സാമൂഹ്യസുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവിലെ അവ്യക്തത ഈ പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന ആയിരക്കണക്കിനു സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്നു.
ആറുമാസത്തിനുള്ളിലുള്ള വരുമാന സർട്ടിഫിക്കറ്റ് മാത്രമേ അംഗീകരിക്കുകയുള്ളൂവെന്നാണു തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഇപ്പോൾ അറിയിക്കുന്നതെന്നാണ് നിലവിൽ പെൻഷൻ വാങ്ങുന്നവർ പറയുന്നത്. വരുമാന സർട്ടിഫിക്കറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ നല്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. ആറുമാസത്തിനുള്ളിൽ എടുത്ത വരുമാന സർട്ടിഫിക്കറ്റ്തന്നെ വേണമെന്ന കാര്യം ഇവരിൽ പലരും അറിയുന്നത് അവസാന ദിവസമായ ഇന്നലെയും.
പഞ്ചായത്ത് ഓഫീസുകളിൽ എത്തിയപ്പോൾ മാത്രമാണ് പലർക്കും ഇക്കാര്യം അറിയാൻ കഴിഞ്ഞത്. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊ ന്നും പഞ്ചായത്ത് തലത്തിൽനിന്ന് ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും നിലവിൽ പെൻഷൻ വാങ്ങുന്നവർ പറയുന്നു. സാധാരണയായി വില്ലേജ് ഓഫീസുകളിൽനിന്നു നല്കുന്ന വരുമാന സർട്ടിഫിക്കറ്റിന് ഒരുവർഷമാണു കാലാവധി.
ഇത്തരത്തിൽ ഈ വർഷം ആദ്യം വാങ്ങിയിട്ടുള്ള ഒരു വരുമാന സർട്ടിഫിക്കറ്റ് സാമൂഹ്യസുരക്ഷാ പെൻഷനുവേണ്ടി സമർപ്പിച്ചാൽ ആറുമാസം കഴിഞ്ഞു എന്ന കാരണത്താൽ അത് തള്ളിപ്പോകുന്ന സ്ഥിതിയാണ്. ആറുമാസത്തിനുള്ളിലെ വരുമാന സർട്ടിഫിക്കറ്റേ അംഗീകരിക്കുകയുള്ളൂവെന്ന് അവസാനസമയത്തു മാത്രം അറിഞ്ഞതിനാൽ ആയിരക്കണക്കിന് ആളുകൾ പദ്ധതിയിൽനിന്നു പുറത്തുപോകുന്ന സാഹചര്യവുമുണ്ടാകും.
സാമൂഹ്യസുരക്ഷാ പെൻഷനിൽനിന്നു പരമാവധി ആളുകളെ ഒഴിവാക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും ആക്ഷേപമുണ്ട്. നിലവിലെ സാഹചര്യത്തിൽ വരുമാന സർട്ടിഫിക്കറ്റ് നല്കാനുള്ള സമയം ദീർഘിപ്പിച്ചു നല്കണമെന്നാണു സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ പ്രധാന ആവശ്യം.