21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കേരളം സമാധാനപരമായി ജീവിക്കാവുന്ന ഇടം: മുഖ്യമന്ത്രി
Uncategorized

കേരളം സമാധാനപരമായി ജീവിക്കാവുന്ന ഇടം: മുഖ്യമന്ത്രി

സമാധാനപരമായി ജീവിക്കാവുന്ന ഇടമാക്കി കേരളത്തെ മാറ്റാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനക്കൂട്ടങ്ങൾക്കുനേരെ പൊലീസ് വെടിവയ്‌‌പ്പില്ലാത്ത, ലോക്കപ്പ് കൊലപാതകങ്ങളില്ലാത്ത, വർഗീയ കലാപങ്ങളില്ലാത്ത നാടായി കേരളം മാറി. രാജ്യത്തിന്റെ പൊതുസ്ഥിതിയുടെ പശ്ചാത്തലത്തിൽ സമാധാനത്തിന്റെ തുരുത്താണ് കേരളമെന്നും നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്‌ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് അഴിമതി പൂർണമായും ഇല്ലാതാക്കാൻ ശക്തമായ നടപടിയാണ്‌ സ്വീകരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്ക് ടെസ്റ്റ് നടത്തി ലിസ്‌റ്റ്‌ തയ്യാറാക്കി യോഗ്യരായവരെ വിജിലൻസിലേക്ക്‌ തെരഞ്ഞെടുക്കും. ഇവർ നിശ്ചിത കാലയളവിൽ വിജിലൻസിൽ പ്രവർത്തിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരും. ഉദ്യോഗസ്ഥ തലത്തിലെ കൈക്കൂലിയും അഴിമതിയും തടയും. 2021 ൽ 30 ട്രാപ്പ് കേസുകളും 2022 ൽ 47 കേസും രജിസ്റ്റർ ചെയ്‌തു. ഈവർഷം രണ്ടുമാസത്തിനുള്ളിൽ പത്തു കേസ്‌ രജിസ്റ്റർ ചെയ്‌തു. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ മിന്നൽപരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞവർഷം 13 മിന്നൽ പരിശോധന നടത്തി.

ഗുണ്ടകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് കൈക്കൊള്ളുന്നത്. 349 ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിലച്ചു. ഗുണ്ടാനിയമപ്രകാരം 387 പേരെ നാടുകടത്തി. ഈ സർക്കാർ വന്നശേഷം പോക്‌സോ കേസുകളിലെ 863 പ്രതികളെ ശിക്ഷിച്ചു. പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമ കേസ്‌ കൈകാര്യംചെയ്യാൻ തൃശൂരും തിരുവനന്തപുരത്തും കോടതി ആരംഭിച്ചു.

വിദ്യാസമ്പന്നരും സാങ്കേതിക പരിജ്ഞാനവുമുള്ളവരാണ് പൊലീസ് സേനയിലുള്ളത്. അതിനാൽ സാമ്പത്തിക, ഐടി തട്ടിപ്പ് കേസുകളുൾപ്പെടെ വേഗത്തിൽ കണ്ടെത്താനാകുന്നുണ്ട്‌. ജയിലുകൾ തിരുത്തൽ കേന്ദ്രങ്ങളായി മാറി. മറ്റ് പ്രവണതകൾ അംഗീകരിക്കില്ല. സ്ത്രീ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകിയുള്ള പദ്ധതികളാണ് നടപ്പാക്കിയത്‌. 2012 ൽ വാഹനാപകട നിരക്ക് ലക്ഷത്തിന് 527 ആയിരുന്നത് 2022 ൽ ലക്ഷത്തിന് 279 ആയി കുറയ്‌ക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസം​ഗത്തിന്റെ പൂർണ്ണരൂപം

നമ്മുടെ നാട് സമാധാനപരമായി ജീവിക്കാൻ കൊള്ളാവുന്ന ഇടം എന്ന നിലയിലേക്കു മാറ്റിയെടുത്തു എന്നതാണ് ആഭ്യന്തര വകുപ്പിൻറെ ഇക്കാലത്തെ പ്രവർത്തനങ്ങളുടെ മുഖമുദ്ര.ജനക്കൂട്ടങ്ങൾക്കുനേർക്കു പോലീസ് വെടിവെയ്പ്പില്ലാത്ത, ലോക്കപ്പ് കൊലപാതകങ്ങളില്ലാത്ത, വർഗീയ കലാപങ്ങളില്ലാത്ത, സ്വൈരജീവിതം കലുഷമാക്കാൻ ഗുണ്ടാ സംഘങ്ങളെ അനുവദിക്കാത്ത ഒരു നാടായി നമ്മുടെ നാട് മാറിയിട്ടുണ്ട്. ഇന്ന് രാജ്യത്തിന്റെ പൊതുസ്ഥിതിയുടെ പശ്ചാത്തലത്തിൽ നോക്കിയാൽ സമാധാനത്തിൻറെ, ശാന്തിയുടെ തുരുത്താണ് കേരളം.

ആഭ്യന്തര വകുപ്പിലെ പ്രധാനപ്പെട്ട വിഭാഗമാണ് കേരളാ പോലീസ്. കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും ഏറെ മുന്നിലാണ് കേരളാ പോലീസ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഊർജ്ജസ്വലരായ ചെറുപ്പക്കാർ നിറഞ്ഞ നമ്മുടെ സേന രാജ്യത്തെ ഏറ്റവും മികച്ച സേനകളിൽ ഒന്നാണ്. സാങ്കേതിക വിദ്യകളിൽ കഴിവും യോഗ്യതയുമുള്ള വനിതകൾ ഉൾപ്പെടെയുളള സേനാംഗങ്ങൾ സമൂഹത്തിലെ വർദ്ധിച്ചുവരുന്ന ഡിജിറ്റൽ തട്ടിപ്പുകളെ തടയാൻ സേനയെ പ്രാപ്തരാക്കുന്നുണ്ട്. കാലത്തിനനുയോജ്യമായ വിധത്തിൽ പോലീസിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ടെക്നോളജി അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകത്തിൻറെ ഏത് കോണിലിരുന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെ ഓൺലൈനായി നടത്തപ്പെടുന്നു. ഡാർക്ക് വെബിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങളായ ലൈംഗിക വ്യാപാരം, മയക്കുമരുന്നുകച്ചവടം, ആയുധ വ്യാപാരം, സാമ്പത്തിക തട്ടിപ്പുകൾ എന്നിവ കണ്ടെത്തുവാനും അവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്താനും നിതാന്ത ജാഗ്രതയോടെ കേരളാ പോലീസിൻറെ സൈബർ വിഭാഗം നിലകൊള്ളുന്നുണ്ട്.

