ചേർപ്പ് (തൃശൂർ) ∙ ആൾക്കൂട്ടത്തിന്റെ ക്രൂരമർദനത്തിനിരയായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വകാര്യ ബസ് ഡ്രൈവർ പഴുവിൽ കോട്ടം മമ്മസ്രായിലത്ത് സഹാർ (32) മരിച്ചതിനു പിന്നാലെ, പ്രതികൾക്കായി പൊലീസിന്റെ വ്യാപക റെയ്ഡ്. ചേർപ്പ് മേഖലയിൽ അൻപതോളം പൊലീസുകാർ പുലർച്ചെ വരെ പരിശോധന തുടർന്നു. സംഭവത്തിൽ ഉൾപ്പെട്ട എട്ടു പ്രതികളും ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാനാകാത്തതിനു കാരണം പൊലീസിന്റെ മെല്ലെപ്പോക്കാണെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ്, സഹാറിന്റെ മരണത്തിനു പിന്നാലെ കർശന പരിശോധന.ചിറയ്ക്കൽ കോട്ടം തിരുവാണിക്കാവ് ക്ഷേത്രപരിസരത്ത് എട്ടംഗ സംഘം സഹാറിനെ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു. വാരിയെല്ലൊടിഞ്ഞു. നട്ടെല്ലിനു പൊട്ടലുണ്ടായി. വൃക്കകളും അനുബന്ധ ആന്തരികാവയവങ്ങളും തകർന്നു. സംഭവം നടന്ന് 17 ദിവസം പിന്നിട്ടെങ്കിലും പ്രതികളിൽ ഒരാളെപ്പോലും പിടികൂടാൻ പൊലീസിനായിട്ടില്ല. 10 പേർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തെന്നും ആക്രമണത്തിനു നേതൃത്വം നൽകിയെന്നു സംശയിക്കുന്ന പഴുവിൽ കോട്ടം നെല്ലിപ്പറമ്പിൽ രാഹുൽ വിദേശത്തേക്കു കടന്നെന്നുമാണു പൊലീസ് പറയുന്നത്. കോട്ട കരിക്കിൻതറ വിഷ്ണു, മച്ചിങ്ങൽ ടിനോ, മച്ചിങ്ങൽ അഭിലാഷ്, കൊടക്കാട്ടിൽ വിജിത്ത്, കൊടക്കാട്ടിൽ അരുൺ, എട്ടുമന കാരണയിൽ ജിഞ്ചു ജയൻ, ചിറക്കൽ അമീർ എന്നിവർക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ അറിയിച്ചു. കണ്ടാലറിയാവുന്ന 2 പേർക്കെതിരെ കൂടി കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്.
സഹാറിനെതിരായ ആക്രമണത്തിന്റെ ദൃശ്യം മുഴുവൻ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഭവത്തിന്റെ പിറ്റേന്നുതന്നെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. എന്നാൽ അറസ്റ്റ് ചെയ്തില്ല. സഹാറിൽ നിന്നു ശരിയായ മൊഴി ലഭിച്ചില്ലെന്നായിരുന്നു ന്യായം. തൃപ്രയാർ റൂട്ടിലോടുന്ന ബസിലെ ഡ്രൈവർ ആയ തനിക്കു റൂട്ടിലെ സമയക്രമത്തെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ മർദനമേറ്റെന്നു സഹാർ പറഞ്ഞതായി പൊലീസ് വാദിക്കുന്നു. പൊലീസ് അനങ്ങാതിരുന്ന അവസരം മുതലെടുത്ത് പ്രതികളിൽ ഒരാളായ രാഹുൽ വിദേശത്തേക്കു കടന്നു. സഹാറിന്റെ പരിചയക്കാരനായിരുന്നു രാഹുൽ. ഇവർ തമ്മിലുണ്ടായ തർക്കമാണു സംഭവത്തിന്റെ കാരണമെന്നു സംശയിക്കുന്നു. കഴിഞ്ഞ 18ന് അർധരാത്രിയാണ് ആക്രമണം.