21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മലയോരമേഖലയിൽ അഗ്നിയുടെ താണ്ഡവം ഓടിത്തളർന്ന് അഗ്നിശമനസേന
Kerala

മലയോരമേഖലയിൽ അഗ്നിയുടെ താണ്ഡവം ഓടിത്തളർന്ന് അഗ്നിശമനസേന

ഇരിട്ടി: വേനൽച്ചൂടിൽ കരിഞ്ഞുങ്ങിയ ഇരിട്ടിയുടെ മലയോരമേഖലകളിലെങ്ങും അഗ്നിയുടെ താണ്ഡവം തുടരുകയാണ്. ഓരോ ദിവസവും ഏക്കർകണക്കിന് കൃഷിയിടങ്ങളാണ് വിവിധ മേഖലകളിലായി കത്തി അമരുന്നത്. കഴിഞ്ഞ ജനുവരി, ഫിബ്രവരി മാസങ്ങളിലായി 101 ഇടങ്ങളിൽ തീ പടർന്നതായാണ് ഇരിട്ടി അഗ്നിശമനസേന നൽകുന്ന കണക്ക്. ഒന്നിന് പിറകെ ഒന്നായി വരുന്ന തീപ്പിടുത്ത അറിയിപ്പുകൾക്ക് പിറകെ ഓടിത്തളരുകയാണ് അഗ്നിശമനസേന.
കുടിയേറ്റ മലയോര മേഖലകൾ ഉൾപ്പെടുന്ന ഇരിട്ടി നിയോജക മണ്ഡലത്തിൽ രണ്ട് അഗ്നിശമനസേനാ നിലയങ്ങളാണ് ഇന്നുള്ളത്. ഒന്ന് ഇരിട്ടിലും മറ്റൊന്ന് പേരാവൂരിലും. ഇതിൽ ഈ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഇരിട്ടി നഗരസഭ ഉൾപ്പെടെ ആറളം, അയ്യങ്കുന്ന്‌, പായം, മുഴക്കുന്ന് പഞ്ചായത്തുകൾ കൂടാതെ ഇരിക്കൂർ നിയോജകമണ്ഡലത്തിന്റെ ഭാഗമായ ഉളിക്കൽ, പയ്യാവൂർ, മട്ടന്നൂർ മണ്ഡലത്തിന്റെ ഭാഗമായ പടിയൂർ – കല്ല്യാട് പഞ്ചായത്തുകളിലും ഓടിയെത്തേണ്ടത് ഇരിട്ടി അഗ്നിശമനസേനയാണ്. അതുപോലെ ഇത്രയും വിപുലമല്ലെങ്കിലും കൊട്ടിയൂർ, കണിച്ചാർ, കേളകം, തില്ലങ്കേരി, മാലൂർ പഞ്ചായത്തുകളിൽ ഓടിയെത്തുന്നത് പേരാവൂർ അഗ്നിശമനസേനയാണ്. ഈ രണ്ട് നിലയങ്ങളിലുമുള്ള വാഹനങ്ങളും സേനാബലവും ഇപ്പോഴത്തെ അവസ്ഥയിൽ ഏറെ പരിതാപകരമാണ്. ഒന്നിച്ചു പലയിടങ്ങളിൽ തീപ്പിടുത്തമുണ്ടാകുമ്പോൾ ഓടിയെത്താനായി വാഹനങ്ങളും ആൾബലവുമില്ലാതെ കുഴങ്ങുകയാണ് ഈ രണ്ടിടങ്ങളിലെയും സേനകൾ. ഇതിൽ ഏറ്റവുമേറെ പ്രയാസം നേരിടുന്നത് ഇരിട്ടിയുമാണ്. അത്രയ്ക്ക് വിശാലവും ദുർഘടം പിടിച്ച വഴികളുമുള്ള കുന്നുകളും മലകളും നിറഞ്ഞ പ്രദേശങ്ങളുമാണ് ഇരിട്ടിക്കുള്ളത്.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ നൂറിലേറെ തീപ്പിടുത്തങ്ങളാണ് ഇരിട്ടി അഗ്നിശമനസേനയുടെ പരിധിയിൽ മാത്രം ഉണ്ടായത്. ഈ മാസം പിറന്ന് മൂന്നു ദിവസം പിന്നിടുമ്പോൾ ഏകദേശം മുപ്പതോളം ചെറുതും വലുതുമായ തീപ്പിടുത്തങ്ങൾ മേഖലയിൽ ഉണ്ടായി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മാത്രം പതിനഞ്ചോളം തീപ്പിടുത്തങ്ങൾ ഉണ്ടായി. ഒന്നിന് പിറകേ ഒന്നായി വിളിവരുമ്പോഴും ഒന്നും ചെയ്യാനാവാതെ തീ അണക്കാൻ പോയി തിരിച്ചുവരാത്ത വാഹനങ്ങൾക്കും സേനക്കുമായി നിസ്സഹായരായി കാത്തുനിൽക്കേണ്ടി വരുന്ന അവസ്ഥയാണിപ്പോൾ. മുൻപ് പകൽ ഉച്ചനേരങ്ങളിലും മറ്റുമാണ് തീപ്പിടുത്തങ്ങൾ ഉണ്ടായിരുന്നതെങ്കിൽ രാത്രിയും പുലർച്ചെക്കുമെല്ലാം തീപ്പിടുത്തങ്ങൾ ഉണ്ടാകുന്ന അവസ്ഥയാണ് ഇപ്പോൾ. ഇരിക്കൂറോ, ശ്രീകണ്ഠപുരത്തോ, പയ്യാവൂരോ ഒരു നിലയം പ്രവർത്തികമായാൽ രാപകലില്ലാതെ ഓടിത്തളരുന്ന ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന്റെ ഇന്നത്തെ അവസ്ഥക്ക് ഒരു പരിധിവരെ പരിഹാരമാകും. കല്ല്യാട്, കീഴ്പ്പള്ളി പരിപ്പുതോട്, പയ്യാവൂർ വാതിൽമട, അത്തിത്തട്ട് എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വലിയ തീപ്പിടുത്തങ്ങൾ ഉണ്ടായത്. ഇതിൽ കല്ല്യാട് മാത്രം രണ്ടു തവണ തീപ്പിടുത്തമുണ്ടായി. ഇരിട്ടി സ്റ്റേഷൻ ഓഫീസർ കെ. രാജീവന്റെ നേതൃത്വത്തിലുള്ള അഗ്നിശമനസേനയും സിവിൽ ഡിഫൻസ് സംഘവുമാണ് ഇവിടങ്ങളിലെത്തി തീ നിയന്ത്രണ വിധേയമാക്കിയത്. ഇത്തരം സ്ഥലങ്ങളിലെല്ലാം നാട്ടുകാരും ഒപ്പം ചേരുന്നതും തീപ്പിടുത്തം നിയന്ത്രണവിധേയമാക്കുന്നതിൽ ഏറെ പങ്കുവഹിക്കുന്നുണ്ട്.

Related posts

തദ്ദേശ ഉപതിരഞ്ഞെടുപ്പ് 19 വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു

Aswathi Kottiyoor

നടപടികള്‍ വേഗത്തിലാക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നഴ്‌സിങ്‌ കൗണ്‍സില്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്.*

Aswathi Kottiyoor

എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റിന് തുല്യം: നിർണായക തീരുമാനവുമായി പിണറായി സർക്കാർ

Aswathi Kottiyoor
WordPress Image Lightbox