കൊച്ചി∙ ബ്രഹ്മപുരത്തെ തീയും പുകയും ഏറെക്കുറേ പൂര്‍ണമായി നിയന്ത്രണ വിധേയമായതായി എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. മാര്‍ച്ച് മൂന്നിന് ബ്രഹ്മപുരത്തുനിന്ന് കടുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ മുതല്‍ 12ാം തീയതി വരെയുള്ള വിഡിയോ സഹിതമാണ് കലക്ടര്‍ സമൂഹമാധ്യമത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇന്നു തന്നെ പൂര്‍ണമായും പുക നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നും ഉദ്യമം അവസാനിപ്പിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും കലക്ടര്‍ വ്യക്തമാക്കി.
കലക്ടറുടെ പോസ്റ്റ്
തീയും പുകയും ഒഴിഞ്ഞ ബ്രഹ്മപുരം. ബ്രഹ്മപുരത്തെ തീയും പുകയും ഏറെക്കുറെ പൂർണമായിത്തന്നെ നിയന്ത്രണ വിധേയമായിരിക്കുകയാണ്. പ്ലാന്റ് പ്രദേശത്തെ 7 സെക്ടറുകളായി തിരിച്ച് കഴിഞ്ഞ 10 ദിവസമായി തുടർന്ന രക്ഷാപ്രവർത്തനത്തിലൂടെ 7 സെക്ടറുകളിൽ 5 സെക്റ്ററുകൾ കഴിഞ്ഞ ദിവസം തന്നെ പൂർണമായും നിയന്ത്രണവിധേയമായിരുന്നു.
ഇന്നത്തെ പ്രവർത്തനങ്ങൾക്കൊടുവിൽ എല്ലാ സെക്റ്ററുകളിലെയും തീയും പുകയും ഏറെക്കുറെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ട്. ഇന്നുതന്നെ പൂർണമായും പുക നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്നും ഉദ്യമം അവസാനിപ്പിക്കാമെന്നുമാണ് പ്രതീക്ഷിക്കുന്നത്.തീ അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും തീയും പുകയും വമിക്കാനുള്ള സാധ്യതയുള്ളതിനാൽ നിരന്തര നിരീക്ഷണം നടത്തും. ഏതു സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തിൽ അഗ്‌നിശമന ഉപകരണങ്ങൾ സജ്ജമായിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
തീ അണച്ച കൂനകളിൽ ചെറിയ രീതിയിൽ പോലും പുക ഉയരുന്നുണ്ടെങ്കിൽ കണ്ടെത്താൻ പട്രോളിംഗ് സംഘം രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകൾ കണ്ടെത്തുന്നതിന് തെർമൽ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും.