കേരളത്തെ പൊള്ളിച്ച് പകൽ താപനില കുതിച്ചുയരുന്നു. മിക്ക ജില്ലകളിലും മധ്യാഹ്ന വെയിലിൽ പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. പകൽച്ചൂട് ക്രമാതീതമായി കുതിക്കുന്ന കണ്ണൂർ ജില്ലയിലെ ചെന്പേരിയിൽ ഇന്നലെയും കൂടിയ താപനില 40 ഡിഗ്രി സെൽഷസ് കടന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽനിന്നുള്ള കണക്കു പ്രകാരം ചെന്പേരിയിൽ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 40.5 ഡിഗ്രി സെൽഷസാണ്. ആറളത്ത് 39.9 ഡിഗ്രി സെൽഷസും അയ്യൻകുന്നിൽ 39.4 ഡിഗ്രിയും ഇരിക്കൂരിൽ 39.7 ഡിഗ്രിയും ചെറുവാഞ്ചേരിയിൽ 38.4 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു.
മറ്റു ജില്ലകളിലും പകൽ താപനിലയിൽ കാര്യമായ വർധനവാണുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. മിക്ക ജില്ലകളിലും പകൽ താപനില 36 ഡിഗ്രി സെൽഷസിനും മുകളിലെത്തിയിട്ടുണ്ട്.
എറണാകുളം ജില്ലയിൽ നാലിടങ്ങളിൽ പകൽ താപനില 37 ഡിഗ്രി സെൽഷസിനും മുകളിലെത്തി. ചൂണ്ടിയിൽ 38.4 ഡിഗ്രിയും കളമശേരിയിൽ 37.1 ഡിഗ്രിയും കൂത്താട്ടുകളത്ത് 37.7 ഡിഗ്രിയും വടക്കൻ പറവൂരിൽ 37.6 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി.
കാസർഗോഡ് ജില്ലയിലെ പനത്തൂരിൽ 39.4 ഡിഗ്രി ചൂടാണ് ഇന്നലെ അനുഭവപ്പെട്ടത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ 36.6 ഡിഗ്രിയും പാരിപ്പള്ളിയിൽ 36.3 ഡിഗ്രിയും ചൂട് രേഖപ്പെടുത്തിയപ്പോൾ ആലപ്പുഴ ജില്ലയിൽ കായംകുളത്തും തൈക്കാട്ടു ശേരിയിലും താപനില 36 ഡിഗ്രി സെൽഷസ് ചൂട് അനുഭവപ്പെട്ടു.
കോട്ടയത്ത് പൂഞ്ഞാറിലും വടവാതൂരിലും ചൂട് 37 ഡിഗ്രി സെൽഷസിനു മുകളിലെത്തി. പൂഞ്ഞാറിൽ 37.4 ഡിഗ്രി സെൽഷസും വടവാതൂരിൽ 37.7 ഡിഗ്രി സെൽഷസ് ചൂടാണ് രേഖപ്പെടുത്തിയത്.
കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് 36.2 ഡിഗ്രി ചൂട് അനുഭവപ്പെട്ടപ്പോൾ മലപ്പുറം മുണ്ടേരിയിൽ 38 ഡിഗ്രി സെൽഷസ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്.
പാലക്കാട് ജില്ലയിലെ ഒൻപതിടങ്ങളിൽ പകൽ താപനില 36 ഡിഗ്രി സെൽഷസിനും മുകളിലെത്തി. മലന്പുഴയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്, 38.2 ഡിഗ്രി സെൽഷസ്.
പത്തനംതിട്ടയിൽ അഞ്ചിടങ്ങളിൽ ചൂട് 36 ഡിഗ്രിക്കു മുകളിലെത്തി. ജില്ലയിലെ ഉളനാട്ടിൽ 38.3 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്.
തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ പകൽ താപനില 37 ഡിഗ്രി കടന്നപ്പോൾ ജില്ലയിലെ പാലോട് 38.2 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്.
തൃശൂരിലെ പീച്ചിയിലും വെള്ളാനിക്കരയിലും പകൽ ചൂട് ഉയരുകയാണ്. പീച്ചിയിൽ 38.8 ഡിഗ്രിയും വെള്ളാനിക്കരയിൽ 38.2 ഡിഗ്രി സെൽഷസ് ചൂടാണ് ഇന്നലെ അനുഭവപ്പെട്ടതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.