ബെംഗളൂരു∙ മണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കാണാൻ അമ്മയ്ക്കൊപ്പം എത്തിയ ബാലന്റെ കറുത്ത ടീ–ഷർട്ട് പൊലീസ് അഴിപ്പിച്ചു. റാലി നടക്കുന്നതിന്റെ പരിസരത്തേയ്ക്ക് കുട്ടിയുമായി വന്നപ്പോഴാണ് മകന്റെ ടീ–ഷർട്ട് ഊരാൻ പൊലീസ് അമ്മയോട് പറഞ്ഞത്. ഇതോടെ കുട്ടിക്കു മേൽവസ്ത്രമില്ലാതെ അമ്മ പരിശോധനകൾ പൂർത്തിയാക്കി. ഇതിനുശേഷം ടീ–ഷർട്ട് ധരിപ്പിക്കാൻ അമ്മ ശ്രമിച്ചെങ്കിലും പൊലീസ് വീണ്ടും തടഞ്ഞു.
ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേയുടെ ഉദ്ഘാടത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മണ്ഡ്യയിലെത്തിയത്. നഗരത്തിൽ സംഘടിപ്പിച്ച മെഗാ റോഡ് ഷോയ്ക്കു പിന്നാലെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. മണ്ഡ്യയിലെ റോഡിന്റെ ഇരുവശങ്ങളിലും കാത്തുനിന്ന വൻ ജനാവലി പൂക്കൾ വർഷിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വാഹനത്തിന്റെ ഡോറിൽ നിന്ന് പ്രധാനമന്ത്രി ഇവരെ കൈവീശി അഭിവാദ്യം ചെയ്തു. കാറിന്റെ ബോണറ്റിൽ വീണ പൂക്കൾ കയ്യിലെടുത്ത് മോദി ജനങ്ങൾക്കു നേരെയും വർഷിച്ചു.
15,900 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഒറ്റദിവസം തുടക്കംകുറിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകയിൽ രണ്ടര മാസത്തിനിടെ ആറാമതാണ് മോദി എത്തുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ധാർവാഡ് ക്യാംപസ്, ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിലെ ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോം, ഹൊസ്പേട്ട് റെയിൽവേ സ്റ്റേഷൻ, ശുദ്ധജലവിതരണ പദ്ധതികൾ എന്നിവയ്ക്കും തുടക്കമായി.