കേരളാ പോലീസിൻറെ സ്ത്രീ സുരക്ഷാ പദ്ധതികൾ

സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം കൊടുത്തുകൊണ്ട് നിരവധി പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്നത്. വനിതാ പോലീസ് സ്റ്റേഷൻ, വനിതാ സെൽ, വനിതാ ബറ്റാലിൻ, അപരാജിത, പിങ്ക് പോലീസ്, നിഴൽ, വനിതാ സ്വയംപ്രതിരോധ സംഘം, വനിതാ ബീറ്റ് എന്നിവയെല്ലാം സ്ത്രീസുരക്ഷ മുൻനിർത്തി നടപ്പിലാക്കിയ പദ്ധതികളാണ്. അവയുടെ ഓരോന്നിൻറെയും വിശദാംശങ്ങളിലേക്ക് ഞാനിപ്പോൾ കടക്കുന്നില്ല.

സ്ത്രീധനവുമായി ബന്ധപ്പെട്ട ഉപദ്രവങ്ങൾ, സൈബർ ലോകത്തിലെ അതിക്രമങ്ങൾ, പൊതു ഇടങ്ങളിലെ അവഹേളനങ്ങൾ തുടങ്ങി സ്ത്രീകൾ നേരിടുന്ന വിവിധ പ്രശനങ്ങൾ പരിഹരിക്കുന്നതിനായി രൂപം നൽകിയ പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് 2021 ജൂലൈ 19 ന് നിലവിൽ വന്നിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബർ ലോകത്തും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പിങ്ക് പട്രോൾ, പിങ്ക് ജനമൈത്രി ബീറ്റ്, പിങ്ക് കൺട്രോൾ റൂം, പിങ്ക് ഷാഡോ, പിങ്ക് റോമിയോ, കൗൺസിലിംഗ് സംവിധാനം, വനിതാ സംരക്ഷണത്തിന് സഹായമായി മൊബൈൽ ആപ്പുകൾ തുടങ്ങി പത്ത് ഘടകങ്ങൾ ചേർന്നതാണ് ഈ പദ്ധതി.

ജനമൈത്രി പോലീസ്

പരമ്പരാഗതമായ കേന്ദ്രീകൃത പോലീസിംഗ് രീതിയിൽ നിന്ന് വിഭിന്നമായി പ്രാദേശിക ജനകീയ വിഷയങ്ങളിൽ ജനാഭിപ്രായ സമന്വയത്തിലൂടെ വികേന്ദ്രീകൃത പോലീസിംഗ് നടപ്പാക്കുന്ന രീതിയാണ് ജനമൈത്രി പോലീസിലൂടെ വിഭാവനം ചെയ്യുന്നത്. കോവിഡ് കാലത്ത് 32,244 ഓളം പോലീസുദ്യോഗസ്ഥർ രോഗബാധിതരായിട്ടും രോഗ നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന നിരവധി പോലീസുദ്യോഗസ്ഥർക്ക് ജീവഹാനി സംഭവിച്ചിട്ടും സമൂഹനډക്കായുള്ള വിവിധ പ്രവർത്തനങ്ങളിൽ അഹോരാത്രം ഏർപ്പെടാൻ ജനമൈത്രി പോലീസിനു സാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയിൽ നാടിനു താങ്ങും തണലുമായി നിന്ന ഈ പദ്ധതിവഴി പോലീസുദ്യോഗസ്ഥർ 3,24,732 ഭവന സന്ദർശനം നടത്തി ജീവൻരക്ഷാമരുന്ന്, ഭക്ഷണം എന്നിവ ജനങ്ങൾക്ക് എത്തിച്ചു നൽകിയിരുന്നു.

‘സുരക്ഷക്കായ് ജനങ്ങൾക്കൊപ്പം’ എന്ന ആപ്തവാക്യം മുൻനിർത്തി ജനങ്ങൾക്കായി നിസ്വാർത്ഥ സേവനമാണ് ജനമൈത്രി പോലീസിലൂടെ നൽകിവരുന്നത്. റെയിൽവെ ജനമൈത്രി പദ്ധതി, ട്രൈബൽ ജനമൈത്രി പദ്ധതി, എന്നിവയ്ക്കു പുറമെ ലഹരി ഉപയോഗം, ഗാർഹിക വൈവാഹിക പീഡനങ്ങൾ, റോഡ് സുരക്ഷ, കോവിഡ് അവബോധം തുടങ്ങിയ വിവിധ വിഷയങ്ങളിൽ അവബോധ പരിപാടികൾ സംഘടിപ്പിക്കുന്ന ജനമൈത്രി ഡ്രാമാ-ഓർക്കസ്ട്ര ടീമുകൾ കൂടി ജനമൈത്രി പോലീസിൻറെ ഭാഗമാണ്. പ്രശാന്തി സീനിയർ സിറ്റിസൺ ഹെൽപ്പ് ഡെസ്ക്, മൈഗ്രൻറ് ലേബർ ജനമൈത്രി പ്രോജക്ട്, വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി എന്നിവയും നടപ്പാക്കിവരികയാണ്

വാഹനാപകട നിരക്ക് കുറയുന്നത് സംബന്ധിച്ച്

സംസ്ഥാനത്തെ വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും റോഡ് നിയമങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ജനമൈത്രി പോലീസ്, സ്റ്റുഡൻറ് പോലീസ് കേഡറ്റ് എന്നിവയിലൂടെയും കേരളാ പോലീസിൻറെ സോഷ്യൽ മീഡിയ പേജുകളിലൂടെയും നൽകിവരുന്നുണ്ട്. ഇതിനായി ഓപ്പറേഷൻ ശുഭയാത്ര എന്ന ഒരു പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. അവയുടെ ഫലമായി 2012 ൽ വാഹനാപകട നിരക്ക് ലക്ഷത്തിന് 527 ആയിരുന്നത് 2022 ൽ ലക്ഷത്തിന് 279 ആയി കുറയ്ക്കുവാൻ സാധിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ക്രമാതീതമായ വർദ്ധനവ് സംസ്ഥാനത്ത് ഉണ്ടായിട്ടുപോലും വാഹനാപകട നിരക്ക് കുറയുന്നു എന്നത് ശ്രദ്ധേയമാണ്.

