കെഎസ്‌ആർടിസി വിദ്യാർഥികളുടെ യാത്രാകൺസഷൻ പരിഷ്‌കരിക്കുന്നു. വിദ്യാർഥി കൺസഷൻ നൽകാനുള്ള പരമാവധി പ്രായപരിധി 25 വയസ്സാക്കി. പെൻഷൻകാരായ പഠിതാക്കൾ, പ്രായപരിധി ബാധകമല്ലാത്ത റഗുലർ കോഴ്സ് പഠിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് യാത്രാ ഇളവില്ല.
സർക്കാർ, അർധ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾ, സ്പെഷ്യൽ സ്കൂളുകൾ, സ്പെഷ്യലി ഏബിൾഡ് ആയ വിദ്യാർഥികൾ എന്നിവർക്ക് നിലവിലെ രീതി തുടരും. സർക്കാർ, അർധ സർക്കാർ കോളേജുകൾ, സർക്കാർ, അർധ സർക്കാർ പ്രൊഫഷണൽ കോളേജുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ മാതാപിതാക്കൾ ആദായ നികുതി നൽകുന്നവരാണെങ്കിൽ കൺസഷനുണ്ടാകില്ല.
സ്വാശ്രയകോളേജ്, സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിലെയും ബിപിഎൽ പരിധിയിൽ വരുന്ന കുട്ടികൾക്കായി നിലവിലെ കൺസഷൻ രീതി തുടരും. സ്വാശ്രയ കോളേജ്, സ്വകാര്യ അൺ എയ്ഡഡ്, റെക്കഗനൈസ്ഡ് സ്കൂളുകൾ എന്നിവ യഥാർഥ ടിക്കറ്റ് നിരക്കിന്റെ 35 ശതമാനം തുക വിദ്യാർഥിയും 35 ശതമാനം തുക മാനേജ്മെന്റും നൽകണം. യാത്രാ നിരക്കിന്റെ 30 ശതമാനം ഇളവ് അനുവദിക്കും. ഉത്തരവ് ജൂൺ മുതൽ പ്രാബല്യത്തിലാകും.
വിവിധ സൗജന്യങ്ങളുടെ ഭാഗമായി 2016 വർഷം മുതൽ 2020 വർഷം വരെ കെഎസ്‌ആർടിസിക്ക് 966.31 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിട്ടുണ്ടെന്നും സിഎംഡി ബിജു പ്രഭാകറിന്റെ നിർദേശത്തിൽ പറയുന്നു.