ഗുജറാത്ത് വംശഹത്യയില്‍ വെന്തില്ലാതായ കോണ്‍ഗ്രസ് എംപി ഏഹ്‌സാന്‍ ജാഫ്രിയുടെ ഓര്‍മദിനം ഫേസ്ബുക്കില്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഏഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നിയമപോരാട്ടം തുടങ്ങിയിട്ട് ഇരുപതുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ജഫ്രിയുടെ ഓര്‍മ്മദിനമാണ് ഇന്ന്. ഗുജറാത്ത് വംശഹത്യയില്‍ ആ ജീവന്‍ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു- മുഖ്യമന്ത്രി എഴുതുന്നു
2002 ഫെബ്രുവരി 28 ന് സംഘപരിവാര്‍ കലാപകാരികള്‍ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി ആക്രമിച്ചപ്പോള്‍ ഏഹ്‌സാന്‍ ജഫ്രിയുടെ വീട്ടിലേക്കാണ് കോളനി നിവാസികള്‍ അഭയം തേടിയെത്തിയത്. പ്രാണരക്ഷാര്‍ത്ഥം തന്റെ വീട്ടിലേക്കോടിയെത്തിയവരെ രക്ഷിക്കാനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും ചെറുവിരലനക്കാന്‍ ഭരണകൂടം തയ്യാറായില്ല. തുടര്‍ന്ന് സംഘപരിവാര്‍ നടത്തിയ തീവെപ്പില്‍ ജഫ്രിയുള്‍പ്പെടെ 69 പേര്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വെന്തുമരിക്കുകയായിരുന്നു. വംശഹത്യാക്കാലത്ത് ഗുജറാത്തില്‍ അരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കണ്ടത്