പദ്ധതികൾ

സംസ്ഥാന പ്ലാനിൽ ഉൾപ്പെടുത്തി പോലീസിൻറെ ആധുനികവൽക്കരണത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്.

46 പോലീസ് സ്റ്റേഷനുകൾ സംസ്ഥാനത്ത് വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനുകൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിച്ച് മികച്ച പശ്ചാത്തല സൗകര്യം ഉറപ്പാക്കണമെന്ന നയം സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്. 27 പോലീസ് സ്റ്റേഷനുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഭരണാനുമതി നൽകുകയും തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമേ 2 സൈബർ പോലീസ് സ്റ്റേഷനുകൾക്കും 2 വനിതാ പോലീസ് സ്റ്റേഷനുകൾക്കും പ്രത്യേകമായി കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഭരണാനുമതി നൽകിയിട്ടുണ്ട്.

ആലപ്പുഴ, എറണാകുളം റൂറൽ, മലപ്പുറം, കണ്ണൂർ റൂറൽ എന്നീ ജില്ലകൾക്ക് ജില്ലാ പോലീസ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനായി ഭരണാനുമതിയും തുകയും നൽകി. കൂടാതെ കൊല്ലം സിറ്റി, ഇടുക്കി, പത്തനംതിട്ട, തൃശ്ശൂർ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ പുതിയ ജില്ലാ കൺട്രോൾ റൂമുകൾ നിർമ്മിക്കുന്നതിനായി ഭരണാനുമതിയും തുകയും അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് സൈബർ സെക്യൂരിറ്റി സെൻറർ സ്ഥാപിക്കുന്നതിന് 300 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. സെൻററിൻറെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ 15 സൈബർ ക്രൈം പോലീസ് സ്റ്റേഷനുകളിലെയും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സൈബർ ഡോമുകളിലെയും സൈബർ കുറ്റാന്വേഷണ സംവിധാനങ്ങൾ വർദ്ധിപ്പിക്കുന്നതിന് 450 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

സൈബർ ക്രൈം അനാലിസിസിലെ പുതിയ പ്രവണതകൾക്ക് അനുസൃതമായി സൈബർസുരക്ഷ ഉറപ്പുവരുത്തുന്നതിനും സൈബർ ഇടങ്ങളിലെ ക്രിമിനൽ പ്രവണതകൾ ഫലപ്രദമായി കൈകാര്യം ചെയ്യുവാനും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, എന്നിവിടങ്ങളിലെ സൈബർ ഡോമുകളെ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഓപ്പറേഷൻ ടൂളുകളും സോഫ്റ്റ്വെയറുകളും വാങ്ങുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം റൂറൽ, കൊല്ലം റൂറൽ, എറണാകുളം റൂറൽ, തൃശ്ശൂർ റൂറൽ എന്നിവിടങ്ങളിൽ പുതിയ ജില്ലാ പരിശീലന കേന്ദ്രങ്ങൾ ഒരുക്കുകയാണ്.

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സി സി റ്റി വി ക്യാമറകളും എല്ലാ ജില്ലാ പോലീസ് ഓഫീസുകളിലും പോലീസ് ആസ്ഥാനത്തും സി സി റ്റി വി ക്യാമറ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും സ്ഥാപിക്കുവാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്.

ആധുനികവത്കരണത്തിനായി സ്വീകരിച്ച നടപടികൾ

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 2021-2022 ൽ സംസ്ഥാന പ്ലാൻ പ്രകാരം 80 പോലീസ് സ്റ്റേഷനുകളിലേക്ക് ഫർണിച്ചർ, കമ്പ്യൂട്ടർ, പ്രിൻറർ എന്നിവ വാങ്ങുന്നതിനും ബെയ്സിക് ട്രെയിനിംഗ് യൂണിറ്റ് സ്മാർട്ട് സ്റ്റോറേജ് സിസ്റ്റം എന്നിവ സ്ഥാപിക്കുന്നതിനുമായി ആകെ 4 കോടി രൂപ ജില്ലാ പോലീസ് മേധാവിമാർക്ക് അനുവദിക്കുകയും. ആവശ്യമായ ഉപകരണങ്ങളും ഫർണിച്ചറുകളും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ എല്ലാ സബ് ഡിവിഷനുകളുടെയും നവീകരണത്തിനായി 2 കോടി രൂപ ജില്ലാ പോലീസ് മേധാവിമാർക്കും സംസ്ഥാന പ്ലാൻ പദ്ധതി പ്രകാരം നൽകിയിട്ടുണ്ട്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലേക്ക് അത്യാവശ്യ ഉപകരണങ്ങൾ വാങ്ങുന്നതിലേക്കായി 13.55 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി.

നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പരിശീലനം

പോലീസിൻറെ കുറ്റാന്വേഷണ മികവ് വർദ്ധിപ്പിക്കുന്നതിനായി Interrogative Techniques, Cyber Crime Investigation, Advance Technology in Forensic Science, Anti-Human Trafficking, Investigation of Murder/Homicide തുടങ്ങിയ വിഷയങ്ങളിൽ എല്ലാ തലത്തിലുള്ള ഉദ്യോഗസ്ഥർക്കും ഇൻ സർവ്വീസ് പരിശീലനം നൽകിവരുന്നുണ്ട്. കൂടാതെ ഇന്ത്യയിലെ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികളുമായി ഉടമ്പടി പ്രകാരം യോഗ്യതയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെ പോലീസിൻറെ പ്രവർത്തനങ്ങൾക്ക് ഉപയുക്തമായ നൂതന സാങ്കേതിക വിദ്യകളിൽ പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമ, മാസ്റ്റർ ഡിഗ്രി എന്നീ പ്രോഗ്രാമുകൾക്കായും അയക്കുന്നുണ്ട്.

സ്‌മാർട്ട് പോലീസ് സ്റ്റേ‌ഷൻ സ്ഥാപിക്കൽ

സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ ഏർപ്പെടുത്തി പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകാനാണ് ശ്രമിക്കുന്നത്. ഈ പോലീസ് സ്റ്റേഷനുകളിൽ ഒരു ഇലക്ട്രോണിക് ഉപകരണം വഴി പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാം.

