തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്താൻ വെള്ളം ചേർക്കുന്നതിന് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ആസൂത്രിതമായ നീക്കം നടക്കുന്നതായി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ വ്യക്തമാക്കി.
2022-23 ൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ചെലവ് വിഹിതമായി 89,400 കോടിയാണ് ബജറ്റിൽ കേന്ദ്രം അനുവദിച്ചത്. എന്നാൽ 2023-24 ബജറ്റിൽ 60,000 കോടി മാത്രമേ വകയിരുത്തിയിട്ടുള്ളു, ബജറ്റിലെ മുതൽ മുടക്ക് കുറയുന്പോൾ തൊഴിൽ ദിനങ്ങളും വെട്ടിച്ചുരുക്കേണ്ടി വരും.
ഉപജീവനോപാധികൾ മെച്ചപ്പെടുത്താനും ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താനും സംസ്ഥാനം ആവിഷ്കരിച്ച സുഭിക്ഷ കേരളം, ശുചിത്വകേരളം പദ്ധതികളെ തൊഴിലുറപ്പുമായി ബന്ധിപ്പിച്ച് പ്രവൃത്തികൾ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മേയ് 31 നുള്ളിൽ 2000 കാർഷിക കുളങ്ങൾ നിർമിക്കും: മന്ത്രി
തിരുവനന്തപുരം: നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി മേയ് 31 നുള്ളിൽ 2000 കാർഷിക കുളങ്ങൾ നിർമിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ വ്യക്തമാക്കി. മാർച്ച് 22 ജല ദിനത്തിൽ 1000 കാർഷിക കുളങ്ങൾ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്ത് തൊഴിലില്ലായ്മ കുറഞ്ഞു: പിണറായി വിജയൻ
തിരുവനന്തപുരം: രാജ്യത്ത് തൊഴില്ലില്ലായ്മ നിരക്ക് വർധിക്കുന്പോൾ സംസ്ഥാനത്ത് കുറച്ചുകൊണ്ട് വരാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ രഹിതരുടെ എണ്ണം 34,90,000 ആയിരുന്നത് 28,40,000 ആയി കുറഞ്ഞു.
റീബിൽഡ് കേരളയിൽ 8,232 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി: മുഖ്യമന്ത്രി
തിരുവനന്തപുരം: റീബിൽഡ് കേരളയിൽ 8,232 കോടിയുടെ 87 പദ്ധതികൾക്ക് ഭരണാനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.
നിർവഹണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള 5,590 കോടിയുടെ പദ്ധതികളിൽ 376 കോടിയുടെ 24 പ്രവൃത്തികൾ പൂർത്തിയാക്കി. റീബിൽഡ് കേരളയിൽ ഇതിനകം 2,864 കോടിയാണ് കേരള പുനർനിർമാണത്തിനായി ചെലവഴിച്ചത്.
കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകൾ സമയബന്ധിതമായി നടപ്പാക്കും
തിരുവനന്തപുരം: കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിലേക്കുള്ള നടപടികൾക്കു തുടക്കംകുറിച്ചു. തോന്നയ്ക്കലിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അത്യാധുനിക സൗകര്യങ്ങളോടെയാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പി. നന്ദകുമാർ, കെ.ആൻസലൻ, കെ. പ്രേംകുമാർ, എൻ.കെ. അക്ബർ എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.
പുനരധിവാസ പാക്കേജ് ജനങ്ങൾ അംഗീകരിച്ചു. നല്ല രീതിയിലുള്ള പ്രതികരണമാണ് ഇക്കാര്യത്തിൽ ജനങ്ങളിൽ നിന്നുണ്ടാകുന്നെതന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലെ എഇമാർ അവധിയെടുക്കുന്നതു നിയന്ത്രിക്കും: മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എഇമാർ അവധിയെടുത്ത് പോകുന്നത് നിയന്ത്രിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയെ അറിയിച്ചു.
മുൻകൂട്ടി അനുമതി തേടാതെയാണ് പലയിടത്തും എഇമാർ അവധിയെടുക്കുന്നത്. ഇത് പദ്ധതി നിർവഹണത്തെ സാരമായി ബാധിക്കുന്നുവെന്നു മന്ത്രി പറഞ്ഞു.
