കേരളത്തിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുസരിച്ച് കൂടുതൽ ഈടുനിൽക്കുന്ന ആധുനിക റോഡ് നിർമാണവുമായി പൊതുമരാമത്ത് വകുപ്പ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകരാത്ത വിധത്തിൽ പുത്തൻസാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നിർമാണം. നിലവിലുള്ള റോഡ് ഇളക്കിയെടുത്ത് അതേ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന എഫ്‌ഡിആർ (ഫുൾ ഡെപ്‌ത് റെക്ലമേഷൻ), റോഡിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജിയോഗ്രിഡ്, സോയിൽ നെയിലിങ് എന്നീ സാങ്കേതികവിദ്യകളാണ് പ്രധാനമായും നടപ്പാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഒമ്പത് റോഡിൽ എഫ്‌ഡിആർ നിർമാണം ആരംഭിച്ചു. ഭൂവസ്ത്രമായ ബൈ ആക്സിയൽ സിന്തറ്റിക്സ് ജിയോഗ്രിഡ് ഉപയോഗിച്ച് റോഡിന്റെ അടിത്തറ ബലപ്പെടുത്തുന്നതാണ് ജിയോഗ്രിഡ് സാങ്കേതികവിദ്യ. മണ്ണിന്റെ ഭാരം താങ്ങാനുള്ള ശേഷി കുറഞ്ഞ ഇടങ്ങളിലാണ് ജിയോ ഗ്രിഡ്സ് ഉപയോഗിക്കുന്നത്.
പാലക്കാട് ജില്ലയിലെ ആലത്തൂരിൽ ജിയോഗ്രിഡ് ഉപയോഗിച്ചുള്ള നിർമാണം പുരോഗമിക്കുകയാണ്. റോഡരികിൽ മൺതിട്ടകളുള്ള സ്ഥലങ്ങളിൽ അവ ഇടിഞ്ഞു വീഴാതിരിക്കാൻ ചെറിയ കനത്തിലുള്ള മതിലുകൾ നിർമിക്കുന്നതാണ് സോയിൽ നെയിലിങ്. മലയോരഹൈവേയുടെ വിവിധ റീച്ചുകളിൽ സോയിൽ നെയിലിങ് ഉപയോഗിക്കുന്നുണ്ട്. ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിക്ക് അനിയോജ്യമായ രീതിയിലാണ് സാങ്കേതികവിദ്യ തെരഞ്ഞെടുക്കുന്നത്.
●ഗുണനിലവാരം ഉറപ്പാക്കാൻ സഞ്ചരിക്കുന്ന ലാബ്
പ്രവൃത്തി ഇടങ്ങളിൽ നേരിട്ടെത്തി ഗുണനിലവാരം ഉറപ്പാക്കാനുള്ള മൂന്ന് സഞ്ചരിക്കുന്ന ലാബുകൾ അടുത്തയാഴ്ച പുറത്തിറക്കും. സിമന്റ്, മണൽ, മെറ്റൽ, ബിറ്റുമിൻ, കോൺക്രീറ്റ്, ടൈൽ തുടങ്ങിയവയുടെ ഗുണനിലവാരം ഇതുവഴി പരിശോധിക്കാനാകും.
●കൂടുതൽ ഈടുനിൽക്കും: മന്ത്രി റിയാസ്
കൂടുതൽ ഈടുനിൽക്കുന്ന ആധുനിക സാങ്കേതികവിദ്യകളാണ് റോഡ് നിർമാണത്തിൽ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. എഫ്ഡിആർ സാങ്കേതികവിദ്യ ഉപയോഗിക്കും എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രധാനപ്പെട്ട വാഗ്ദാനമാണെന്നും അദ്ദേഹം പറഞ്ഞു.