നിർമിത ബുദ്ധി സാങ്കേതികവിദ്യ

പോലീസ് വകുപ്പിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പ്രോജക്റ്റിന് തുടക്കമിട്ടിട്ടുണ്ട്. സംസ്ഥാനത്ത് നിർമിതബുദ്ധി സാങ്കേതികവിദ്യ രണ്ട് തരത്തിൽ നടപ്പിലാക്കാൻ സാധിക്കും.

1) പോലീസിൻറെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായതും ലഭ്യമായതുമായ നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ ഉപയോഗം
) സംസ്ഥാന പോലീസ് പ്രവർത്തനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് സ്വന്തമായി നിർമിത ബുദ്ധിയിലധിഷ്ഠിതമായ സങ്കേതങ്ങൾ വികസിപ്പിപ്പിച്ച് പ്രവർത്തിപ്പിക്കുക.

ഡാറ്റകൾ, ഫോട്ടോഗ്രാഫുകൾ, സി സി റ്റി വി ഫൂട്ടേജുകൾ, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രേഖകൾ, തെളിവ് ഫയലുകൾ തുടങ്ങിയ അതിവേഗം വിശകലനം ചെയ്യുവാൻ ഈ സാങ്കേതികവിദ്യ മൂലം സാധിക്കുന്നതുകൊണ്ട് കേസന്വേഷണങ്ങൾ ഫലപ്രദമാക്കുവാനും പഴുതില്ലാത്ത കുറ്റപത്രം തയ്യാറാക്കുവാനും സാധിക്കും.

Emergency Response Support System (ERSS)

എല്ലാ ജില്ലകളിലും National Emergency Response System (NERS) സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ അവർ Emergency Response Support System (ERSS) എന്നാണ് അറിയപ്പെടുന്നത്. പൊതുജനങ്ങൾക്ക് 112 എന്ന എമർജൻസി നമ്പർ മുഖേന പോലീസിൻറെ അടിയന്തരസഹായം ആവശ്യപ്പെടാവുന്നതാണ്. ഈ സംവിധാനം വഴി വളരെ വേഗത്തിൽ കൃത്യമായ പോലീസ് സഹായം ഉറപ്പുവരുത്തുന്നുണ്ട്.

Integrated Core Policing System (iCoPS)

സേനാ നവീകരണത്തിൻറെ ഭാഗമായി പോലീസിൻറെ ദൈനംദിന പ്രവർത്ത നങ്ങളെ കമ്പ്യൂട്ടർവൽക്കരിക്കുന്ന ദേശീയതലത്തിലുള്ള ബൃഹത് പദ്ധതിയായ ക്രൈം ആൻറ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്ക് & സിസ്റ്റംസ് (CCTNS) എല്ലാ പോലീസ് സ്റ്റേഷനുകളിലും നടപ്പിലാക്കിയിട്ടുണ്ട്. പദ്ധതിയുടെ ‘Core Application Software (CAS) കേന്ദ്ര ആഭ്യന്തര വകുപ്പിൽ നിന്നും സംസ്ഥാന പോലീസിന് ലഭിച്ചിട്ടുണ്ട്. അത് 2009 ൽ എൻ സി ആർ ബി വിഭാവനം ചെയ്‌ത് രൂപകല്പന ചെയ്‌ത‌താണ്. അതിനെ ആധുനികരീതിയിൽ നവീകരിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ സി സി ടി എൻ എസ് സ്റ്റേറ്റ് എംപവേർഡ് കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം കേരളം നമ്മുടെ പോലീസ് വകുപ്പിലെ തന്നെ വിദഗ്ദ്ധ ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിച്ച് എറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി Integrated Core Policing System (iCoPS) എന്ന പേരിൽ ഒരു സോഫ്റ്റ്വെയർ രൂപകല്പന ചെയ്‌തു. ഇത്തരത്തിൽ ഒരു സോഫ്റ്റ്വെയർ വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ പോലീസ് സേനയാണ് കേരള പോലീസ്. നിലവിൽ കുറ്റവാളികളെയും കുറ്റങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസ് സ്റ്റേഷനുകളിൽ വ്യത്യസ്തങ്ങളായ നിരവധി സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നുണ്ട്. ഒരേ കുറ്റവാളികളെയും കുറ്റങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പല സോഫ്റ്റ്വെയറുകളിലായി നിരവധി തവണ രേഖപ്പെടുത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കി നിലവിലുള്ള സോഫ്റ്റ്വെയറുകളെ എല്ലാം ഒരു പൊതുവായ സോഫ്റ്റ്വെയറിൻറെ കീഴിൽ കൊണ്ടുവരാനാണ് ശഇീജട ലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ക്രിമിനൽ ഗാലറി

ഇൻറഗ്രേറ്റഡ് കോർ പോലീസിംഗ് സിസ്റ്റത്തിൽ പുതുതായി കൂട്ടിച്ചേർത്ത സർവീസായ ക്രിമിനൽ ഗാലറി കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ള ആൾക്കാരുടെ വിവരങ്ങൾ അറിയുന്നതിനും അവരെ മോണിറ്റർ ചെയ്യുന്നതിനും ഉതകുന്ന തരത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ഒരു കുറ്റവാളിയെ സംബന്ധിച്ച് ഒരു പോലീസ് യൂണിറ്റിൽ ശേഖരിക്കുന്ന പരമാവധി വിവരങ്ങൾ ഈ ആപ്ലിക്കേഷൻ മുഖേന മറ്റു പോലീസ് യൂണിറ്റുകൾക്കും ലഭ്യമാകുന്നതാണ്. ഒരു കുറ്റവാളിയുടെ അതാത് കാലഘട്ടങ്ങളിലെ സ്റ്റാറ്റസ് ഈ അപ്ലിക്കേഷനിൽ അപ്ഡേറ്റ് ചെയ്യുവാനും സാധിക്കും. അതുകൊണ്ടുതന്നെ ഒരു കുറ്റവാളിയുടെ തൽസ്ഥിതി – ജയിലിൽ / ജാമ്യത്തിൽ / ശിക്ഷ കാലാവധി കഴിഞ്ഞു / പരോളിൽ – അറിയുവാൻ വളരെ വേഗം സാധിക്കുന്നതാണ്.