മാന്യമായി പെരുമാറാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങളോട് മാന്യമായി പെരുമാറാത്ത ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
തപാൽ സ്വീകരിച്ചു കഴിഞ്ഞാൽ അഞ്ച് ദിവസത്തിനകം പരിശോധിച്ച് സമർപ്പിക്കണമെന്ന് സെക്രട്ടേറിയറ്റ് മാന്വവലിലും മാന്വൽ ഓഫ് ഓഫീസ് പ്രൊസീജിയറിലും വ്യവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
7,48,403 മെട്രിക് ടണ് നെല്ല് സംഭരിച്ചു: മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് 2021-22 സീസണിൽ 2,54,072 കർഷകരിൽ നിന്നായി 7,48,403 മെട്രിക് ടണ് നെല്ല് സംഭരിച്ചതായി മന്ത്രി ജി.ആർ. അനിൽ നിയമസഭയെ അറിയിച്ചു.
2,54,068 കർഷകർക്ക് നെല്ലിന്റെ വിലയായി 2095.52 കോടി രൂപ നൽകി. നിയമപ്രശ്നം ഉള്ളതിനാൽ നാല് കർഷകർക്ക് 82,180 രൂപ നൽകാനുണ്ട്. 2021-22 സീസണിൽ പിആർഎസ് വായ്പാ പദ്ധതി വഴി 11 ബാങ്കുകൾ വഴി നെല്ലിന്റെ വില വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു.
കാരുണ്യ ഫാർമസികളുടെ പ്രവർത്തനം നഷ്ടത്തിലല്ല: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കാരുണ്യ ഫാർമസികളുടെ പ്രവർത്തനം നഷ്ടത്തിലല്ലെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. ഒറ്റത്തവണ മാത്രമാണ് കാരുണ്യ ഫാർമസികളുടെ പ്രവർത്തനത്തിനായി സർക്കാർ ധനസഹായം ലഭിച്ചത്. നിലവിൽ സ്വയം പര്യാപ്തമായാണ് ഫാർമസികൾ പ്രവർത്തിക്കുന്നത്.
ലൈഫ് മിഷൻ അഴിമതി കേസിൽ 45 പേരെ ചോദ്യം ചെയ്തു
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതിനോടകം തന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ 45 പേരെ ചോദ്യം ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
എട്ടുപേരാണ് കേസിലെ പ്രതിപ്പട്ടികയിൽ ഉള്ളത്. കേസുമായി ബന്ധപ്പെട്ട ചില അസൽ രേഖകൾ സിബിഐ പിടിച്ചെടുത്തതിനാൽ അതിന്റെ പകർപ്പ് ലഭിക്കുന്നതിനു കോടതിയിൽ വിജിലൻസ് അപേക്ഷ നൽകിയിട്ടുണ്ട്. കേസന്വേഷണം പൂർത്തിയാക്കുന്നതിന് ഈ രേഖകൾ അനിവാര്യമാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കെ.ബാബു, എ.പി. അനിൽകുമാർ, സണ്ണി ജോസഫ്, എം. വിൻസന്റ് എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.
ഗ്യാസ് വിതരണം: ഏജൻസിയിൽ നിന്നും അഞ്ച് കിലോമീറ്റർ ചുറ്റളവിൽ
സൗജന്യമെന്ന് മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: ഗ്യാസ് ഏജൻസിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഗ്യാസ് വിതരണം ചെയ്യുന്നത് സൗജന്യമായാണെന്ന് മന്ത്രി ജി.ആർ. അനിൽ നിയമസഭയെ അറിയിച്ചു.
അഞ്ച് കിലോമീറ്ററിനു മുകളിലുള്ള നിരക്കുകൾ ഓരോ ജില്ലയിലും വ്യത്യാസപ്പെടാം. അതാത് ജില്ലാ കളക്ടർമാരാണ് കാലാകാലങ്ങളിൽ ഡെലിവറി ചാർജ് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഗ്യാസിന്റെ യഥാർഥ വിലയ്ക്കു പുറമെയാണ് ഡെലിവറി ചാർജ് ഈടാക്കുന്നത്. സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ എല്ലാ ജില്ലകളുടെയും ഡെലിവറി ചാർജ് ലഭ്യമാണ്.
ബിവറേജസ് കോർപ്പറേഷൻ വഴി ദിവസേന വിൽക്കുന്നത് 9,14,401 കുപ്പി മദ്യം:
മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വില്പനശാലകൾ വഴി ഒരു ദിവസം ശരാശരി 9,14,401 കുപ്പി മദ്യം വിൽക്കുന്നതായി മന്ത്രി എം.ബി. രാജേഷ് നിയമസഭയെ അറിയിച്ചു.
ഫെബ്രുവരി രണ്ടു മുതൽ 24 വരെയുള്ള കണക്ക് പ്രകാരമാണിത്. മദ്യം പ്ലാസ്റ്റിക് കുപ്പികളിൽ വിൽക്കുന്നത് പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്തതിനാൽ ഘട്ടംഘട്ടമായി പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വിതരണം ചെയ്യുന്നത് നിർത്തലാക്കുന്നകാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.