* രണ്ടാം ഘട്ടമായി ടൈറ്റാനിയം ക്ഷേമനിധി ഫണ്ടിൽ നിന്ന് 1.20 കോടി കൈമാറി
തീരപ്രദേശത്ത് ആരോഗ്യ കേന്ദ്രം നിർമിക്കാനായി ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (ടി.ടി.പി.എൽ) 25 സെൻറ് സ്ഥലം കണ്ടെത്തിയതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. തീരദേശത്തിന്റെ ഏറെ നാളായുള്ള ആവശ്യമായിരുന്നു പ്രദേശത്ത് ഒരു ആശുപത്രി. ടി.ടി.പി.എല്ലിന്റെ സ്ഥലം ആശുപത്രി നിർമാണത്തിന് വിട്ടുനൽകുന്നത് സംബന്ധിച്ച ഫയൽ സംസ്ഥാന ആരോഗ്യമന്ത്രിക്ക് കൈമാറിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ടൈറ്റാനിയം ക്ഷേമനിധി ഫണ്ടിൽ നിന്നുള്ള രണ്ടാംഘട്ട ധനസഹായമായ 1.20 കോടി രൂപ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വ്യവസായ മന്ത്രി.
ടി.ടി.പി.എൽ സ്ഥിതി ചെയ്യുന്നതിന്റെ സമീപപ്രദേശങ്ങളായ കണ്ണാന്തുറ, വെട്ടുകാട്, കൊച്ചുവേളി എന്നീ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് ആണ് ഓരോ കമ്മിറ്റിക്കും 40 ലക്ഷം രൂപ വീതം രണ്ടാംഘട്ട ക്ഷേമനിധിയിൽ അനുവദിച്ചത്. ക്ഷേമനിധി പണം ശരിയായ രൂപത്തിൽ വിനിയോഗിക്കണമെന്നും അർഹതപ്പെട്ട കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്താൻ ജില്ലാ ഭരണകൂടത്തിന്റേയും ടി.ടി.പി.എല്ലിന്റേയും ഓരോ പ്രതിനിധിയെ വീതം നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഫണ്ട് ഉപയോഗത്തിന്റെ യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് സമയബന്ധിതമായി സമർപ്പിക്കാൻ സാധിക്കണം.
മലിനീകരണം നടത്തിയശേഷം ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നതല്ല സംസ്ഥാന സർക്കാരിന്റെ നയമെന്ന് വ്യവസായ മന്ത്രി വ്യക്തമാക്കി. മലിനീകരണം പരമാവധി ഒഴിവാക്കാനാണ് ശ്രമം. മലിനീകരണ നിരക്ക് പൂജ്യത്തിലേക്ക് എത്തിക്കണം. ടി.ടി.പി.എല്ലിൽ പുതിയ റിക്കവറി പ്ലാൻറ് ഈ മാസാവസാനം ഉദ്ഘാടനം ചെയ്യും. അതോടെ വലിയ രീതിയിൽ മാലിന്യം ഇല്ലാതാക്കാൻ സാധിക്കും. വായു മലിനീകരണം ലഘൂകരിക്കാൻ രണ്ടു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ടി.ടി.പി.എല്ലിൽ ഉള്ള 3000 വൃക്ഷങ്ങളുടെ ഹരിത ബെൽറ്റ് ശക്തിപ്പെടുത്താനും ആലോചനയുണ്ട്. സ്ഥാപനത്തിന്റെ പ്രതിസന്ധി പൂർണമായി മാറി എന്ന് ഇപ്പോൾ കരുതാനാവില്ല എന്ന് മന്ത്രി രാജീവ് പറഞ്ഞു. ഇറക്കുമതി കമ്പനിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത് മറികടക്കാൻ ഇറക്കുമതി ചുങ്കം ഏർപ്പെടുത്താൻ സംസ്ഥാനം കേന്ദ്രവുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്. ഇതിനു പുറമേ അസംസ്‌കൃത വസ്തുക്കളുടെ വില വർധനയും പ്രശ്‌നമാണ്. ഇത്തരം പ്രശ്‌നങ്ങൾ എല്ലാം ഉണ്ടെങ്കിലും ടി.ടി.പി.എല്ലിന് പരമാവധി സംരക്ഷണം നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. ടി.ടി.പി.എല്ലിലെ നിയമനം റിക്രൂട്ട്‌മെന്റ് ബോർഡ് വഴി മാത്രമേ നടക്കുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. പരമാവധി പ്രാദേശിക ജനങ്ങളുടെ താൽപര്യം പരിഗണിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ടൈറ്റാനിയത്തെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.
ചടങ്ങിൽ ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ഫണ്ട് ശരിയായി വിനിയോഗിക്കുന്നു എന്ന് എല്ലാവരും ഉറപ്പു വരുത്തേണ്ടതുണ്ട് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. തൊഴിൽ മന്ത്രി വി ശിവൻകുട്ടി സംബന്ധിച്ചു. പദ്ധതി രേഖ വ്യവസായ മന്ത്രി എ.ഡി.എം അനിൽ ജോസിന് നൽകി പ്രകാശനം ചെയ്തു. വി.കെ. പ്രശാന്ത് എം.എൽ.എ, ഡോ. ജോർജ് ഗോമസ്, ഫാദർ ജെറാൾഡ് ദാസൻ, ഫാദർ സനു ഔസേപ്പ്, കൗൺസിലർമാരായ ക്ലൈനസ് റൊസാരിയോ, സറാഫിൻ ഫ്രെഡ്ഡി, കോസ്റ്റൽ അപ് ലിഫ്റ്റ് അസോസിയേഷൻ സെക്രട്ടറി ലഡ്കർ ബാവ, ടി.ടി.പി.എൽ മാനേജിംഗ് ഡയറക്ടർ ജോർജ്ജ് നൈനാൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുത്തു. 1995 ലാണ് കണ്ണാന്തുറ, വെട്ടുകാട്, കൊച്ചുവേളി തീരപ്രദേശത്തെ മത്സ്യതൊഴിലാളി കുടുംബങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ, സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക പ്രശ്‌നങ്ങൾക്കുള്ള സാമൂഹിക പ്രതിബദ്ധത എന്ന നിലയിൽ സഹായം നൽകാനായി ട്രാവൻകൂർ ടൈറ്റാനിയം ക്ഷേമനിധി ഫണ്ട് രൂപീകരിച്ചത്. 2016 ൽ ആദ്യഘട്ടമായി ഒമ്പത് ലക്ഷം രൂപ വീതം മൂന്ന് പ്രാദേശിക സമിതികൾക്കും വിതരണം ചെയ്തിരുന്നു.