Micops

പോലീസ് ജോലിയുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ / വ്യക്തി പരിശോധനകൾ / കുറ്റാന്വേഷണങ്ങൾ എന്നിവ ചെയ്യാൻ കഴിയുന്ന തരത്തിൽ രൂപകല്പന ചെയ്തിട്ടുള്ള ഒരു ഏകീകൃത മൊബൈൽ ആപ്ലിക്കേഷനാണ് Micops. പേപ്പർ രഹിത പോലീസ് ഓഫീസുകൾ എന്ന ലക്ഷ്യത്തിലേക്ക് കേരള പോലീസിനെ ഒരുപടി കൂടി അടുപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ മൊബൈൽ ആപ്പ്.

സൈബർഡോം

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഡാർക്ക് വെബ് വഴിയുളള കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി തിരുവനന്തപുരത്ത് സ്ഥാപിതമായ കേരളാ പോലീസിൻറെ ആദ്യ സംരംഭമാണ് സൈബർഡോം. ഈ സ്ഥാപനത്തിൻറെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി സർക്കാർ എറണാകുളത്തും കോഴിക്കോടും ഓരോ സൈബർഡോം വീതം സ്ഥാപിച്ചിട്ടുണ്ട്. സൈബർ ലോകത്ത് പൊതുജനങ്ങൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തി കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുന്നതിനും സാധിക്കുന്നുണ്ട്.

ഡാർക്ക് വെബിലെ കുറ്റകൃത്യങ്ങൾ കണ്ടെത്തി തടയുന്നതിന് Granpel

മയക്കുമരുന്നുകൾ, ആയുധങ്ങൾ, മോഷ്ടിച്ച ഡാറ്റ, വ്യാജ ഐഡൻറിറ്റികൾ, ഹാക്കിംഗ് ടൂളുകൾ എന്നിവയുൾപ്പെടെ നിയമവിരുദ്ധമായ ചരക്കുകളും സേവനങ്ങളും വാങ്ങാനും വിൽക്കാനും കഴിയുന്ന വിവിധ അധോലോക വിപണികളുടെ കേന്ദ്രമാണ് ഡാർക്ക് വെബ്. അതിലൂടെ ലൈംഗിക വ്യാപാരവും സാമ്പത്തിക തട്ടിപ്പുകളും നടക്കുന്നുണ്ട്. ഡാർക്ക് വെബിലെ നിഗൂഢതകൾ നീക്കുന്നതിനും കുറ്റകൃത്യങ്ങൾ വിശകലനം ചെയ്യുന്നതിനുമായി ഹാക്ക് പി-സമ്മിറ്റ് എന്ന ഹാക്കത്തോണിലൂടെ കേരള പോലീസ് സൈബർഡോം ഗ്രാൻപൽ എന്ന സോഫ്റ്റ്വെയർ സൗജന്യമായി വികസിപ്പിച്ചെടുത്തു. ഡാർക്ക് വെബിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ ഈ സോഫ്റ്റ്വെയർ ഉപയോഗിച്ച് കണ്ടെത്തുവാനും അവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്തുവാനും സാധിക്കും.

THUNA (The Hand yOu Need for Assistance),Pol-APP

സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുക എന്ന സംസ്ഥാന സർക്കാർ നയത്തിൻറെ ഭാഗമായി കേരള പോലീസ് രണ്ട് വ്യത്യസ്ത സാങ്കേതിക സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

1) ഓൺലൈൻ സിറ്റിസൺ സർവ്വീസ് പോർട്ടൽ – THUNA

2) സിറ്റിസൺ സർവ്വീസ് ഉൾപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷൻ (Pol-APP)

ഒരു വെബ് പോർട്ടലിലൂടെ പൗരډാർക്ക് സേവനങ്ങളും വിവരങ്ങളും എത്തിക്കുന്നതിനുള്ള കേരള പോലീസിൻറെ സംരംഭമാണ് സിറ്റിസൺ പോർട്ടലായ തുണ. പോലീസ് സേവനങ്ങൾ ഓൺലൈനായി പൊതുജനങ്ങൾക്ക് ലഭ്യമാക്കാനായാണ് ‘തുണ’ വിഭാവനം ചെയ്തിരിക്കുന്നത്. ഈ സേവനങ്ങളെല്ലാംതന്നെ കേരള പോലീസിൻറെ മൊബൈൽ ആപ്പ് ആയ Pol-APP (പോൾ-ആപ്പ്) മുഖേന ആൻഡ്രോയിഡ്, ഐ ഒ എസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൊബെൽ ഫോണുകളിലും ലഭ്യമാക്കിയിട്ടുണ്ട്. അവയിലൂടെ പരാതി സമർപ്പിക്കാനും, എഫ് ഐ ആറിൻറെ പകർപ്പ് എടുക്കാനും, എൻ ഐ ഒ സി സർട്ടിഫിക്കറ്റ് സ്വന്തമാക്കാനും, ആക്സിഡൻറ് കേസിലെ ജി ഡിയുടെ പകർപ്പ് എടുക്കാനും, ഒക്കെ കഴിയും. പോലീസുമായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കാനും കഴിയും. പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങാതെ തന്നെ സേവനങ്ങൾ ലഭിക്കും എന്നതാണ് ഇവയുടെ പ്രത്യേകത.

പോലീസ് ഡിപ്പാർട്ട്മെൻറിൻറെ എല്ലാ പൊതുസേവനങ്ങളും ഉപഭോക്തൃ-സൗഹൃദ രീതിയിൽ നൽകാൻ കഴിയുന്ന ഒരൊറ്റ സംയോജിത മൊബൈൽ ആപ്പായാണ് Pol-APP രൂപകൽപന ചെയ്തിരിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പൗരന്മാർക്ക് പോലീസ് സേവനങ്ങൾ നൽകാനാണ് പോൾ ആപ്പ് ലക്ഷ്യമിടുന്നത്.

