ചുട്ടുപൊള്ളുന്ന വേനലില്‍ കബനി നദി വരണ്ടുണങ്ങുകയാണ്. കുടിവെള്ളത്തിനും കൃഷിക്കുമായി കബനിയെ ആശ്രയിച്ചിരുന്ന കേരളത്തിന്‍റെ അതിര്‍ത്തിഗ്രാമങ്ങളില്‍ ജലക്ഷാമം രൂക്ഷമായി. ബീച്ചനഹള്ളി അണക്കെട്ട് തുറന്ന് കബനി നദിയില്‍ നിന്നുള്ള വെള്ളം കര്‍ണാടക കൂടുതലായി ഉപയോഗിച്ച് തുടങ്ങിയതും തിരിച്ചടിയായെന്ന് കര്‍ഷകര്‍ പറയുന്നു.
വേനലിന്‍റെ ദുരിതം വയനാട്ടില്‍ ആദ്യം അനുഭവിക്കുന്നത് കേരള – കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെ മനുഷ്യരാണ്. കബനി നദിയെ ആശ്രയിച്ച് ജീവിക്കുന്ന ഗൃഹന്നൂര്‍, കൊളവള്ളി, മരക്കടവ് തുടങ്ങി കാര്‍ഷിക ഗ്രാമങ്ങളില്‍ ജലക്ഷാമം പിടിമുറുക്കി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാര്‍ച്ചിന്‍റെ തുടക്കത്തില്‍തന്നെ കബനി നദി ഇങ്ങനെ വരണ്ടുണങ്ങുന്നത്. ചുട്ടുപൊള്ളുന്ന വെയിലില്‍ നദിയിലെ ജലം വറ്റി തുടങ്ങി. മണ്ണ് വിണ്ടുകീറി. ബീച്ചനഹള്ളി അണക്കെട്ടിന്‍റെ റിസര്‍വോയറാണ് അതിര്‍ത്തിയില്‍ ബൈരക്കുപ്പവരെ കയറി കിടക്കുന്നത്.
കൃഷിക്കും കുടിവെള്ളത്തിനുമായി അണക്കെട്ടിലെ ജലം കര്‍ണാടക കൂടുതലായി ഉപയോഗിച്ച് തുടങ്ങിയതോടെ കബനിയിലെ ജലനിരപ്പ് താഴ്ന്നു. അതിര്‍ത്തി ഗ്രാമങ്ങളിലെ കൃഷിയിടങ്ങളും വരണ്ടുതുടങ്ങി. കബനി നദിയില്‍ ചാലുകീറി വെള്ളമെത്തിച്ചാണ് നെല്‍കൃഷി ഉണങ്ങാതെ നോക്കുന്നത്. നദിയില്‍ ജലനിരപ്പ് കുറഞ്ഞതോടെ കുടിവെള്ള വിതരണവും പ്രതിസന്ധിയിലാണ്. കബനി നദിയില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ച് നിലവിലെ ജലക്ഷാമത്തിന് പരിഹാരം കാണമെന്നാണ് ആവശ്യം.