ഇരിട്ടി : ദേശീയ ആരോഗ്യ ദൗത്വം പദ്ധതിയിൽ ഉൾപ്പെടുത്തി 3.19 കോടി ചിലവിൽ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ലക്ഷ്യ മാതൃശിശു വാർഡ് അടഞ്ഞുതന്നെ. രണ്ട് വര്ഷം മുൻപ് ഇതിന്റെ ഉദ്ഘാടനം നിർവഹിക്കുമ്പോൾ അന്നത്തെ ആരോഗ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളെല്ലാം വെറുതെ ആയി. ഇതുവരെയായി ഒരു ഗര്ഭിണിയെപ്പോലും പ്രവേശിപ്പിക്കാനോ പ്രസവം നടത്താനോ ഇവിടെ സാധിച്ചിട്ടില്ല.
പൂർണ്ണമായും കേന്ദ്രഗവർമ്മെണ്ടിന്റെ എൻ എച്ച് എം ഫണ്ട് ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരാഴ്ച മുൻമ്പാണ് ഇരിട്ടി സ്വദേശിനിയും അന്നത്തെ ആരോഗ്യമന്ത്രിയുമായിരുന്ന കെ.കെ. ശൈലജ ഇതിന്റെ ഉദ്ഘാടനം നടത്തിയത്. ഇതിനും രണ്ട് വർഷം മുൻപ് ഇതേ കെട്ടിടത്തിന്റെ അടിഭാഗത്തും മാതൃശിശു വാർഡ് പണിയുകയും ഉദ്‌ഘാടനം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് അതിനെ തരംമാറ്റി ഒരു ഭാഗത്ത് ഡയാലിസിസ് സെന്ററും ബാക്കി ഭാഗങ്ങൾ ഒ പി യും മറ്റുമാക്കി മാറ്റുകയായിരുന്നു. അന്നത്തെ പോലെ ഇന്നും മാതൃ ശിശു വാർഡെന്നും പ്രസവ ശുശ്രൂഷാ വാർഡെന്നുമുളള വലിയ ബോർഡും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബോർഡിൽകാണുന്ന ഒരു ചികിത്സയും ഇവിടെ നടക്കുന്നില്ല. ഏറെ കാലത്തെ മുറവിളിക്കൊടുവിൽ അനുവദിച്ചു കിട്ടിയ ഗൈനക്കോളജി തസ്തിക പോലും നിലനിർത്താനാകാത്ത അവസ്ഥയാണ് ഇപ്പോൾ. ഈ വിഭാഗത്തിലെ രണ്ട് ഡോക്ടർമാരും അവധിയിൽ പ്രവേശിച്ചതോടെ ഫലത്തിൽ ഗൈനക്കോളജി വിഭാഗം തന്നെ ഇല്ലാതായി.
ഊദ്ഘാടന സമയത്ത് കേട്ടത് ഒരാഴ്ചക്കുള്ളിൽ ആവശ്യമായ ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കുമെന്നും മേഖലയിലെ മികച്ച ഗൈനക്കോളജി വിഭാഗമായി താലൂക്ക് ആസ്പത്രി വികസിക്കുമെന്നുമായിരുന്നു ഉദ്‌ഘാടന സമയത്ത് മന്ത്രി അടക്കം പറഞ്ഞത്. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലേത് ഉൾപ്പെടെ പാവപ്പെട്ട കുടുംബങ്ങൾ പ്രസവ ചികിത്സക്കും മറ്റുമായി സ്വകാര്യ ആശുപത്രികളെയും കിലോമീറ്ററുകൾ അകലെയുള്ള മറ്റ് സർക്കാർ ആസ്പത്രികളേയോ ആശ്രയിക്കേണ്ട അവസ്ഥയാണ്.
കോടികൾ മുടക്കി ആധുനിക സൗകര്യങ്ങളോടെ പൂർത്തിയാക്കിയ പ്രസവമുറി, ഓപ്പറേഷൻ മുറി, തീവ്ര പരിചരണ യൂണിറ്റ് , നവജാത ശിശു ഐസിയു , സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വാർഡുകൾ, ഇതിലെ ഉപകരണങ്ങൾ എന്നിവയെല്ലാം പാടേ നശിക്കുകയാണ്.
ഒരു പ്രൈമറി ഹെൽത്ത് സെന്റർ മാത്രമായിരുന്ന കാലത്ത് നേരത്തെ മേഖലയിൽ ഏറ്റവും കൂടുതൽ പ്രസവ അനുബന്ധ ചികിത്സ നടന്ന ആസ്പത്രിയായിരുന്നു ഇരിട്ടി .സൗകര്യങ്ങൾ തീരെ ഇല്ലാതിരുന്ന അക്കാലത്ത് ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമായിരുന്നു ഇവിടെ സേവനം നടത്തി വന്നിരുന്നത്. അക്കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്രോസ്‌കോപ്പിക്ക് വന്ധ്യകരണ ശസ്ത്രക്രിയകൾ നടക്കുകയും അതിന് അംഗീകാരമടക്കം നേടുകയും ചെയ്ത പ്രൈമറി ഹെൽത്ത് സെന്ററായിരുന്നു ഇരിട്ടിലേത് . പിന്നീട് കമ്യൂണിറ്റി ഹെൽത്ത് സെന്ററായും താലൂക്ക് ആശുപത്രിയുമായി വളരുകയും കൂടുതൽ ഡോക്ടർമാരും സൗകര്യവും ഉണ്ടാവുകയും ചെയ്തിട്ടും പ്രസവ ചികിത്സാ സൗകര്യം ഇല്ലാതായ ദയനീയമായ അവസ്ഥയിലാണ് ഇന്ന് ഈ ഗവ. ആതുര ശുശ്രൂഷാലയം.