സംസ്ഥാനാന്തര പൈലറ്റ് ഡ്യൂട്ടി ഒഴികെ എല്ലാ ജോലികൾക്കും വനിതാ സിവിൽ എക്സൈസ് ഉദ്യോഗസ്ഥരെ നിയോഗിക്കാൻ വകുപ്പിലെ വനിതാ ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച കമ്മിഷന്റെ ശുപാർശ. വനിതകൾ അവരെ ഏൽപിക്കുന്ന ചുമതലകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും അതിനാൽ കൂടുതൽ ഡ്യൂട്ടികളിലേക്കു നിയോഗിക്കണമെന്നുമാണു കമ്മിഷൻ അറിയിച്ചത്. റിപ്പോർട്ടിലെ ശുപാർശകൾ സംബന്ധിച്ചു സംസ്ഥാന എക്സൈസ് അക്കാദമി ഡയറക്ടർ മാർഗനിർദേശങ്ങൾ തയാറാക്കി സമർപ്പിച്ചു
റിപ്പോർട്ടിലെ മറ്റു ശുപാർശകൾ: വനിതാ കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും ദേഹപരിശോധന നടത്താനും വനിതാ ഉദ്യോഗസ്ഥരെ മാത്രമേ നിയോഗിക്കാവൂ. സംസ്ഥാനാന്തര പൈലറ്റ് ഡ്യൂട്ടി മാത്രം തൽക്കാലം വനിതകളെ ഏൽപിക്കേണ്ട. പരിചയമില്ലാത്ത ഡ്രൈവർമാർക്കൊപ്പം ഏറെ ദൂരം യാത്ര ചെയ്യേണ്ടി വരുമെന്നതു കണക്കിലെടുത്താണിത്. ഡ്രൈവർ ഡ്യൂട്ടി ഉൾപ്പെടെ മറ്റെല്ലാ ജോലികൾക്കും നിയോഗിക്കാം.