ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ പീഡനം നടന്നിട്ടില്ലെന്നും അപകട മരണമാണെന്ന കണ്ടെത്തലുമായി ഉത്തർപ്രദേശിലെ എസ്.ടി. – എസ്.സി. കോടതി. കേസിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായി എന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടതായാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
കൂട്ട ബലാത്സംഗത്തിനിരയായി എന്നതിന് മെഡിക്കൽ രേഖകളില്ലെന്നും പെൺകുട്ടിയുടെ പ്രാഥമിക മൊഴിയിൽ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നുമാണ് സ്പെഷ്യൽ ജഡ്ജ് ത്രിലോക് പാൽ സിങിന്റെ വിലയിരുത്തൽ. സംഭവത്തിൽ പ്രതികളിൽ മൂന്ന് പേരെ വെറുതെ വിട്ടുകൊണ്ടുള്ള 167 പേജടങ്ങുന്ന വിധിന്യായത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സംഭവത്തിന് ശേഷം എട്ട് ദിവസം പെൺകുട്ടിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഈ സമയങ്ങളിൽ ഒന്നും തന്നെ പ്രതിക്ക് തന്നെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നു എന്ന് പെൺകുട്ടി മൊഴി നൽകിയിട്ടില്ല. അതുപോലെത്തന്നെ, സംഭവം കഴിഞ്ഞ് അഞ്ച് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടി വനിതാ കോൺസ്റ്റബിളിന് മൊഴി നൽകിയപ്പോൾ കൂട്ട ബലാത്സംഗത്തെക്കുറിച്ച് യാതൊന്നും തന്നെ മൊഴി നൽകിയിട്ടില്ല. പ്രതി സന്ദീപിന്റെ പേര് മാത്രമായിരുന്നു പെൺകുട്ടി പരാമർശിച്ചത്, കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ബലാത്സംഗത്തിനിരയായി എന്നതിന് മതിയായ മെഡിക്കൽ രേഖകൾ ഇല്ലെന്നും കോടതി പറഞ്ഞു. നാല് പേർ ചേർന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധിച്ച് മൊഴിമാറ്റി പറയിച്ചതാകാന്‍ സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.രാജ്യത്തെ നടുക്കിയ ഹാഥ്‌റസ് കൂട്ടബലാത്സംഗ- കൊലപാതക കേസില്‍ മുഖ്യപ്രതി മാത്രം കുറ്റക്കാരനാണെന്ന് വ്യക്തമാക്കി കേസിലെ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ മുഖ്യപ്രതിയായ സന്ദീപ് ഠാക്കൂറിനെ മാത്രമാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറ്റകരമായ നരഹത്യാക്കുറ്റം മാത്രമാണ് ഇയാള്‍ക്കെതിരേ കോടതിയില്‍ തെളിയിക്കാനായത്. കേസിലെ മറ്റുപ്രതികളായ രവി, ലവ്കുഷ, രാമു എന്നിവരാണ് കുറ്റവിമുക്തരായവര്‍. രാമു സന്ദീപിന്റെ ബന്ധുവും മറ്റുള്ളവര്‍ സന്ദീപിന്റെ സുഹൃത്തുക്കളുമാണ്.
അതേസമയം, കോടതി വിധിയില്‍ തൃപ്തരല്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പ്രതികരണം. വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും കുടുംബം പ്രതികരിച്ചു.
2020 സെപ്റ്റംബറിലാണ് രാജ്യത്തെ നടുക്കിയ ഹാഥ്‌റസ് കൂട്ടബലാത്സംഗം നടന്നത്. 19-കാരിയായ ദളിത് പെണ്‍കുട്ടിയെ മേല്‍ജാതിയില്‍പ്പെട്ടവരാണെന്ന് അവകാശപ്പെടുന്ന നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കപ്പെട്ടതായിരുന്നു കേസ്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെ രണ്ടാഴ്ചയ്ക്ക് ശേഷമാണ് മരിച്ചത്.