കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ 80 ശതമാനത്തോളം പ്രദേശത്തെ തീ അണച്ചതായി മന്ത്രി പി.രാജീവ്. 678 പേരാണ് ഏതെങ്കിലും തരത്തിലുള്ള ചികിത്സ തേടിയത്. അതിൽ 421 പേർ സർക്കാർ സംഘടിപ്പിച്ച ക്യാംപിൽ വന്നവരാണ്. രണ്ടു പേർക്കാണ് ഐസിയു സഹായം ആവശ്യമായി വന്നത്. ഗർഭിണികൾ ആരും ചികിത്സ തേടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുള്ള യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാരായ പി.രാജീവും എം.ബി.രാജേഷും.
നിലവിൽ ഗുരുതര സാഹചര്യം ഇല്ലെന്നാണ് ആരോഗ്യപ്രവർത്തകരും ഐഎംഎയും വിലയിരുത്തിയത്. എന്നാൽ ഏതു സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമാണ്. പ്രത്യേക ക്യാംപുകൾ പ്രവർത്തനം ആരംഭിച്ചു. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ക്യാംപുകൾ സംഘടിപ്പിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആശങ്കപ്പെടാനുള്ള സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് ഇനി ഒരു കാരണവശാലും ബ്രഹ്മപുരത്തേക്ക് പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചതായും രാജീവ് അറിയിച്ചു.
മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ അടയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. മാലിന്യ സംസ്കരണത്തിനു വേണ്ട നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കും. നാളെ മുതൽ മേയ് 31 വരെ, 82 ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട കർമപരിപാടിക്ക് സർക്കാർ രൂപം കൊടുത്തു. അതിൽ അടിസ്ഥാന സമീപനം ജൈവമാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കുക എന്നതാണ്. അജൈവ മാലിന്യങ്ങൾക്ക് വാതിൽപ്പടി ശേഖരണം ഹരിത കർമസേന വഴി നൂറു ശതമാനം ഉറപ്പാക്കും.
ശേഖരിക്കുന്ന മാലിന്യം മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളിൽ സംഭരിച്ച് വേർതിരിക്കും. ഈ മാലിന്യമായിരിക്കും ഇനി ക്ലീൻ കേരള കമ്പനി മറ്റു സ്വകാര്യ കമ്പനികൾ വഴി പ്രോസസ് ചെയ്യുക. ബ്രഹ്മപുരത്ത് ഇപ്പോൾ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കിക്കഴിഞ്ഞാൽ തുടർന്ന് ജൈവമാലിന്യം മാത്രമാകും കൊണ്ടുപോകുകയെന്നും മന്ത്രി അറിയിച്ചു.