സംസ്ഥാനത്ത് 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ താൽക്കാലിക പെർമിറ്റ് പുതുക്കി നൽകേണ്ടെന്ന ഗതാഗത വകുപ്പിന്‍റെ തീരുമാനം മാർച്ച് ഒന്നിന് നിലവിൽ വരും. കെ.എസ്.ആർ.ടി.സിക്ക് ഗുണകരവും യാത്രക്കാർക്കും സ്വകാര്യ ബസുടമകൾക്കും തിരിച്ചടിയുമായേക്കാവുന്ന തീരുമാനം പിൻവലിപ്പിക്കാൻ വൻസമ്മർദമാണ് ഗതാഗത വകുപ്പിനുമേലുള്ളത്. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിന് മേൽ സർവിസ് നടത്താൻ അനുമതി നൽകേണ്ടെന്ന തീരുമാനം 2014 ലാണ് ഹൈകോടതി നിർദേശപ്രകാരം സർക്കാർ എടുക്കുന്നത്. സംസ്ഥാനത്ത് 140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റുനൽകാൻ കേരള മോട്ടോർ വാഹന ചട്ടങ്ങൾ അനുവദിക്കുന്നില്ല.
പിന്നീട്, 2022 ഒക്ടോബറിൽ റൂട്ട് ദേശസാത്കരണം സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിലെ കാലതാമസവും ഗതാഗത ക്ലേശവും പരിഗണിച്ച് 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് നാലു മാസത്തേക്ക് താൽക്കാലിക പെർമിറ്റ് അനുവദിക്കുകയായിരുന്നു. ഇതിന്‍റെ കാലാവധിയാണ് 2023 ഫെബ്രുവരി 28ന് അവസാനിക്കുന്നത്.