സാമ്പത്തിക കുറ്റകൃത്യ വിഭാഗം

സങ്കീർണ്ണമായ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടുന്ന കേസുകൾ കൈകാര്യം ചെയ്യുന്നതിന് സാങ്കേതിക വൈദഗ്ദ്ധ്യം നേടിയ അന്വേഷകർ ഉൾപ്പെടുന്ന സാമ്പത്തിക കുറ്റകൃത്യവിഭാഗം വളരെ അനിവാര്യമാണ്. നിലവിലെ അംഗബലത്തിൽ ക്രൈം ബ്രാഞ്ചിന് ഇത്രയും വലിയ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ സാധ്യമല്ലാത്തതിനാൽ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനായി ഒരു പ്രത്യേക സാമ്പത്തിക കുറ്റകൃത്യ വിഭാഗം തന്നെ ക്രൈം ബ്രാഞ്ചിന് കീഴിൽ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ആകെ ഒരു ഐ ജി പിയും 4 എസ് പിയും 11 ഡി വൈ എസ് പിമാരുമടങ്ങുന്ന 233 തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി

രാജ്യത്തിനാകെ മാതൃകയായതാണ് കേരളം തുടക്കം കുറിച്ച സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സർക്കാർ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെ ആകെ 198 സ്കൂളുകളിൽ എസ് പി സി പദ്ധതി ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആകെ 1,001
സ്കൂളുകളിൽ എസ് പി സി പദ്ധതി പ്രവർത്തിക്കുന്നുണ്ട്.

ക്രൈം ബ്രാഞ്ചിൽ ലീഗൽ അഡ്വൈസർമാരുടെ പുതിയ തസ്തികകൾ

ക്രൈം ബ്രാഞ്ചിൽ 4 ലീഗൽ അഡ്വൈസർമാരുടെ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഇരിക്കുന്ന കേസുകൾക്ക് ആവശ്യമായ നിയമോപദേശം വളരെ വേഗം ലഭ്യമാക്കുന്നതു വഴി മെച്ചപ്പെട്ട അന്വേഷണം നടത്തുന്നതിനും കുറ്റവാളികൾക്കെതിരെ പഴുതടച്ച കുറ്റപത്രം നൽകുന്നതിനും സാധിക്കുന്നുണ്ട്.

പുതിയ തസ്തികകൾ

പോലീസ് സേനയുടെ കാര്യക്ഷമതയും പ്രവർത്തന മികവും ഉയർത്തുവാനുള്ള സർക്കാരിൻറെ നയത്തിനനുസരിച്ച് ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 312 തസ്തികകൾ വിവിധ വിഭാഗങ്ങളിലായി പോലീസ് വകുപ്പിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ജില്ലകളിൽ പുതിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡിറ്റാച്ച്മെൻറുകൾ സ്ഥാപിച്ചത്

കൊല്ലം, തൃശ്ശൂർ, കണ്ണൂർ ജില്ലകളെ സിറ്റി, റൂറൽ പോലീസ് ജില്ലകളായി വിഭജിച്ചതിനുശേഷം രൂപീകൃതമായ റൂറൽ പോലീസ് ജില്ലകളിലെ ക്രമസമാധാന പ്രശ്നങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും വ്യാപ്തി കണക്കിലെടുത്ത് റൂറൽ ജില്ലകൾക്കായി സ്പെഷ്യൽ ബ്രാഞ്ചിൽ പ്രത്യേക ഡിറ്റാച്ച്മെൻറ് യൂണിറ്റുകൾ രൂപീകരിക്കുകയും 3 ഡി വൈ എസ് പി തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു.

വർഗ്ഗീയ സംഘർഷങ്ങൾ ഫലപ്രദമായി തടയുവാൻ നടപടി

സാമൂഹ്യമാധ്യമങ്ങൾ വഴി വർഗ്ഗീയ സംഘർഷം സൃഷ്ടിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന ഇൻറലിജൻസ് വിഭാഗം സംഘർഷ സാധ്യതയുള്ള പ്രദേശങ്ങൾ നിരീക്ഷിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.

പോലീസിൻറെ സമയോചിതമായ ഇടപെടലുകൾ കാരണം സംസ്ഥാനത്തൊട്ടാകെ കലാപങ്ങൾ സൃഷ്ടിച്ച് ക്രമസമാധാന ലംഘനങ്ങൾ ഉണ്ടാക്കുവാൻ ശ്രമിച്ച ചില വർഗ്ഗീയ സംഘടനകളുടെ ശ്രമങ്ങൾ ഇല്ലാതാക്കുവാനും സംസ്ഥാനത്തെ പൊതുജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കുവാനും സാധിച്ചിട്ടുണ്ട്.

പോലീസ് സേനയ്ക്ക് ലഭിച്ച പ്രധാന പുരസ്കാരങ്ങൾ

ഇന്ത്യൻ പോലീസ് ഫൗണ്ടേഷൻ നടത്തിയ സർവേ പ്രകാരം അഴിമതിയില്ലാത്ത പോലീസ് സേനയെന്ന ബഹുമതി കേരള പോലീസിന് ലഭിച്ചു.

വാർത്താ വിനിമയം, വിവര സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിൽ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരളാ പോലീസിൻറെ സോഷ്യൽ മീഡിയാ സെല്ലിനും സൈബർ ഡോമിനും 2020-21 വർഷത്തെ ദേശീയ e-Governance അവാർഡ് ലഭിച്ചു.

പാസ്പോർട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകുന്ന അംഗീകാരത്തിന് കേരളാ പോലീസ് അർഹമായി. പോലീസിലെ സാങ്കേതികവിദ്യാ വിദഗ്ദ്ധർ നിർമ്മിച്ച e-VIP എന്ന സംവിധാനമാണ് പാസ്പോർട്ട് അപേക്ഷകളുടെ പരിശോധനയിലെ കാലതാമസം ഒഴിവാക്കുന്നതിന് കേരളാ പോലീസിന് സഹായകരമായത്.

വിജിലൻസ് വകുപ്പ്

ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും അഴിമതി പൂർണ്ണമായും ഇല്ലാതാക്കുന്നതിനായി വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ വളരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ 2021ൽ 30 ട്രാപ്പ് കേസുകളും 2022 ൽ 47 ട്രാപ്പ് കേസുകളും 2023 ൽ നാളിതുവരെ 10 ട്രാപ്പ് കേസുകളും രജിസ്റ്റർ ചെയ്യുകയുണ്ടായി.

സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ച് സോഴ്സ് തയ്യാറാക്കി സംസ്ഥാനവ്യാപകമായി മിന്നൽ പരിശോധനകൾ നടത്തി കർശന നടപടികൾ സ്വീകരിച്ചുവരുന്നു. 2022ൽ 13 സംസ്ഥാനതല മിന്നൽപരിശോധനകൾ നടത്തുകയുണ്ടായി.

