കൊയിലാണ്ടി: കൊയിലാണ്ടി-വടകര സ്‌റ്റേഷനുകൾക്കിടയിലുള്ള ആനക്കുളം റെയിൽവേ ട്രാക്കിൽ 30 വയസ്സുതോന്നിക്കുന്ന അജ്ഞാതനെ തീവണ്ടിയിൽനിന്ന് വീണുമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതമാണെന്ന് പോലീസ്. വാക് തർക്കത്തെത്തുടർന്ന് ഇയാളെ സഹയാത്രികൻ ട്രെയിനിൽ നിന്നും തള്ളിയിട്ടതാണെന്നാണ് കണ്ടെത്തൽ.
ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ സഹയാത്രികനായ തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനമുത്തുവിനെ കോഴിക്കോട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് തൊട്ടുമുമ്പ് ട്രെയിനിന്റെ ഡോറിനടുത്ത് ഇരുവരും അപകടകരമാം വിധത്തിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വേറൊരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പോലീസിന് ലഭിച്ചിരിക്കുന്നത്. മംഗളൂരു-തിരുവനന്തപുരം മലബാർ എക്‌സ്‌പ്രസിൽ യാത്രചെയ്യുമ്പോഴായിരുന്നു സംഭവം.
സംഭവത്തിന് മുമ്പ് മരിച്ച യുവാവും കസ്റ്റഡിയിലുള്ള സോനമുത്തുവുമായി വാക്കേറ്റം നടന്നിരുന്നു. കംപാർട്ട്മെന്റിന്റെ വാതിലിനരികിൽനിന്ന് ഇരുവരും സംസാരിക്കുന്നതിന്റെ വീഡിയോദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് യുവാവ് പാളത്തിനരികിൽ വീണുകിടക്കുന്നത് പ്രദേശവാസികൾ കണ്ടത്. കൊയിലാണ്ടിയിൽനിന്ന് ഫയർ ഫോഴ്സും പോലീസുമെത്തി യുവാവിനെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് കോഴിക്കോട് റെയിൽവേ പോലീസ് അറിയിച്ചു.വീഡിയോ എടുത്തുതതുമായി ബന്ധപ്പെട്ടാണ് ഇരുവരും തർക്കിക്കുന്നത് എന്നാണ് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ എന്ത് വീഡിയോയാണ് എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇരുവരും നേരത്തെ പരിചയമുള്ളവരായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.