ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് തീരദേശവാസികൾക്കായി രണ്ടാം ഘട്ടമായി അനുവദിച്ച 1.2 കോടി രൂപയുടെ വിതരണം മാർച്ച് രണ്ടിന് വൈകീട്ട് ആറ് മണിക്ക് കമ്പനി വളപ്പിൽ നടക്കും.
പദ്ധതി ഫണ്ട് വ്യവസായ മന്ത്രി പി. രാജീവ് വിതരണം ചെയ്യും. ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു, ജില്ലാ കളക്ടർ തുടങ്ങിയവർ പങ്കെടുക്കും.
റിലീഫ് ഫണ്ടിന്റെ രണ്ടാം ഘട്ടമായി മൂന്ന് ഉപഭോക്തൃ സമിതികൾക്ക് 40 ലക്ഷം രൂപ വീതം മൊത്തം 1.2 കോടി രൂപയുടെ പദ്ധതികൾ അംഗീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് മത്സ്യവിപണനത്തിന് പലിശരഹിത വായ്പ, വിദ്യാഭ്യാസ ലോൺ, വയോജനങ്ങൾക്ക് ധനസഹായം, സ്വയം തൊഴിൽ കണ്ടെത്താൻ റിവോൾവിങ്ങ് ലോൺ, വള്ളങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള ധനസഹായം, കരിയർ ഗൈഡൻസ്, സ്‌കൂളുകളുടെയും ലൈബ്രറികളുടെയും മൈതാനങ്ങളുടെയും നവീകരണം തുടങ്ങിയ ജനോപകാരപ്രദമായിട്ടുള്ള നിരവധി പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.