ഇ-പോസ് മെഷീൻ തകരാറിലായതിനെത്തുടർന്ന് റേഷൻ വിഹിതം പലർക്കും വാങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ഫെബ്രുവരിയിലെ റേഷൻ വിതരണം ശനിയാഴ്ചവരെ നീട്ടി.
മെഷീൻ തകരാറിലായതിനെത്തുടർന്ന് 75 ശതമാനത്തോളം പേർ മാത്രമാണ് ഇന്നലെ വൈകുന്നേരം വരെ റേഷൻ വാങ്ങിയത്. ഇതേത്തുടർന്നാണ് നാലു ദിവസത്തേക്കു കൂടി ഫെബ്രുവരിയിലെ റേഷൻ വിതരണം ചെയ്യാൻ മന്ത്രി ജി.ആർ. അനിൽ നിർദേശം നൽകിയത്.
ഇന്നുമുതൽ റേഷൻകട പ്രവർത്തനത്തിലെ ഷിഫ്റ്റ് സന്പ്രദായം അവസാനിപ്പിച്ച് പഴയ സന്പ്രദായത്തിലേക്കു മടങ്ങും. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം നാലു മുതൽ ഏഴുവരെയും റേഷൻകട പ്രവർത്തിക്കും.
ഷിഫ്റ്റ് സന്പ്രദായം പൊതുജനങ്ങൾക്കു റേഷൻ വിഹിതം കൈപ്പറ്റുന്നതിനു കാലതാമസം നേരിടുന്നതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് സമയ മാറ്റം വരുത്തിയത്. വേനൽ കടുത്തതോടെ മുൻവർഷങ്ങളിലേതുപോലെ റേഷൻകടകളുടെ പ്രവർത്തനസമയം പുനഃക്രമീകരിച്ചതായി മന്ത്രി അറിയിച്ചു.