പൊതുജനങ്ങൾക്ക് വേഗത്തിൽ പരാതികൾ സമർപ്പിക്കുന്നതിനും അറിയിക്കുന്നതിനുമായി ടോൾഫ്രീ നമ്പരും വാട്സാപ്പ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇ-പെറ്റീഷൻ സംവിധാനവും നിലവിലുണ്ട്. വിജിലൻസിൻറെ സോഷ്യൽമീഡിയ വെബ്സൈറ്റ് ആധുനികവത്ക്കരിച്ചിട്ടുണ്ട്.

വിജിലൻസ് കോടതികളിലെ പ്രോസിക്യൂഷൻ നടപടികൾ കാര്യക്ഷമമാക്കുന്നതിനായി 4 ലീഗൽ അഡ്വൈസർ തസ്തികകൾ സൃഷ്ടിക്കുകയും 4 പ്രോസിക്യൂട്ടർമാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

അടിസ്ഥാനസൗകര്യ വികസനത്തിൻറെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറയിൽ വിജിലൻസ് കോംപ്ലക്സിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.

ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിവരുന്നുണ്ട്. നിയമിക്കുന്നതിനു മുമ്പ് ഇവർ അഴിമതിമുക്തരാണെന്നും പ്രാപ്തിയും, കാര്യക്ഷമതയുമുള്ളവരാണെന്നും ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടികൾ നടത്തിവരുന്നുണ്ട്. വിജിലൻസിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിലേക്കായി പോലീസ് ഉദ്യോഗസ്ഥർക്ക് ടെസ്റ്റ് നടത്തി ലിസ്റ്റ് തയ്യാറാക്കി അതിൽനിന്നും യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഒരു നിശ്ചിത കാലയളവിലേക്ക് വിജിലൻസിൽ പ്രവർത്തിക്കണമെന്ന വ്യവസ്ഥയും കൊണ്ടുവരാൻ ആലോചനയുണ്ട്.

വിജിലൻസ് കേസുകളുടെ വിചാരണകൾ വേഗത്തിലാക്കുന്നതിലേക്കായി പുതുതായി വിജിലൻസ് കോടതി സ്ഥാപിക്കുന്നതും വിജിലൻസിലെ റെയ്ഞ്ച് സംവിധാനം പുനഃക്രമീകരിക്കുന്നതും പരിഗണനയിലാണ്.
കോടതികൾ

സംസ്ഥാനത്ത് പുതുതായി 56 അതിവേഗ പ്രത്യേക പോക്സോ കോടതികൾ അനുവദിച്ചു. ഇതിൽ 53 എണ്ണത്തിൻറെ പ്രവർത്തനം ആരംഭിച്ചു.

പട്ടികജാതി – പട്ടികവർഗ്ഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ നിയമപ്രകാരമുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് തൃശ്ശൂരും തിരുവനന്തപുരത്തും ഓരോ കോടതികൾ അനുവദിച്ചു.

പുതുതായി 5 കുടുംബകോടതികൾ പ്രവർത്തനമാരംഭിച്ചു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻറെ പ്രർത്തനങ്ങൾ വഴി ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മാധ്യമങ്ങളിലൂടെയും അല്ലാതെയും ഏറ്റവും ഗൗരവത്തോടെ പരിഗണിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും സർക്കാരിന് കഴിയുന്നുണ്ട്. ജനകീയ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ വകുപ്പിൻറെ ഫീഡ്ബാക്ക് സംവിധാനം എല്ലാ വകുപ്പുകളുമായും ഏകോപിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

കേരളത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ സംസ്ഥാനത്തിന് പുറത്ത് ബോധപൂർവം പരത്താൻ ശ്രമങ്ങളുണ്ടാകുമ്പോൾ സംസ്ഥാനത്തിൻറെ വികസനരംഗത്തെ മുന്നേറ്റങ്ങളും മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളും കേരളത്തിനകത്തും പുറത്തും വിപുലമായ അർഥത്തിൽ പ്രചരിപ്പിക്കാൻ വകുപ്പ് ശ്രമിക്കുന്നുണ്ട്. സർക്കാരിൻറെ ക്ഷേമപ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും ജനങ്ങൾ നേരിട്ട് അറിയുമ്പോൾ തന്നെ, തെറ്റായ പ്രചാരണങ്ങളിൽ കുടുങ്ങി ജനാധിപത്യ ഭരണസംവിധാനങ്ങളുടെ വിശ്വാസചോർച്ച സംഭവിക്കാതിരിക്കാൻ പി.ആർ.ഡി വകുപ്പിൻറെ കീഴിൽ മികച്ചരീതിയിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

മറ്റ് സംസ്ഥാനങ്ങളെക്കാൾ കുറഞ്ഞ പണം മാത്രം വിനിയോഗിച്ച് സാധ്യമാകുന്ന മാർഗങ്ങളിലൂടെയാണ് കേരളം അതിൻറെ പാരമ്പര്യവും വികാസവും പ്രചരിപ്പിക്കുന്നത്.

കഴിഞ്ഞ നവംബറിൽ ന്യൂദൽഹിയിൽ നടന്ന ഇന്ത്യ ഇൻറർനാഷനൽ ട്രേഡ് ഫെയറിൽ കേരളത്തിനായിരുന്നു സ്വർണമെഡൽ. റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെ ഒഴിവാക്കാനാവാത്ത സ്ഥിതി ഇപ്പോൾ ഉണ്ടാവുകയും ചെയ്തു. മാധ്യമപ്രവർത്തകർക്കായി ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ പദ്ധതികൾ നടപ്പാക്കി വരുന്നു.

ഈ രംഗത്തെ ക്ഷേമപ്രവർത്തനങ്ങൾ പഠിക്കാൻ മറ്റ് സംസ്ഥാനങ്ങൾ തയ്യാറാകുന്നു എന്ന പ്രത്യേകത നിലനിൽക്കുന്നുണ്ട്. മാധ്യമങ്ങളുടെ പിന്തുണയോടെ മാധ്യമ മേഖലയിലെ ജീവനക്കാരുടെ പെൻഷൻ വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നു. ഇതിനായി പ്രത്യേക പെൻഷൻ ഫണ്ട് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നു. പെൻഷൻ ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള നടപടികൾ ഉടനെ പൂർത്തിയാക്കും, കൂടുതൽ പേരെ പദ്ധതിയിൽ ഉൾപ്പെടുത്താൻ ഇതുവഴി കഴിയും. പെൻഷൻ ഫണ്ട് രൂപീകരിച്ചാലുടൻ പെൻഷൻ വർധനയുടെ കാര്യത്തിലും പെൻഷൻ കുടിശ്ശികയുടെ കാര്യത്തിലും പ രിഹാരമുണ്ടാക്കാൻ കഴിയും. മാധ്യമങ്ങൾക്ക് പരസ്യയിനത്തിൽ നൽകാനുള്ള കുടിശ്ശിക തുക അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിലൂടെ കൊടുക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.

എല്ലാ ജില്ലകളിലും എൻറെ കേരളം എന്ന പേരിൽ കഴിഞ്ഞ വർഷം നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ പ്രദർശന ങ്ങളിലൂടെ കേരളത്തിൻറെ വളർച്ച അടയാളപ്പെടുത്തുന്ന തോടൊപ്പം വിഭവങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും വിപണി കണ്ടെത്താനും കഴിയുന്നു. കാലാനുസൃതമായ പരിഷ്കരണങ്ങൾ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്നു. വിവിധ വകുപ്പുകളുടെ ബോധവത്കരണ പ്രചാരണ പരിപാടികളെ കോർത്തിണക്കാനും കാര്യക്ഷമമാക്കാനും വകുപ്പിലെ ഐ.ഇ.സി വിഭാഗം വഴി വരുന്ന സാമ്പ ത്തിക വർഷം മുതൽ പ്രത്യേക പദ്ധതി തയാറാക്കുന്നുണ്ട്.

‘ഇന്ത്യയിൽ ക്രൈം റേറ്റ് കൂടിയ സംസ്ഥാനമാണ് കേരളം’ എന്ന ഒരു പൊതുപ്രസ്താവന എല്ലാ യുഡിഎഫ് എംഎൽഎമാരും ആവർത്തിച്ചുകണ്ടു.

ക്രൈം റേറ്റ് കൂടുന്നു എന്ന് പറയുമ്പോൾ അതിൻറെ സാമാന്യയുക്തി എന്തെന്ന് നമ്മൾ മനസ്സിലാക്കണ്ടേ?

കേരളത്തിൽ പൊലീസ് സംവിധാനം കൂടുതൽ മെച്ചപ്പെട്ടതും ഫലപ്രദവുമായതുകൊണ്ട് കേസുകൾ കൂടുതൽ രെജിസ്റ്റർ ചെയ്യപ്പെടുന്നു. നിയമസാക്ഷരതയും അവബോധവും കൂടുതലുള്ളതിനാൽ ഇവിടെ കേസുകൾ ഉത്തരേന്ത്യൻ സംസ്ഥാങ്ങളിലേതുപോലെ രെജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്നില്ല. പൊലീസ് തന്നെ ഇടപെട്ട് കേസുകൾ രെജിസ്റ്റർ ചെയ്യാതെ പോകുന്ന എത്ര സംഭവങ്ങളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നത്. ഇതൊക്കെ സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാവുന്ന കാര്യമല്ലേ ഇത്?

ഫയർ ഫോഴ്സ്

നാട് നേരിടുന്ന എല്ലാ ദുരിതങ്ങളുടെയും മുന്നിൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയും വിധം ഫയർഫോഴ്സിനെ ആധുനിക വൽക്കരിക്കാനും കാര്യക്ഷമമാക്കുവാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.

ജയിൽ

ജനങ്ങളെ കൽത്തുറങ്കിൽ അടച്ച് പീഡിപ്പിക്കുന്ന ജയിലറകൾക്ക് പകരം കുറ്റം ചെയ്തവരെ മനപരിവർത്തനം നടത്താൻ സാമൂഹ്യ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും കഴിയുന്ന തിരുത്തൽ കേന്ദ്രങ്ങളായി മാറ്റിയെടുക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്.

ആധുനിക രീതിയിലുള്ള സംവിധാനങ്ങളും സംങ്കേതങ്ങളും ഉപയോഗിച്ച് പ്രിൻറിംഗ് ആൻറ് സ്റ്റേഷനറി വകുപ്പുകൾ കൂടുതൽ മികവുറ്റ സേവനം ലഭ്യമാക്കുന്ന വിധമുള്ള പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നത്. ഇതിൻറെ ഭാഗമായി വകുപ്പിൻറെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഉന്നത വിദ്യാഭ്യാസ വകുപ്പിൻറെ ഭാഗമായി രുന്ന പ്രിൻറിംഗ്/സ്റ്റേഷനി വകുപ്പിനെ സ്റ്റോർ പർച്ചേസ് വകുപ്പിൻറെ കീഴിൽ കൊണ്ടു വന്നിട്ടുണ്ട്. ഗവ. പ്രസ്സുകളുടെ പ്രവർത്തനം ആധുനിക വൽക്കരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പച്ചക്കറി കൊണ്ടുവന്ന വാഹനത്തിൽ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ട ജയിൽ സൂപ്രണ്ടിനെ സർവ്വീസിൽ നിന്നും സസ്പെൻറ് ചെയ്യുകയും സംഭവത്തെക്കുറിച്ച് ആഭ്യന്തര വകുപ്പ് നേരിട്ട് അന്വേഷണം നടത്തിവരികയുമാണ്.

Related posts

മീൻമുട്ടി പാലത്തിൽ അപകടം: മൂന്നംഗ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞു, അമ്മ മരിച്ചു; അച്ഛനും മകനും ഗുരുതര പരിക്ക്

Aswathi Kottiyoor

കൊല്ലത്ത് ഉത്സവ പറമ്പിൽ 10 വയസ്സുകാരന് നേരെ ലൈംഗികാതിക്രമം; 26കാരൻ പിടിയിൽ

Aswathi Kottiyoor

നവജാതശിശുവിനെ നാലര ലക്ഷത്തിന് വിറ്റു, അച്ഛനും നാല് വനിതാ ഇടനിലക്കാരും പിടിയിൽ, അമ്മയെയും അറസ്റ്റ് ചെയ്യും

Aswathi Kottiyoor
WordPress Image Lightbox