ്ക ഉയർത്തി.
ഏകദേശം 200 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കൂടാതെ 16 പേരെ കാണാനില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്ലാന്റൈറിലെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രണ്ട് ടൗൺഷിപ്പുകളായ ചിലോബ്‌വെയിലും എൻദിരാൻഡെയിലും ആളുകൾക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു